റാങ്കുകളുടെ പൊൻതിളക്കത്തിൽ പത്തനാപുരം സെൻ്റ് സ്റ്റീഫൻസ്; എം.എസ്‌സി പരീക്ഷയിൽ ഒന്നാം റാങ്കടക്കം നാല് റാങ്കുകൾ1 min read

 

പത്തനാപുരം: കേരള സർവകലാശാല നടത്തിയ എം.എസ്‌സി പരീക്ഷകളിൽ ഒന്നാം റാങ്കടക്കം നാല് റാങ്കുകൾ സ്വന്തമാക്കി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിന് അഭിമാനനേട്ടം. എം.എസ്‌സി സുവോളജിയിലാണ് ആദ്യ റാങ്കുകൾ കോളേജ് കരസ്ഥമാക്കിയത്. ഇതിനുപുറമെ എം.എസ്‌സി ബോട്ടണിയിൽ മൂന്നാം റാങ്കും നേടി കോളേജ് അക്കാദമിക മികവ് തെളിയിച്ചു.
എം.എസ്‌സി സുവോളജിയിൽ 1800-ൽ 1740.25 മാർക്ക് നേടിയ ഫൗസിയ ആർ. ആണ് ഒന്നാം റാങ്ക് എന്ന മികച്ച നേട്ടം കോളേജിലെത്തിച്ചത്. ഇതേ വിഷയത്തിൽ 1720 മാർക്കോടെ ദേവിക എസ്. മൂന്നാം റാങ്കും, 1712.25 മാർക്കോടെ അഞ്ജന എസ്. നാലാം റാങ്കും കരസ്ഥമാക്കി. എം.എസ്‌സി ബോട്ടണിയിൽ 1562.75 മാർക്ക് നേടിയ അശ്വിൻ ജെ. ആണ് മൂന്നാം റാങ്കിന് അർഹനായത്.
വിദ്യാർഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ മാർഗനിർദേശങ്ങളും മികച്ച പഠനാന്തരീക്ഷവുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്ന് കോളേജ് അധികൃതർ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ ആശ്രമത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ വിവിധ സർട്ടിഫിക്കേറ്റ് കോഴ്‌‌സുകൾക്ക് പുറമെ എട്ട് ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളും മൂന്ന് ഗവേഷണ വിഭാഗങ്ങളുമാണ് നിലവിലുള്ളത്.
അത്യാധുനിക രീതിയിലുള്ള ഗവേഷണ ലാബുകൾ, ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമുകൾ, ജന്തുശാസ്ത്ര മ്യൂസിയം, ജിംനേഷ്യം, മൾട്ടിമീഡിയ സെമിനാർ ഹാളുകൾ, പ്ലേസ്മെന്റ് സെൽ എന്നിവ കോളേജിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്. ബിരുദാനന്തര പഠനത്തോടൊപ്പം ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രായോഗിക പഠനത്തിനും നൽകിവരുന്ന പ്രത്യേക പരിഗണന വിദ്യാർഥികളുടെ അക്കാദമിക മികവിന് കരുത്തേകുന്നു.
പഠനരംഗത്ത് മാത്രമല്ല, കായിക രംഗത്തും മികച്ച സംഭാവനകളാണ് കോളേജ് നൽകിവരുന്നത്. സ്പോർട്‌സിൽ, പ്രത്യേകിച്ച് വോളിബോളിൽ നിരവധി അന്തർദേശീയ താരങ്ങളെ വാർത്തെടുക്കാൻ സെന്റ് സ്റ്റീഫൻസിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
കേരള സർവകലാശാലാ തലത്തിൽ ഉന്നത വിജയം കൈവരിച്ച് കോളേജിന്റെ യശസ്സുയർത്തിയ വിദ്യാർഥികളെ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും ജീവനക്കാരും അഭിനന്ദിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ മികവും പുതിയ റാങ്ക് നേട്ടങ്ങളും ഒത്തുചേരുമ്പോൾ പത്തനാപുരത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് കൂടുതൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്.