തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, നേമം നിയോജകമണ്ഡലത്തിലെ പൂഞ്ചക്കരി വാർഡിൽപ്പെട്ട കരിങ്കടമുകൾ ഉന്നതിയിൽ വിവിധ വികസന പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം ബഹു. നേമം എം.എൽ.എ ശ്രീ. രാജീവ് ചന്ദ്രശേഖർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
ഇതോടൊപ്പം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ പൂഞ്ചക്കരി വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജാ ദേവി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ ശ്രീമതി. ആശാനാഥ് ജി. എസ്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പട്ടികജാതി വികസന ഓഫീസർ (ഗ്രേഡ്-1) ശ്രീമതി. റീന തോമസ് സ്വാഗതവും, പട്ടികജാതി വികസന ഓഫീസർ (ഗ്രേഡ്-2) ശ്രീ. രാജേഷ് പി. ആർ. കൃതജ്ഞതയും രേഖപ്പെടുത്തി. പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ശ്രീ. അജികുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വെച്ച് ജനപ്രതിനിധികൾക്കും വിശിഷ്ടാതിഥികൾക്കും പൊന്നാട അണിയിച്ച് സ്വീകരണം നൽകി.
കരിങ്കടമുകൾ അംബേദ്കർ ഗ്രാമത്തിൽ പൊതുകിണർ നവീകരണം, റോഡ് കോൺക്രീറ്റിംഗ്, ഭവന നവീകരണം, റോഡ് റീ-ടാറിംഗ്, ഇന്റർലോക്ക് പാകൽ തുടങ്ങിയ സമഗ്ര വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം എം.എൽ.എ ശ്രീ. രാജീവ് ചന്ദ്രശേഖർ, ഡെപ്യൂട്ടി മേയർ ശ്രീമതി. ആശാനാഥ് ജി. എസ്. എന്നിവരോടൊപ്പം പദ്ധതി പ്രദേശങ്ങളും റോഡുകളും നേരിട്ട് സന്ദർശിക്കുകയും പ്രദേശവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കണമെന്നും ആറു മാസത്തിനകം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി മേയറോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
