കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം പുതിയ മുന്നേറ്റത്തിലേക്ക്: എ.ഐ.എഫ്. പരമാവധി പ്രയോജനപ്പെടുത്തണം – കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്1 min read

 

മൂല്യവർധന, ആധുനിക സാങ്കേതികവിദ്യ, കാർഷിക സംരംഭകത്വം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ; ‘അഗ്രി മാർക്കറ്റിംഗ് ബിസിനസ് ഡെവലപ്മെന്റ് ഡിവിഷൻ’ രൂപീകരിക്കും

കോഴിക്കോട്: കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള സംസ്കരണം, മൂല്യവർധന, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്തിയാലേ കാർഷിക മേഖലയെ യഥാർഥ അർഥത്തിൽ സ്വയംപര്യാപ്തമാക്കാൻ കഴിയൂവെന്നും അതിനായി അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020-ൽ ആരംഭിച്ച എ.ഐ.എഫ്. പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുന്നതിനും കൂടുതൽ കാർഷിക സംരംഭകർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുമാണ് സംസ്ഥാന കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, പാക്കിംഗ്, സംഭരണം, വിപണനം, കയറ്റുമതി, കോൾഡ് സ്റ്റോറേജ്, കൂളിംഗ് ചേമ്പറുകൾ, ഗ്രേഡിംഗ് സംവിധാനങ്ങൾ, സൈലോകൾ, കാർഷിക യന്ത്രവത്കരണം തുടങ്ങി കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിന്റെ വിവിധ മേഖലകൾക്ക് എ.ഐ.എഫ്. നിർണായക പിന്തുണ നൽകുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയെ കൂടുതൽ മത്സരക്ഷമവും ലാഭകരവുമാക്കാൻ ഇത്തരം നിക്ഷേപങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ., ഡ്രോണുകൾ, ഐ.ഒ.ടി. തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ കാർഷിക മേഖലയിലേക്ക് വ്യാപകമായി കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ കൃഷിരീതികളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഐ.എഫ്. പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപ വരെ ഈടില്ലാത്ത വായ്പ, ക്രെഡിറ്റ് ഗ്യാരന്റി, പലിശ ഇളവ്, രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷം വരെ തിരിച്ചടവ് സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു.
2020 മുതൽ കേരളത്തിന് 2,520 കോടി രൂപയുടെ എ.ഐ.എഫ്. വിഹിതം അനുവദിച്ചിട്ടുണ്ടെന്നും ഇതുവരെ 1,734 കോടി രൂപയുടെ പദ്ധതികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളാണ് പദ്ധതിയുടെ പ്രയോജനപ്പെടുത്തലിൽ മുന്നിലുള്ളതെന്നും മറ്റ് ജില്ലകളും കൂടുതൽ പദ്ധതികളുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മറ്റ് സംസ്ഥാനങ്ങൾ അനുവദിച്ചതിലുമധികം തുക ഫലപ്രദമായി വിനിയോഗിച്ച് കാർഷിക മേഖലയിൽ വലിയ നിക്ഷേപങ്ങൾ ആകർഷിച്ചിട്ടുണ്ടെന്നും കേരളത്തിനും കൂടുതൽ പദ്ധതികൾ നടപ്പാക്കി കാർഷിക മേഖലയിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ മികച്ച സാധ്യതകളുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രളയവും വരൾച്ചയും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ കർഷകർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സഹകരണ വകുപ്പുമായി ചേർന്ന് പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. ദുരന്തബാധിത കർഷകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും പുനരുജ്ജീവന നടപടികളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാനത്ത് ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ 500 സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. തുടർന്ന് അടുത്ത വർഷം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം സീഡിംഗ് മണി അനുവദിക്കും. പദ്ധതിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.സി.സി., സ്കൗട്ട്സ് മാതൃകയിൽ വെയിറ്റേജ് മാർക്ക് നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്രസഭ 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ വനിതകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി അഞ്ച് വർഷം ദൈർഘ്യമുള്ള ‘കൃഷി സഖി’ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ആദ്യഘട്ടത്തിൽ 350 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനത്തിന് പുതിയ ദിശാബോധം നൽകുന്നതിനായി ‘അഗ്രി മാർക്കറ്റിംഗ് ബിസിനസ് ഡെവലപ്മെന്റ് ഡിവിഷൻ’ രൂപീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കാർഷിക വിപണന സംവിധാനത്തെ കൂടുതൽ പ്രൊഫഷണലും സംരംഭക സൗഹൃദവുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. സിയാൽ മാതൃകയിൽ കാബ്‌കോയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കോൺക്ലേവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന സാങ്കേതിക സെഷനിൽ കൃഷിവകുപ്പ്, KERA, SMAM, APEDA, ദേശീയ ഹോർട്ടികൾച്ചർ ബോർഡ് (NHB), വിവിധ ബാങ്കുകൾ, AIF-PMU എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വായ്പാ സൗകര്യങ്ങൾ, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ വിശദീകരണം നൽകി. സംരംഭകരുടെയും കർഷകരുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
കോൺക്ലേവിന്റെ ഭാഗമായി എ.ഐ.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ. (Detailed Project Report) തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭ്യമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകർ, ബാങ്കുകൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു. ധനസഹായം, അപേക്ഷാ നടപടിക്രമങ്ങൾ, സാങ്കേതിക മാർഗനിർദേശങ്ങൾ, സംരംഭകത്വ സാധ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സ്റ്റാളുകളിലൂടെ പങ്കുവെച്ചു.
ചിങ്ങം ഒന്നിന് എറണാകുളം കളമശ്ശേരിയിലെ ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷവും സംസ്ഥാന കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കർഷകർ, കർഷക ഉൽപ്പാദക സംഘടനകൾ (FPO), സഹകരണ സ്ഥാപനങ്ങൾ, അഗ്രി-സ്റ്റാർട്ടപ്പുകൾ, കാർഷിക സംരംഭകർ, ബാങ്കിംഗ് മേഖലയിലെ പ്രതിനിധികൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. അഡീഷണൽ ഡയറക്ടർ സിന്ധു എസ്. സ്വാഗതവും കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് നന്ദിയും രേഖപ്പെടുത്തി.