സംഗീതവും സാഹിത്യവും ഒരുപോലെ ഒത്തുചേർന്ന മഹത്തായ പ്രതിഭയായിരുന്നു മഹാകവി കെ.സി. കേശവപിള്ള. 1868 ഫെബ്രുവരി 3-ന് കൊല്ലം ജില്ലയിലെ പരവൂർ കോതേത്ത് വീട്ടിൽ ലക്ഷ്മിയമ്മയുടെയും തിരുവിതാംകൂറിലെ പാർവത്യകാരായ കോങ്ങാൽവലിയ വെളിച്ചത്ത് വീട്ടിൽ രാമൻപിള്ളയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.
ഈ കുടുംബത്തിലെ പൂർവികനായ സർവാധികാരി ശങ്കരൻ എന്നയാൾക്ക് തിരുവിതാംകൂർ മഹാരാജാവിൽനിന്ന് ചെമ്പകരാമൻ എന്ന പട്ടം ലഭിച്ചിരുന്നു. കണക്ക് ചെമ്പകരാമൻ എന്ന സ്ഥാനപ്പേരിന്റെ ചുരുക്കെഴുത്താണ് കെ.സി. കോതേത്ത് തറവാട്ടിലെ കാരണവർ പരവൂർ അധികാരത്തിന്റെ അധികാരിയായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവളായിരുന്നു കെ.സി. കേശവപിള്ളയുടെ മാതാവായ ലക്ഷ്മിയമ്മ.
പരവൂർ സർക്കാർ പ്രൈമറി സ്കൂളിലായിരുന്നു കെ.സി. കേശവപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് പരവൂരിൽ ഹൈസ്കൂൾ ഇല്ലാതിരുന്നതിനാൽ ഔപചാരിക വിദ്യാഭ്യാസം തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ രാമായണവും ഭാഗവതവും കിളിപ്പാട്ടുകളും ഗൃഹസദസ്സുകളിൽ സംഗീതമാധുര്യത്തോടെ ആലപിച്ചുകൊണ്ട് അദ്ദേഹം അറിവിന്റെയും കലാസ്വാദനത്തിന്റെയും ലോകത്തേക്ക് കടന്നുചെന്നു.
കുട്ടിക്കാലം മുതൽ കഥകളിയോട് അതിയായ ഭ്രമമുണ്ടായിരുന്ന കെ.സി. കേശവപിള്ള, പരവൂരിലും സമീപപ്രദേശങ്ങളിലുമായി അരങ്ങേറുന്ന കഥകളിയെല്ലാം ആവേശത്തോടെ കാണുമായിരുന്നു. ആ കലാസ്നേഹത്തിന്റെ പ്രേരണയിൽ പതിനാലാം വയസ്സിൽ തന്നെ “പ്രഹ്ലാദചരിതം” എന്ന പേരിൽ ഒരു ആട്ടക്കഥ രചിച്ചു.
ഈ ആട്ടക്കഥയുമായി അന്നത്തെ പ്രശസ്തനായിരുന്ന പരവൂർ വി. കേശവനാശാന്റെ അടുത്തെത്തിയ സംഭവം കെ.സി. കേശവപിള്ളയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. നന്നേ ചെറുപ്പത്തിൽ ഇത്രയും മികച്ച ഒരു കൃതി രചിച്ച ബാലനെ വി. കേശവനാശാൻ അഭിനന്ദിക്കുകയും കൂടുതൽ പഠിച്ച് കൂടുതൽ നന്നായി എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംസ്കൃതം പഠിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് കേശവനാശാനെ ഗുരുവായി സ്വീകരിച്ച് സംസ്കൃതപഠനം ആരംഭിച്ച കെ.സി. കേശവപിള്ള ഇംഗ്ലീഷിലും പ്രാവീണ്യം നേടി.
1889-ൽ കൊല്ലത്തിനടുത്ത പെരിനാട്ട് അദ്ദേഹം സ്വന്തമായി ഒരു സംസ്കൃത പാഠശാല ആരംഭിച്ചു. തിരുവിതാംകൂർ സർക്കാരിൽനിന്ന് അതിന് ഗ്രാന്റും ലഭിച്ചിരുന്നു. പിന്നീട് ഈ പാഠശാല പരവൂരിലേക്ക് മാറ്റി.
1897-ൽ കൊല്ലം മലയാ പള്ളിക്കൂടത്തിൽ അധ്യാപകനായി കെ.സി. കേശവപിള്ള നിയമിതനായി. നാലുവർഷത്തിനുശേഷം കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയുടെ ജോലി ലഭിച്ചു. 1903-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പുത്രനായ വേലായുധൻ തമ്പിയുടെ അധ്യാപകനായി നിയമിതനായതോടെ അദ്ദേഹം താമസം തിരുവനന്തപുരത്തേക്ക് മാറ്റി.
