പ്രൊഫ.പി. ആർ. പരമേശ്വരപ്പണിക്കർ (1900–1970) ഇന്ന് 56-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു നിർണായക കാലഘട്ടത്തിൽ നിശ്ശബ്ദമായെങ്കിലും അതീവ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച വിദ്യാഭ്യാസപ്രവർത്തകനും അക്കാദമിക ഭരണാധികാരിയുമായിരുന്നു പി. ആർ. പരമേശ്വരപ്പണിക്കർ.
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളി പാപ്പാടി കുടുംബത്തിൽ, 1900 ജനുവരിയിൽ രാമൻപിള്ളയുടെയും കാർത്തിയാനിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചങ്ങനാശ്ശേരി സെന്റ് ബെർക്ക്മൻസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. ബിരുദം നേടി. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായി പഠിച്ച അദ്ദേഹം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ. ഫസ്റ്റ് ക്ലാസിൽ വിജയിച്ചു.
1922-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ സേവനജീവിതം പിന്നീട് തിരുവിതാംകൂർ സർവ്വകലാശാലയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുപോയി.
1937-ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവും തിരുവിതാംകൂറിന്റെ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരും തിരുവിതാംകൂറിന് സ്വന്തമായി ഒരു സർവ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനമെടുത്തപ്പോൾ, അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രൊഫ. സി. വി. ചന്ദ്രശേഖരനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തെ സഹായിക്കുന്നതിനായി പി. ആർ. പരമേശ്വരപ്പണിക്കരെയും നിയോഗിച്ചു.
ഒരു സർവ്വകലാശാലയുടെ പിറവിക്ക് മുമ്പുള്ള ആ നിർണായക ഘട്ടത്തിൽ, അതിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല, തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അധ്യായമായിരുന്നു.
തുടർന്ന് അസിസ്റ്റന്റ് രജിസ്ട്രാറായും, 1938 ജൂലൈ 19 മുതൽ 1951 നവംബർ 14 വരെ തിരുവിതാംകൂർ സർവ്വകലാശാലയുടെ രജിസ്ട്രാറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സർവ്വകലാശാലയുടെ ചരിത്രത്തിൽ രജിസ്ട്രാർ എന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
1951 നവംബർ 15 മുതൽ 1956 നവംബർ 14 വരെ സർവ്വകലാശാലയുടെ പ്രോ-വൈസ് ചാൻസലറായി പ്രവർത്തിച്ച അദ്ദേഹം, വൈസ് ചാൻസലർ സ്ഥാനം ഒഴിവായിരുന്ന 1.9.1949 മുതൽ 2.01 1950 വരെയും1.02.1951 മുതൽ 14.11.1951 വരെ രണ്ടുതവണ വൈസ് ചാൻസലറുടെ ചുമതലയും വഹിച്ചു.
തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയമിതമായ വിവിധ കമ്മിറ്റികളിൽ അംഗമായും, സർവ്വകലാശാലാ പ്രതിനിധിയായി വിവിധ കോൺഫറൻസുകളിലും അദ്ദേഹം പങ്കെടുത്തു.
1956 നവംബർ 14-ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ചശേഷവും അദ്ദേഹത്തിന്റെ വിദ്യാഭ്യാസസേവനത്തിന് വിരാമമായില്ല. നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം 1957 മുതൽ 1962 വരെ വിദ്യാഭ്യാസോപദേഷ്ടാവായും ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിലാണ് എൻ.എസ്.എസ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചത്.
1970 സെപ്റ്റംബർ 24-ന് പി. ആർ. പരമേശ്വരപ്പണിക്കർ അന്തരിച്ചു.
ഭാര്യ: ഓമനയമ്മ (Late)
മക്കൾ: ശ്രീമതി സരസ്വതിയമ്മ, ശ്രീമതി ലക്ഷ്മിയമ്മ
മരുമക്കൾ: പ്രൊഫ. കെ. പി. രാമചന്ദ്രൻ നായർ Late (റിട്ട. കേരള യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) , ശ്രീ. എൻ. കൃഷ്ണൻ നായർ IAS (റിട്ട. റവന്യൂ ബോർഡ് മെമ്പർ).
ചരിത്രത്തിന്റെ വലിയ അധ്യായങ്ങളിൽ പലപ്പോഴും ഭരണാധികാരികളുടെയും പ്രശസ്തരായ നേതാക്കളുടെയും പേരുകൾ മാത്രമാണ് തെളിഞ്ഞുനിൽക്കുന്നത്. എന്നാൽ ആ ചരിത്രത്തിന്റെ അടിത്തറ പാകാൻ ജീവിതം സമർപ്പിച്ച അനേകം നിശ്ശബ്ദ പ്രവർത്തകരുടെ പേരുകൾ കാലക്രമത്തിൽ വിസ്മൃതിയിലാകുന്നു.
പി. ആർ. പരമേശ്വരപ്പണിക്കറും അത്തരമൊരു മഹത് വ്യക്തിത്വമാണ്.
ഒരു കാലഘട്ടത്തിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗം പുതിയ വഴികളിലേക്ക് മുന്നേറുമ്പോൾ, അതിന്റെ സ്ഥാപനപരമായ വളർച്ചയ്ക്ക് തന്റെ അറിവും അനുഭവവും ഭരണപാടവവും സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ സർവ്വകലാശാലയുടെ രൂപീകരണത്തിന്റെ പ്രാരംഭഘട്ടം മുതൽ രജിസ്ട്രാർ, പ്രോ-വൈസ് ചാൻസലർ എന്നീ ഉത്തരവാദിത്വങ്ങളിലൂടെ സർവ്വകലാശാലയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് പ്രത്യേകം ഓർക്കേണ്ടതാണ്.
പദവികൾ അവസാനിച്ചെങ്കിലും സേവനത്തിന്റെ പ്രസക്തി അവസാനിക്കുന്നില്ല. കാലം കടന്നുപോയാലും വിദ്യാഭ്യാസത്തിനായി സമർപ്പിച്ച ഒരു ജീവിതത്തിന്റെ മൂല്യം മങ്ങിപ്പോകുന്നില്ല.
ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ, ചരിത്രത്തിന്റെ തിരശ്ശീലയിൽ അൽപ്പം പിന്നിലേക്ക് മാറിനിൽക്കുന്ന ഈ മഹത് വ്യക്തിത്വത്തെ വീണ്ടും ഓർക്കുമ്പോൾ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്—
തിരുവിതാംകൂറിന്റെ വിദ്യാഭ്യാസവളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പി. ആർ. പരമേശ്വരപ്പണിക്കർ സാറിനെ വിസ്മരിക്കരുത്. അദ്ദേഹത്തിന്റെ സേവനങ്ങളും സംഭാവനകളും നമ്മുടെ വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്; അവ ഒരിക്കലും വിസ്മരിക്കപ്പെടാൻ പാടില്ല.
അദ്ദേഹത്തെപ്പോലുള്ള നിശ്ശബ്ദ സേവകരുടെ ഓർമ്മകൾ നിലനിർത്തുന്നതും അവരുടെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതും ചരിത്രത്തോടുള്ള നമ്മുടെ കടമ കൂടിയാണ്.