പത്തനംതിട്ട: സമീപകാലത്തുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഗുരുതരമായ കൃഷിനാശം സംഭവിച്ച തിരുവല്ലയിലെ പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
കുറ്റൂർ, നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെയും പ്രളയബാധിത കൃഷിയിടങ്ങൾ മന്ത്രി സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം നശിച്ച കൃഷിയിടങ്ങൾ, വിവിധ വിളകൾക്കുണ്ടായ നഷ്ടം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവ മന്ത്രി നേരിൽ വിലയിരുത്തി.
നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ ഒട്ടത്തിൽ വീട്ടിൽ ശ്രീമതി അമ്പിളി സി.യുടെ കൃഷിയിടവും മന്ത്രി സന്ദർശിച്ചു. ഈ വർഷം കൃഷി ചെയ്തിരുന്ന 500 വാഴകൾ പ്രളയത്തിൽ നശിച്ചതായി അമ്പിളി മന്ത്രിയെ അറിയിച്ചു. വിളയ്ക്ക് ഇൻഷുറൻസ് എടുത്തിരുന്നതായും അവർ വ്യക്തമാക്കി. കൃഷിനാശത്തിന്റെ വ്യാപ്തിയും തുടർസഹായങ്ങളും സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.
പുളിക്കീഴ് ബ്ലോക്കിൽ നടന്ന കർഷക അവലോകനയോഗത്തിൽ പ്രളയബാധിത മേഖലകളിലെ കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, പുനർകൃഷിക്കുള്ള സഹായം, കൃഷിയിടങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യൽ, വിത്ത്-തൈ വിതരണം, നഷ്ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. കർഷകരെ പ്രതിനിധീകരിച്ച് ഡോ. രഘുനാഥൻ നായർ, പ്രമോദ് രാമചന്ദ്രൻ, അജോയ് കെ., അലക്സ് കുര്യൻ എന്നിവർ സംസാരിച്ചു.
തുടർന്ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ പ്രളയബാധിത കാർഷിക മേഖലയെക്കുറിച്ച് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകനയോഗം ചേർന്നു. ജില്ലയിലെ കൃഷിനാശം, നഷ്ടവിലയിരുത്തൽ പുരോഗതി, വിള ഇൻഷുറൻസ്, കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കർഷകർക്ക് ലഭ്യമാക്കേണ്ട സഹായങ്ങൾ എന്നിവ യോഗം വിശദമായി വിലയിരുത്തി. നഷ്ടവിലയിരുത്തൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഹായവിതരണം കാലതാമസമില്ലാതെ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ സംസാരിച്ച മന്ത്രി, പ്രളയവുമായി ബന്ധപ്പെട്ട വിള അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആർ. (First Information Report) നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷിനാശത്തിന്റെ കൃത്യമായ വിലയിരുത്തലിനും പുനർനടീലിനുമായി സംസ്ഥാനതലത്തിൽ പ്രത്യേക “Crop Loss Assessment & Replanting Special Drive” ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി അർഹരായ എല്ലാ കർഷകരിലേക്കും സഹായങ്ങൾ അതിവേഗം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പ്രളയബാധിത ജില്ലകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രത്യേക അവലോകനയോഗങ്ങൾ ചേർന്ന് അടിയന്തര ഇടപെടലുകൾ നടപ്പാക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കൃഷിനാശം മാത്രമല്ല, കാർഷിക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും സമഗ്രമായി ഉറപ്പാക്കും.
വിള ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത കർഷകരെ പ്രത്യേക ഡ്രൈവിലൂടെ കണ്ടെത്തി, നികുതി അടയ്ക്കാൻ സാധിക്കാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ പോയ സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള വിള ഇൻഷുറൻസ് പദ്ധതിയും സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയും ഇനി മുതൽ എല്ലാ കർഷകരും നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ചില പാടശേഖരങ്ങളിൽ പമ്പ് സെറ്റുകളും മോട്ടോർ ഷെഡുകളും ഉൾപ്പെടെയുള്ള കാർഷിക പൊതുമുതലുകൾക്ക് നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നാശനഷ്ടങ്ങൾ Community Asset Damage Management Programme (CADMP) പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ വിലയിരുത്തി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് (KSDMA) റിപ്പോർട്ട് സമർപ്പിച്ച് അടിയന്തര പുനർനിർമാണ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ബണ്ടുകൾ ശക്തിപ്പെടുത്തേണ്ട സ്ഥലങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി ‘Draining of Flood Water’ ഘടകത്തിൽ ഉൾപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം നാശം സംഭവിച്ച കൃഷിഭൂമികളിൽ മണ്ണ് പരിശോധന നടത്തി പുനരുപയോഗത്തിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പുനർകൃഷി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും നടീൽ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്യും. കർഷകർ ആവശ്യപ്പെടുന്ന നീറ്റുകക്കയുടെ നിലവിലുള്ള ലഭ്യതക്കുറവ് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രളയബാധിത കർഷകർക്ക് സാമ്പത്തിക ആശ്വാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബാങ്ക് പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ കാർഷിക വായ്പകളുടെ റീ-സ്ട്രക്ചറിംഗ്, തിരിച്ചടവിന് അവധി (Repayment Holiday), മൊറട്ടോറിയം എന്നിവ അനുവദിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ വിളനാശ നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ച സർക്കാർ തീരുമാനം പ്രളയബാധിത കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വർഷവും ഡിസംബർ മാസത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാർഷിക മുന്നൊരുക്ക അവലോകനയോഗങ്ങൾ സംഘടിപ്പിക്കും. കനാലുകളിലെ ചെളി നീക്കം ചെയ്ത് നീരൊഴുക്ക് തടസ്സപ്പെടാത്ത വിധം മുൻകരുതൽ പ്രവർത്തനങ്ങൾ ഉറപ്പാക്കും. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കൃഷിഭവനുകൾ സംരക്ഷിക്കുന്നതിനായി RIDF പദ്ധതിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സന്ദർശനത്തിലും അവലോകനയോഗങ്ങളിലും തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമ്മൻ, എം.എൽ.എമാരായ ജെനീഷ് കുമാർ, അഡ്വ. പഴകുളം മധു, അഡ്വ. ശാന്തകുമാർ, അബിൻ വർക്കി എം.എൽ.എയുടെ പ്രതിനിധി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഈപ്പൻ കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ്മ കുര്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സാം ഈപ്പൻ, ജില്ലാ കളക്ടർ ശ്രീ. നിസാമുദീൻ, പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി റെജിമോൾ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