കൊല്ലവർഷം 1065-ൽ എണ്ണയ്ക്കാട്ട് രാജരാജവർമ്മ തമ്പുരാന്റെ ഭാര്യയുടെ അനിയത്തിയായ കുഞ്ഞിയമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധം രാജരാജവർമ്മ തമ്പുരാനിൽനിന്ന് കൂടുതൽ ഗ്രന്ഥങ്ങൾ പഠിക്കാനുള്ള അവസരം കെ.സി. കേശവപിള്ളയ്ക്ക് നൽകി. സാഹിത്യത്തോട് താൽപര്യമുണ്ടായിരുന്ന കുഞ്ഞിയമ്മ കൊല്ലവർഷം 1067-ൽ അകാലത്തിൽ അന്തരിച്ചു. പിന്നീട് 1069-ൽ കെ.സിയുടെ മുറപ്പെണ്ണായ കെ. നാണിക്കുട്ടിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു.
1891-ൽ കോട്ടയത്ത് നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചതു മുതൽ അതുമായി സഹകരിച്ച് പ്രവർത്തിച്ചവരിൽ കെ.സി. കേശവപിള്ളയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതകളും സമസ്യാപൂരണങ്ങളും അതിൽ പ്രസിദ്ധീകരിച്ചിരുന്നു. അതേ വർഷം കോട്ടയത്ത് കവി സമാജം ആരംഭിച്ചപ്പോൾ നടന്ന “ഘടികാവിംശതി”, “കവിതാചാതുര്യ” പരീക്ഷകളിൽ പ്രമുഖരായ കവികളോട് മത്സരിച്ച് കെ.സി. കേശവപിള്ള ഒന്നാം സ്ഥാനം നേടി.കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാനെപ്പോലുള്ള പ്രഗൽഭരെ പിന്തള്ളിയാണ് കെ.സി. കേശവപിള്ള ഈ നേട്ടം കൈവരിച്ചത്. ഇതോടെ അദ്ദേഹം കേരളവർമ്മ വലിയ തമ്പുരാന്റെ ഇഷ്ടപാത്രമായി. കേരളവർമ്മ വലിയ തമ്പുരാന്റെ അമ്പതാം വയസ്സ് പ്രമാണിച്ച് 1892-ൽ സംസ്കൃതത്തിൽ “കേരളവർമ്മ വിലാസം” എന്ന ഖണ്ഡകാവ്യം രചിച്ചു.
എ.ആർ. രാജരാജവർമ്മയുടെ സംസ്കൃതകാവ്യമായ “ആംഗല സാമ്രാജ്യം” 1907-ൽ കെ.സി. കേശവപിള്ള മലയാളത്തിലേക്ക് തർജമ ചെയ്തു.
തിരുവനന്തപുരം താമസം കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ തമ്പുരാൻ തുടങ്ങിയ പണ്ഡിതന്മാരുമായും ഭാഷാഭിമാനികളുമായും പരിചയം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് അവസരം നൽകി. കേരളവർമ്മ വലിയകോയിത്തമ്പുരാനുമായുള്ള മൈത്രിയിൽ ദ്വിതീയാക്ഷരപ്രാസവാദം ഒരുകാലത്ത് ചെറിയ ഇടർച്ചയുണ്ടാക്കി. എ.ആർ. രാജരാജവർമ്മ തമ്പുരാനുമായുള്ള ബന്ധം ശബ്ദാലങ്കാരത്തിൽനിന്ന് അർത്ഥാലങ്കാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ.സി. കേശവപിള്ളയെ പ്രേരിപ്പിച്ചു. ഒടുവിൽ ഈ അഭിപ്രായവ്യത്യാസങ്ങളും പിണക്കവും മാറി അവർ വീണ്ടും രഞ്ജിപ്പിലെത്തി.
മഹാകവിയുടെ പ്രധാന കൃതികൾ:
ആട്ടക്കഥകൾ:
ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം.
സംഗീതകൃതികൾ:
പാർവ്വതീസ്വയംവരം അമ്മാനപ്പാട്ട്, രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ട്, വൃകാസുരവധം വഞ്ചിപ്പാട്ട്, സുരതവിധിപാന, നാരായണനാമമാഹാത്മ്യം കിളിപ്പാട്ട്, രാസക്രീഡ ഊഞ്ഞാൽപ്പാട്ട്.
മറ്റ് കൃതികൾ:
കവി സമാജ യാത്രാശതകം, കൊല്ലം പ്രദർശനവർണനം, ഭാഷാ നാരായണീയം, ശ്രീകാശിയാത്ര, ശാന്തിവിലാസം, സുഭാഷിതരത്നാകരം, ആംഗല സാമ്രാജ്യം.
മഹാകാവ്യം:
“കേശവീയം”
ഖണ്ഡകാവ്യങ്ങൾ:
ആസന്നമരണചിന്താശതകം, ഷഷ്ടിപൂർത്തി ഷഷ്ടി, മാസസോല്ലാസം, സാഹിത്യവിലാസം.
വ്യാഖ്യാനങ്ങൾ:
ലക്ഷ്മണോപദേശം, അക്ബർ, ശ്രീകൃഷ്ണചരിതം ഒന്നും രണ്ടും സർഗങ്ങൾ, പഞ്ചതന്ത്രം.
