തിരുവനന്തപുരം: ലോക നാളികേര ദിനത്തോടനുബന്ധിച്ചുള്ള ദേശീയതല ആഘോഷം നാളെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡും കേരള സംസ്ഥാന കൃഷിവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം നാളികേര കർഷകർ പരിപാടിയിൽ പങ്കെടുക്കും.
*തിരുവനന്തപുരം മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദേശീയതല ആഘോഷം മുഖ്യമന്ത്രി വി. ഡി. സതീശൻ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും.* കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷി–കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും പ്രത്യേക പ്രഭാഷണം നടത്തുകയും നാളികേര വികസന ബോർഡിന്റെ ദേശീയ നാളികേര അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, റവന്യൂ മന്ത്രി എ. പി. അനിൽകുമാർ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം. കെ. രാഘവൻ, സി. സദാനന്ദൻ മാസ്റ്റർ, നാളികേര വികസന ബോർഡ് ചെയർമാൻ സുബ നാഗരാജൻ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ മിൻഹാജ് ആലം ഐ.എ.എസ്., കേന്ദ്ര ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര–സംസ്ഥാന സർക്കാർ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, കർഷക സംഘടനകൾ, സംരംഭകർ, നാളികേര മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരും പരിപാടിയുടെ ഭാഗമാകും.
“Coconuts in Times of Uncertainty: Securing Food, Energy, and Livelihoods” എന്നതാണ് ഈ വർഷത്തെ ലോക നാളികേര ദിന പ്രമേയം. കാലാവസ്ഥാപരവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും ഊർജസുരക്ഷയ്ക്കും സുസ്ഥിര ഉപജീവനത്തിനും നാളികേരത്തിനുള്ള പ്രാധാന്യമാണ് പ്രമേയം ഉയർത്തിക്കാട്ടുന്നത്.
നാളികേര മേഖലയിലെ മികച്ച നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ദേശീയ നാളികേര അവാർഡുകളും വേദിയിൽ സമ്മാനിക്കും. നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, ഉൽപാദനക്ഷമത വർധിപ്പിക്കൽ, മൂല്യവർധന, നാളികേര സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനം എന്നിവയിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്നതിനൊപ്പം മേഖലയിലെ പുതിയ മാതൃകകൾ പ്രോത്സാഹിപ്പിക്കുകയുമാണ് അവാർഡുകളുടെ ലക്ഷ്യം.
ആഘോഷങ്ങളുടെ ഭാഗമായി നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, സംസ്കരണ രീതികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. നാളികേര മൂല്യശൃംഖലയിലെ പുതിയ സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, സംരംഭകത്വ–വിപണി സാധ്യതകൾ എന്നിവ കർഷകർക്കും സംരംഭകർക്കും പരിചയപ്പെടുന്നതിനുള്ള വേദിയായിരിക്കും പ്രദർശനം.
ലോക നാളികേര ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കേരോത്സവം 2026 എന്ന പേരിൽ തെങ്ങിൻതൈ നടീൽ, കർഷക പരിശീലനം, കർഷകയോഗങ്ങൾ, നാളികേര കൃഷി വികസനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ തെങ്ങിൻതൈ നടീൽ പരിപാടികളും നടത്തും.
ദേശീയതല പരിപാടിയുടെ ഭാഗമായി കർഷകർക്കായുള്ള പരിശീലന പരിപാടികൾക്കു പുറമെ ഉച്ചയ്ക്ക് ശേഷം നാളികേര മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, വിദഗ്ധർ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരെ ഉൾപ്പെടുത്തി Stakeholders Meeting സംഘടിപ്പിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് യോഗത്തിന് അധ്യക്ഷത വഹിക്കും. നാളികേര മേഖലയുടെ സമഗ്ര വികസനം, ഉൽപാദനക്ഷമത വർധന, മൂല്യവർധന, സംസ്കരണം, വ്യവസായ–വിപണി സാധ്യതകൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
