മലയാളഭാഷയ്ക്കും സാഹിത്യത്തിനും തന്റെ ജീവിതത്തിലെ അരനൂറ്റാണ്ടിലേറെക്കാലം സമർപ്പിച്ച മഹാപണ്ഡിതനും സാഹിത്യകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. നിരൂപകൻ, ഭാഷാപണ്ഡിതൻ, സാഹിത്യചരിത്രകാരൻ, കഥാകൃത്ത്, ജീവചരിത്രകാരൻ എന്നീ നിലകളിൽ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം തന്റെ കാലഘട്ടത്തിലെ ആധികാരികതയുള്ള പണ്ഡിതരിൽ ഒരാളായി നിറഞ്ഞുനിന്നു.
1896 ആഗസ്റ്റ് 23-ന് കൊച്ചിയിലെ വൈപ്പിൻകരയിലെ പള്ളിപ്പുറത്ത് അമ്പലപ്പറമ്പിൽ ദാമോദര ഷേണായിയുടെയും ലക്ഷ്മീഭായിയുടെയും മകനായാണ് ഹരിശർമ്മ ജനിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തോട് പിതാവിന് അനുഭാവമില്ലാതിരുന്നതിനാൽ അദ്ദേഹത്തെ സ്കൂളിൽ അയച്ചില്ല. വീട്ടിൽവെച്ചുതന്നെ സംസ്കൃതം പഠിപ്പിച്ചു. തുടർന്ന് പറവൂർ രാമശാസ്ത്രികളുടെ കീഴിൽ സംസ്കൃതത്തിൽ ഉപരിപഠനം നടത്തി. ഏകദേശം പതിനെട്ടാം വയസ്സുവരെ ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം മുന്നോട്ടുപോയത്.
1915-ൽ സഹോദരൻ ആർ. സി. ശർമ്മയോടൊപ്പം തിരുവനന്തപുരത്തെത്തി സംസ്കൃത മുൻഷി പരീക്ഷയും കൊച്ചി സർക്കാരിന്റെ പണ്ഡിറ്റ് പരീക്ഷയും മദ്രാസ് സർവകലാശാലയുടെ വിദ്വാൻ പരീക്ഷയും വിജയിച്ചു. മുൻഷി പരീക്ഷ ജയിച്ച ഉടൻ തന്നെ ചേർത്തല സി.എം.എസ്. ഹൈസ്കൂളിൽ സംസ്കൃത അധ്യാപകനായി നിയമിതനായി. കുട്ടികളുടെ എണ്ണം കുറവായിരുന്നതിനാൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ മലയാളവും പഠിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
എഴുത്തുകാരനായ ഹരിശർമ്മയുടെ തുടക്കം പത്രപ്രവർത്തനത്തിലൂടെയായിരുന്നു. പ്രാദേശിക വാർത്തകൾ എഴുതി അയച്ചുകൊണ്ടാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സുജനമിത്ര’യിലും തിരൂരിൽനിന്നുള്ള ‘മലബാറി’യിലും അദ്ദേഹം എഴുതിയിരുന്നു. പിന്നീട് ‘ ഭാഷാപോഷിണി’, ‘മലയാള മനോരമ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതി.
അക്കാലത്ത് മലയാളഭാഷയും സാഹിത്യവും വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന ജീവചരിത്രരചനാ മേഖലയാണ് ഹരിശർമ്മ തന്റെ പ്രധാന പ്രവർത്തനമേഖലയായി തിരഞ്ഞെടുത്തത്. ജീവചരിത്രപ്രസ്ഥാനത്തിൽ അദ്ദേഹം ആദ്യം രചിച്ച കൃതി ‘ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ’ ആയിരുന്നു. തുടർന്ന് ‘കവനകൗമുദി’യുടെ പത്രാധിപരും ‘രുക്മാംഗദചരിതം’, ‘വിജയോദയം’ എന്നീ കൃതികളുടെ കർത്താവുമായ പന്തളം കേരളവർമ്മയെക്കുറിച്ചും ജീവചരിത്രം രചിച്ചു.
മഹാകവി ഉള്ളൂർ, കെ. സി. കേശവപിള്ള തുടങ്ങിയവരുടെയും ജീവചരിത്രങ്ങൾ അദ്ദേഹം എഴുതി. മലയാള മനോരമയുടെ സ്ഥാപക പത്രാധിപരായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ജീവചരിത്രവും അദ്ദേഹം രചിച്ചു. ആധുനിക മലയാളഗദ്യത്തിന്റെ പിതാവായ കേരളവർമ്മ വലിയ കോയിത്തമ്പുരാനെയും കേരളപാണിനിയായ എ. ആർ. രാജരാജവർമ്മയെയും സമഗ്രമായി പരിചയപ്പെടുത്തുന്ന ‘രണ്ടു സാഹിത്യനായകന്മാർ’ എന്ന കൃതിയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനയാണ്.