തുള്ളൽപ്പാട്ടുകൾ:
മംഗല്യധാരണം, പള്ളിക്കെട്ടുവർണനം.
നാടകങ്ങൾ:
രാഘവമാധവം, ലക്ഷ്മീകല്യാണം, സദാരാമ സംഗീതനാടകം, വിക്രമോർവ്വശീയം സംഗീതനാടകം (പരിഭാഷ).
കഥകൾ:
സന്മാർഗ്ഗകഥകൾ, മാലതി.
നിരൂപണങ്ങൾ:
ദ്വിതീയാക്ഷരപ്രാസവാദം, ഭാഷാപരിഷ്കാരം, ശകുനവിശ്വാസം, ഗുരുഭക്തി, വേദാന്തോദ്ദേശ്യം, കേരളപാണിനീയമണ്ഡനം തുടങ്ങി നിരവധി കൃതികൾ മഹാകവി കെ.സി. കേശവപിള്ള കൈരളിക്ക് സമർപ്പിച്ചു.
മഹാകവി കെ.സി. കേശവപിള്ളയ്ക്ക് നാല് മക്കളുണ്ടായിരുന്നു — കെ.എൻ. നാരായണപിള്ള, പ്രൊഫ. കെ.എൻ. ഗോപാലപിള്ള, കെ.എൻ. മാധവൻപിള്ള, കെ.എൻ. തങ്കമ്മയമ്മ. പ്രശസ്ത ഭാഷാ സാഹിത്യകാരനായ ആർ. നാരായണപ്പണിക്കർ കെ.എൻ. തങ്കമ്മയമ്മയുടെ ഭർത്താവായിരുന്നു.
തന്റെ മഹാകാവ്യമായ “കേശവീയം” മുഴുവൻ മുദ്രിതരൂപത്തിൽ കാണാനുള്ള ഭാഗ്യം മഹാകവിക്ക് ലഭിച്ചില്ല. കൊല്ലവർഷം 1089, ചിങ്ങം 20-ന്, ഉച്ചയ്ക്ക് 12 മണിയോടെ, 1913 സെപ്റ്റംബർ 4-ന് തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു.
മഹാകവിയുടെ ശവസംസ്കാരത്തിനായി “പട്ടും കച്ചയും” കൊട്ടാരത്തിൽനിന്ന് കൊടുത്തയച്ചു. ജീവിച്ചിരുന്നപ്പോഴും മരണാനന്തരവും തിരുവിതാംകൂർ കൊട്ടാരം ആ കവിശ്രേഷ്ഠന് അർഹമായ ആദരവ് നൽകി. എന്നാൽ “കേശവീയം” മഹാകാവ്യം കവി കാലയവനികയ്ക്കുള്ളിൽ മറഞ്ഞശേഷമാണ് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
“കേശവീയം” മഹാകാവ്യം കെ.സി. കേശവപിള്ളയുടെ ‘വിജയസ്തംഭം’ മാത്രമല്ല, അദ്ദേഹത്തിന്റെ അനശ്വരമായ ‘സ്മാരകസ്തംഭം’ കൂടിയായി തീരണമെന്നായിരിക്കാം ഈശ്വരേച്ഛ!
പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും “ഗൾഫ് കൊണെസ്റി “ൻ്റെ പത്രാധിപരുമായ ശ്രീമതി മീന ദാസ് നാരായൺ മഹാകവി കെ.സി. കേശവപിള്ളയുടെ കൊച്ചുമകളാണ്. മഹാകവിയുടെ ജീവചരിത്രം ഇംഗ്ലീഷ് ഭാഷയിൽ രചിച്ചുകൊണ്ടിരിക്കുകയുമാണ് അവർ.
മഹാകവിയുടെ ലഘുജീവചരിത്രം ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ “കേരള സാഹിത്യചരിത്രം”, ആർ. നാരായണപ്പണിക്കരുടെ “കേരള ഭാഷാ സാഹിത്യചരിത്രം”, വിദ്വാൻ എ.ഡി. ഹരിശർമ്മയുടെ “മഹാകവി കെ.സി. കേശവപിള്ള”, ജി. പ്രിയദർശൻ രചിച്ച “അമ്പത്തൊന്ന് കേരള പ്രതിഭകൾ”, മഹാകവിയുടെ പിൻമുറക്കാരനായ രാജീവ് കോതേത്ത് എഴുതിയ “കഥയിതു കേശവീയം” തുടങ്ങിയ ഗ്രന്ഥങ്ങളിൽ ലഭ്യമാണ്.
പരവൂരിന്റെ അഭിമാനമായും മലയാള കവിതയുടെയും സംഗീതസാഹിത്യത്തിന്റെയും സമ്പന്ന പാരമ്പര്യത്തിൽ അനശ്വര സാന്നിധ്യമായും നിലകൊള്ളുന്ന മഹാകവി കെ.സി. കേശവപിള്ളയ്ക്ക് ആദരപൂർവ്വമായ സ്‌മരണാഞ്ജലികളോടെ…ബിജു യുവശ്രീ
