തിരുവനന്തപുരം കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം നാളെ; വികസന തുടർച്ചയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ടെന്ന് മേയർ : വി. വി രാജേഷ്1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം നാളെ  ഉച്ചയ്ക്ക് 2:30 ന് കോർപ്പറേഷൻ ഹാളിൽ വെച്ച് ചേരും. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും യോഗങ്ങൾ വിജയകരമായി പൂർത്തിയാക്കി, കൗൺസിലർമാർക്ക് ആവശ്യമായ അജണ്ടകൾ മുൻകൂട്ടി എത്തിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും നല്ല രീതിയിലുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും മേയർ ശ്രീ: വി. വി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ ഉയർന്നുവന്ന അവിശ്വാസപ്രമേയ ചർച്ചകളോട് വളരെ പോസിറ്റീവായ രീതിയിലാണ് ഭരണസമിതി പ്രതികരിച്ചത്. ബി.ജെ.പിക്ക് 101-ൽ 50 സീറ്റുകൾ ഉള്ള നിലവിലെ ജനാധിപത്യ സാഹചര്യത്തിൽ, ഏതുതരത്തിലുള്ള ചർച്ചകളെയും സംവാദങ്ങളെയും ഭരണസമിതി സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം തങ്ങളുമായി ഒരു സഹകരണത്തിൽ എത്തിയാൽ ഉചിതമായ വികസന പ്ലാനുകളുമായി മുന്നോട്ട് പോകാൻ തിരുവനന്തപുരം കോർപ്പറേഷൻ പൂർണ്ണ സജ്ജമാണ്. സിപിഎമ്മിനെ സഹായിക്കാനാണ് കോൺഗ്രസിന്റെ നീക്കമെങ്കിൽ അതിനുള്ള മറുപടി ജനങ്ങൾ നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു.

 

ഒരു വർഷത്തിനുള്ളിലെ പ്രധാന വികസന വാഗ്ദാനങ്ങളും പുരോഗതിയും:

ഭരണസമിതി അധികാരമേറ്റ വേളയിൽ ജനങ്ങൾക്ക് ഉറപ്പുനൽകിയ പ്രധാന വികസന മുൻഗണനകളുടെ നിലവിലെ പുരോഗതി മേയർ വിശദീകരിച്ചു:

1. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം:
വാഗ്ദാനം നൽകി ആറു മാസം തികയുന്നതിന് മുൻപ് തന്നെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനുള്ള വലിയ പ്രക്രിയകൾക്ക് ഭരണസമിതി തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച തെരുവ് നായ ഷെൽട്ടർ സംവിധാനം ഇപ്പോൾ വിപുലമായ രീതിയിൽ പ്രവർത്തനസജ്ജമാണ്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തു നിന്നാണ് ഇതിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.
നിലവിൽ സുപ്രീം കോടതി ഉത്തരവുകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോളേജുകൾ, മ്യൂസിയം, ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ പ്രധാന പൊതുസ്ഥലങ്ങളിൽ നിന്നാണ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നായ്ക്കളെ പിടികൂടുന്നത്.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്‌.യുവിന്റെ മെഡിക്കൽ കോളേജ് യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തിരുവനന്തപുരം കോർപ്പറേഷന്റെ ഈ മാതൃകാപരമായ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. പിടികൂടുന്ന നായ്ക്കൾക്ക് ആവശ്യമായ വാക്സിനേഷൻ നൽകി അവയെ പെർമനന്റ് ഷെൽട്ടറുകളിൽ പാർപ്പിക്കാനാണ് തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷന് ദിവസേന 15 മുതൽ 20 വരെ നായ്ക്കളെ എ.ബി.സി (ABC) ചെയ്യാനുള്ള അത്യാധുനിക സൗകര്യമുണ്ട്.
കൂടാതെ, കേന്ദ്ര ഗവൺമെന്റ് അനുവദിച്ച്, ജില്ലാ പഞ്ചായത്ത് കൈകാര്യം ചെയ്യുന്ന പോർട്ടബിൾ എ.ബി.സി യൂണിറ്റിനായി തിരുവനന്തപുരം കോർപ്പറേഷൻ മണ്ണന്തലയിൽ ആവശ്യമായ ഗ്രൗണ്ട് ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി 45 ദിവസമായി കാത്തിരിക്കുകയാണ്. മൂന്ന് മാസമായി യാതൊരു പ്രവർത്തനവുമില്ലാതെ കിടക്കുന്ന ഈ യൂണിറ്റ് തിരുവനന്തപുരം കോർപ്പറേഷന് വിട്ടുനൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു.

