കായിക മേളകള്‍ പോലീസ് സേനയെ ഊര്‍ജ്ജസ്വലമാക്കും : മന്ത്രി രമേശ് ചെന്നിത്തല1 min read

തിരുവനന്തപുരം :പോലീസ് സേനയുടെ കരുത്തും കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നതില്‍ പോലീസ് കായിക മേളകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

47-ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പോലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന മികച്ച കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് സംസ്ഥാന പോലീസ് അത്ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റ്. പോലീസ് സേനയുടെ ശാരീരികവും മാനസികവുമായ കാര്യക്ഷമതയാണ് സംസ്ഥാന സുരക്ഷയുടെയും സമാധാനത്തിന്‍റെയും അടിത്തറ.
അതിനാല്‍ കായിക മത്സരങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് പോലീസ് കായികതാരങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലഹരിക്കെതിരെ കൊടുങ്കാറ്റായി മാറിയ ഓപ്പറേഷന്‍ തൂഫാന്‍റെ പശ്ചാത്തലത്തില്‍ ‘യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമുള്‍ക്കൊണ്ടാണ് ഇത്തവണത്തെ സംസ്ഥാന പോലീസ് കായിക മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായികമേളയുടെ ഭാഗമായി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ദീപശിഖ ആദ്യന്തരമന്ത്രി ഏറ്റുവാങ്ങി. ഇതിന് ശേഷം നടന്ന 41 യൂണിറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് 47-ാംമത് പോലീസ് കായികമേളയ്ക്ക് തുടക്കമായത്. മാര്‍ച്ച് പാസ്റ്റിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ സ്വാഗതമാശംസിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്‍റലിജന്‍സ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, സംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ.ജിയുമായ ഹര്‍ഷിത അത്തലൂരി, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജി എസ്. അജീത ബീഗം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. കേരള പോലീസ് ബാന്‍ഡ്, നിര്‍മ്മലാ ഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ സംയുക്ത ബാന്‍ഡ് പ്രകടനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ സമാപിച്ചത്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ
സെപ്റ്റംബർ 9, 10 കായിക മേള തുടരും.
10 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം
മുഖ്യമന്ത്രി വി. ഡി.സതീശൻ
ഉദ്ഘാടനം ചെയ്യും.