തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ ഓരോ കുടുംബത്തിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികളും പൂക്കളും പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം നടപ്പാക്കിയ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ സമഗ്ര പച്ചക്കറി-പുഷ്പ ഉൽപ്പാദന യജ്ഞത്തിന്റെ സംസ്ഥാനതല വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്നു. ജൂൺ 5-ന് ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്താകെ മികച്ച ഉൽപ്പാദനം കൈവരിക്കാനായതായും, കേരളത്തെ ഭക്ഷ്യസുരക്ഷയിലും പച്ചക്കറി ഉൽപ്പാദനത്തിലും കൂടുതൽ സ്വയംപര്യാപ്തമാക്കുന്ന ജനകീയ കാർഷിക മുന്നേറ്റമായി ഈ പദ്ധതി മാറിയതായും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സെക്രട്ടേറിയറ്റ് അങ്കണത്തിലെ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു.
ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് മുഖ്യമന്ത്രി പച്ചക്കറി തൈ നട്ടുകൊണ്ട് തുടക്കം കുറിച്ച സെക്രട്ടേറിയറ്റ് മാതൃകാ പച്ചക്കറിത്തോട്ടം ഇന്ന് സമൃദ്ധമായ വിളവെടുപ്പിലൂടെ പദ്ധതിയുടെ വിജയത്തിന്റെ പ്രതീകമായി മാറിയതായി കൃഷി മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് അങ്കണത്തിലെ 60 സെന്റ് സ്ഥലത്ത് നിലത്തും 400-ഓളം ചട്ടികളിലുമായി ജൈവരീതിയിൽ 20-ലധികം ഇനം പച്ചക്കറികളും പുഷ്പവിളകളും കൃഷി ചെയ്തിരുന്നു. വെള്ളരി, പടവലം, പയർ, പാവൽ, മത്തൻ, വെണ്ട, തക്കാളി, വിവിധ ഇനം ചീരകൾ, അമര, കത്തിരിക്ക എന്നിവയ്‌ക്കൊപ്പം സൂര്യകാന്തി, വാടാമല്ലി തുടങ്ങിയ പുഷ്പവിളകളും ഇവിടെ വളർത്തി.
“കർഷകരും കർഷക തൊഴിലാളികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിച്ചാൽ വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഈ വിളവെടുപ്പ് തെളിയിക്കുന്നു,” എന്ന് മന്ത്രി പറഞ്ഞു. മാതൃകാ പച്ചക്കറിത്തോട്ടം പരിപാലിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഓണക്കാലത്ത് സംസ്ഥാനത്ത് പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ പദ്ധതിയുടെ ഭാഗമായി 70,000 ഹൈബ്രിഡ് പച്ചക്കറി വിത്തുപായ്ക്കറ്റുകളും 100 ലക്ഷം ഹൈബ്രിഡ് പച്ചക്കറി തൈകളും വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ 22,137 ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുകയും 2.52 ലക്ഷം ടൺ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
കർഷകർ, കൃഷിഭവനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിത ഭക്ഷ്യോൽപ്പാദനവും പ്രാദേശിക കാർഷിക സ്വയംപര്യാപ്തതയും കൈവരിക്കുന്നതിൽ ഇത്തരം ജനകീയ കാമ്പയിനുകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനായി സെപ്റ്റംബർ 2-ന് സംസ്ഥാന നാളികേര ദിനം വിപുലമായി ആചരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നാളികേര കൃഷി, മൂല്യവർധിത ഉൽപ്പന്നങ്ങൾ, സംരംഭകത്വം, വിപണനം എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിളവെടുപ്പ് ഉദ്‌ഘാടന പരിപാടിയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്., സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ഐ.എ.എസ്., കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അജയ് കുമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
