തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സിനിമാ തിയേറ്ററുകളുടെ പ്രവർത്തനം, കാണികളുടെ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുമായി തിയേറ്റർ ഉടമകളുമായി മേയറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ കോർപ്പറേഷൻ ഓഫീസിൽ വെച്ച് വിശദമായ ചർച്ച നടന്നു.
തിയേറ്ററുകളിൽ സിനിമ കാണാൻ എത്തുന്ന കുട്ടികൾക്കുള്ള ഭക്ഷണം അകത്തേക്ക് കൊണ്ടുപോകുന്നതിന് യാതൊരുവിധ തടസ്സവും ഉണ്ടാകരുതെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. കൂടാതെ, പ്രേക്ഷകർക്ക് ആവശ്യമായ ശുദ്ധമായ കുടിവെള്ളം തിയേറ്ററുകളിൽ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ തിയേറ്റർ ഉടമകൾ നിർബന്ധമായും ഒരുക്കേണ്ടതാണ്.
തിയേറ്ററുകളുടെ പ്രവേശന കവാടങ്ങളിൽ നടത്തുന്ന ദേഹപരിശോധനയിലും ബാഗ് പരിശോധനയിലും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മേയർ നിർദ്ദേശിച്ചു. സിനിമ കാണാൻ എത്തുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലുള്ള പരിശോധനകൾ പൂർണ്ണമായും ഒഴിവാക്കണം. പ്രത്യേകിച്ച്, സ്ത്രീകളെ പരിശോധിക്കുന്നതിന് സ്ത്രീ ജീവനക്കാരെ തന്നെ നിയോഗിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
തീപിടുത്ത സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ് വ്യവസ്ഥകളും അക്ഷരംപ്രതി പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകൾ പ്രവർത്തിക്കാവൂ. കെട്ടിട സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തിയേറ്റർ വളപ്പിൽ തന്നെ കാണികൾക്ക് ആവശ്യമായ വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ചർച്ചയിൽ മേയർ ആവശ്യപ്പെട്ടു. തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷന് നിയമപരമായ പരിമിതികളുണ്ടെങ്കിലും, ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി.
നിലവിൽ തിയേറ്ററുകളിൽ കണ്ടെത്തിയ വീഴ്ചകളും പോരായ്മകളും തിരുത്തുന്നതിനായി തിയേറ്റർ ഉടമകൾക്ക് 15 ദിവസത്തെ സാവകാശം തിരുവനന്തപുരം കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്ക് ശേഷം കോർപ്പറേഷന്റെ പ്രത്യേക സ്ക്വാഡുകൾ തിയേറ്ററുകളിൽ നേരിട്ടെത്തി കർശന പരിശോധനകൾ നടത്തും. നിർദ്ദേശങ്ങൾ പാലിക്കാത്ത തിയേറ്ററുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും 15 ദിവസത്തിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ തിയേറ്റർ ഉടമകളുടെ തുടർയോഗം വിളിച്ചുചേർക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.
