കോഴിക്കോട്: കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും കാർഷിക സംരംഭകത്വവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി (Agriculture Infrastructure Fund–AIF) സംസ്ഥാന കോൺക്ലേവ് കോഴിക്കോട് നടന്നു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കോൺക്ലേവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി സാമ്പത്തിക അനുമതി ലഭിച്ച ഗുണഭോക്താക്കൾക്ക് അനുമതി പത്രങ്ങളും കൈമാറി.
കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയുടെ പ്രയോജനങ്ങൾ കൂടുതൽ കർഷകരിലേക്കും കാർഷിക സംരംഭകരിലേക്കും എത്തിക്കുക, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധന, സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കോൺക്ലേവ്.
2020ല്‍ ആരംഭിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നത്, പാക്കിങ്, വിപണനം, കയറ്റുമതി എന്നിവ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന നിര്‍ണായക നിധിയായി എ.ഐ.എഫ് മാറിക്കഴിഞ്ഞു. എ.ഐ.എഫ് പൂര്‍ണ തോതില്‍ വിനിയോഗിക്കാനും കൂടുതല്‍ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് എല്ലാവിധ ബാങ്കിങ് പിന്തുണയും നല്‍കുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യുകയുമാണ്. പദ്ധതി വഴി 2020 മുതല്‍ കേരളത്തിന് അനുവദിക്കപ്പെട്ട തുക 2520 കോടി രൂപയാണ്. ഇതില്‍ 1734 കോടി രൂപയാണ് കേരളം ചെലവഴിച്ചത്. എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് നടന്ന സാങ്കേതിക സെഷനിൽ കൃഷിവകുപ്പ്, KERA, SMAM, APEDA, ദേശീയ ഹോർട്ടിക്കൾച്ചർ ബോർഡ് (NHB), വിവിധ ബാങ്കുകൾ, AIF-PMU എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വായ്പാ സൗകര്യങ്ങൾ, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ വിശദീകരണം നൽകി. സംരംഭകരുടെയും കർഷകരുടെയും സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുകയും ചെയ്തു.
വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോണ്‍ക്ലേവ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന കതിര് പദ്ധതി ആദ്യവര്‍ഷം 500 സ്‌കൂളുകളില്‍ ആരംഭിക്കും. പിന്നീട് മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡല്‍ അധ്യാപകര്‍, ബാക്ക് അപ് ടീം, 10,000 രൂപ സീഡിങ് മണി എന്നിവ ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ‘വനിത സഖി’ എന്ന പേരില്‍ വനിത കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.
AIF പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ. (Detailed Project Report) തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും കോൺക്ലേവിൽ ലഭ്യമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകർ, ബാങ്കുകൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു. പദ്ധതിയുടെ ധനസഹായം, അപേക്ഷാ നടപടിക്രമങ്ങൾ, സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളുകളിൽനിന്ന് ലഭ്യമാക്കി.
കർഷകർ, കർഷക ഉൽപ്പാദക സംഘടനകൾ (FPO), സഹകരണ സ്ഥാപനങ്ങൾ, അഗ്രി-സ്റ്റാർട്ടപ്പുകൾ, കാർഷിക സംരംഭകർ, ബാങ്കിംഗ് മേഖലയിലെ പ്രതിനിധികൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു.
കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനും AIF പദ്ധതി നൽകുന്ന സാധ്യതകൾ കർഷകരിലേക്കും സംരംഭകരിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിന് കോൺക്ലേവ് വഴിയൊരുക്കി. അഡിഷണൽ ഡയറക്ടർ സിന്ധു സ്വാഗതവും കോഴിക്കോട്
പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് നന്ദിയും രേഖപ്പെടുത്തി.