1. കുടിവെള്ള പ്രശ്നം, വെള്ളക്കെട്ട്, മാലിന്യ സംസ്കരണം:

ഈ മൂന്ന് അടിസ്ഥാന പ്രശ്നങ്ങളും പൂർണ്ണമായി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും സംയുക്തമായ ഏകോപനം ആവശ്യമാണ്. പുതിയ സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാമത്തെ ദിവസം തന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ വികസന ചർച്ചകൾ നടത്തിയിരുന്നു.
ബഡ്ജറ്റ് സമ്മേളനത്തിന് ശേഷം തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മുതൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ വരെ പങ്കെടുക്കുന്ന ഒരു വിപുലമായ കോൺക്ലേവ് സംഘടിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.

• കുടിവെള്ള പ്രതിസന്ധി: അരുവിക്കരയിൽ നിന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലേക്ക് പ്രധാനമായും വെള്ളം എത്തിക്കുന്നത്. എന്നാൽ 1994-ൽ പ്ലാൻ നടപ്പിലാക്കിയ കാലത്തേക്കാൾ ജനസംഖ്യ പലമടങ്ങ് വർദ്ധിച്ചതും, ഈ ജൂൺ മാസത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് ജലവിഭവ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.

• വെള്ളക്കെട്ട് പരിഹരിക്കൽ: ഇറിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സംയുക്തമായ ഇടപെടലിലൂടെ മാത്രമേ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം സാധ്യമാകൂ. ഡാമിന്റെ ഉയരം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് മിനിസ്ട്രി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അനുമതി ലഭിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

2047-ലെ വികസിത ഭാരതവും തിരുവനന്തപുരം കോർപ്പറേഷനും:

2047-ൽ ലോകത്തിന് ഭാരതം നേതൃത്വം കൊടുക്കുമ്പോൾ, രാജ്യം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും ദേശീയ ബിജെപി നേതൃത്വത്തിന്റെയും വലിയ സ്വപ്നമാണ്. അങ്ങനെ രാജ്യം സാമ്പത്തികമായി കുതിച്ചുയരുമ്പോൾ, അതിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യത്തെ മുൻനിര കോർപ്പറേഷനുകളിൽ ഒന്നായി തിരുവനന്തപുരം കോർപ്പറേഷനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള ശക്തമായ വികസന അടിത്തറയാണ് നിലവിലെ ഭരണസമിതി ഒരുക്കിക്കൊണ്ടിരിക്കുന്നത്.

അധികാരമേറ്റതു മുതൽ ജനപിന്തുണ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ജനപ്രതിനിധികളായ കൗൺസിലർമാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ ഈ ഭരണസമിതി ഒരു നിമിഷം പോലും മടിച്ചിട്ടില്ല. ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ മുഴുവൻ കൗൺസിലർമാരെയും ഉൾക്കൊണ്ടുപോയ ഒരു ഭരണസമിതി തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു തിരുത്തലുകളും സ്വീകരിക്കാൻ ഭരണസമിതി തയ്യാറാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പൂർണ്ണമായ പിന്തുണയോടെ, 5 വർഷത്തെ കാലാവധി വിജയകരമായി പൂർത്തിയാക്കി കൂടുതൽ മധുരമുള്ള ജനവിധിയോടെ ഭരണസമിതി മുന്നോട്ട് പോകുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.