ജീവചരിത്രപ്രബന്ധങ്ങളുടെ സമാഹാരമായ ‘സാഹിത്യാചാര്യ പരമ്പര’യിലെ ആദ്യഗ്രന്ഥവും ഹരിശർമ്മയുടേതാണ്. സാഹിത്യവിമർശനരംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമായിരുന്നു. ‘പണ്ഡിതസദസ്സ്’, ‘മിശ്രകാന്തി’, ‘സാഹിത്യസമീക്ഷ’, ‘സുവർണരശ്മികൾ’ തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം സാഹിത്യചർച്ചകൾക്ക് പുതിയ മാനം നൽകി.
‘പണ്ഡിതസദസ്സ്’ എന്നത് പി. കെ. നാരായണ പിള്ള, സി. വി. കുഞ്ഞുരാമൻ, മൂർക്കോത്ത് കുമാരൻ, ഐ. സി. ചാക്കോ, എ. ഡി. ഹരിശർമ്മ എന്നിവർ കുമാരനാശാനെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്.
ഹരിശർമ്മ രചിച്ച പ്രധാന സാഹിത്യവിജ്ഞാന ഗ്രന്ഥങ്ങളാണ് ‘നാടകപ്രവേശിക’യും ‘മലയാളസാഹിത്യവും’. സഹോദരനായ രാമചന്ദ്രശർമ്മയുമായി ചേർന്ന് രചിച്ച കൃതിയാണ് ‘നാടകപ്രവേശിക’. മലയാളത്തിൽ നാട്യശാസ്ത്രസംബന്ധമായ ഒരു ഗ്രന്ഥത്തിന്റെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച ഈ കൃതി നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. നാട്യകലയുടെ രൂപങ്ങളും നാടകോകരണങ്ങളും, നാടകം, അങ്കം, ഭാണം, വ്യായോഗം, പ്രഹസനം തുടങ്ങിയ ദശരൂപങ്ങൾ, നാന്ദി, പ്രസ്താവന, പഞ്ചസന്ധികൾ, നാടകഭാഷ, നാട്യാഭിനയങ്ങൾ, കഥാവസ്തു തുടങ്ങിയ നാടകത്തിന്റെ പ്രധാന ഘടകങ്ങൾ എന്നിവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.
എഡ്ഗർ വാലസിന്റെ കുറ്റാന്വേഷണ കൃതിയെ അവലംബിച്ച് ഹരിശർമ്മ രചിച്ച കൃതിയാണ് ‘മലഞ്ചരിവിലെ ഭൂതം’. ചെറുകഥാരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഏഴ് കഥകളുടെ സമാഹാരമായ ‘രസികൻകഥകൾ’ അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമായ ‘സുവർണരശ്മികൾ’ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളിൽ പ്രധാനപ്പെട്ടതാണ്. പല പ്രാചീന കൃതികൾക്കും അദ്ദേഹം അവതാരികകളും പഠനങ്ങളും വ്യാഖ്യാനങ്ങളും എഴുതി. ‘പഴയപാട്ടുകൾ’ എന്ന ഗാനസമാഹാരവും അദ്ദേഹത്തിന്റേതാണ്.
ദീർഘകാലം സമസ്തകേരള സാഹിത്യപരിഷത്തിന്റെ കാര്യദർശിയായി പ്രവർത്തിച്ച ഹരിശർമ്മ കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യപാണ്ഡിത്യത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചു. കാശി മഠാധിപതിയിൽനിന്ന് ‘സാഹിത്യഭൂഷണം’, കൊച്ചി മഹാരാജാവിൽനിന്ന് ‘സാഹിത്യകുശലൻ’, തൃപ്പൂണിത്തുറ വിദ്വൽസദസ്സിൽനിന്ന് ‘സാഹിത്യനിപുണൻ’ എന്നീ ബിരുദങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.
ദേവി.കെ. ലക്ഷ്മീഭായിയായിരുന്നു ഭാര്യ. അദ്ദേഹത്തിന് മക്കൾ ഇല്ലായിരുന്നു.
എ. ഡി. ഹരിശർമ്മയുടെ ‘മഹാകവി കെ. സി. കേശവപിള്ള’ എന്ന ജീവചരിത്രഗ്രന്ഥം എന്റെ ഗ്രന്ഥശേഖരത്തിൽ ഉണ്ട്.
മലയാളഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കാൻ അമ്പതുവർഷത്തിലേറെക്കാലം അക്ഷീണം പരിശ്രമിച്ച ഈ മഹാപണ്ഡിതൻ 1972 സെപ്റ്റംബർ 12-ന് അന്തരിച്ചു.
മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്നത്ര ഓർമ്മിക്കപ്പെടാതെ പോയ ഒരു വലിയ പണ്ഡിതനെയാണ് എ. ഡി. ഹരിശർമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ഭാഷയ്ക്കും സാഹിത്യത്തിനും ജീവിതം സമർപ്പിച്ച ആ മഹനീയ പ്രതിഭയുടെ ഓർമ്മയ്ക്ക് മുന്നിൽ .സ്‌മരണാഞ്ജലികളോടെ..
ബിജുയുവശ്രീ.
2026-09-12
