തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ അമിതവില ഈടാക്കലും പൊതുജനങ്ങൾ നേരിടുന്ന ചൂഷണങ്ങളും തടയുന്നതിനായി, കോർപ്പറേഷന്റെ നിയമപരമായ അധികാരങ്ങൾ ഉപയോഗിച്ച് കർശന നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലെ തിയേറ്റർ ഉടമകളുമായുള്ള അടിയന്തര യോഗം നാളെ രാവിലെ 11:00-ന് തിരുവനന്തപുരം കോർപ്പറേഷൻ ഹാളിൽ മേയർ വി. വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേരും.
വില നേരിട്ട് നിശ്ചയിക്കുന്നതിൽ കോർപ്പറേഷന് പരിധികളുണ്ടെങ്കിലും, പൊതുജന താല്പര്യം മുൻനിർത്തി കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ ശക്തമായി ഇടപെടുമെന്ന് മേയർ അറിയിച്ചു.
തിയേറ്ററുകൾ നിർബന്ധമായും പാലിക്കേണ്ട നാല് പ്രധാന വിഷയങ്ങളിലായിരിക്കും യോഗത്തിൽ പ്രധാനമായും നിർദ്ദേശങ്ങൾ നൽകുന്നത്:
പാർക്കിങ് സംവിധാനം: സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ചുള്ള പാർക്കിങ് സൗകര്യം തിയേറ്റർ വളപ്പിൽ തന്നെ ഒരുക്കണം. റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള അനാവശ്യ പാർക്കിങ് അനുവദിക്കില്ല.
മാലിന്യ സംസ്കരണം : തിയേറ്ററുകളിൽ ശാസ്ത്രീയവും കൃത്യവുമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടത് കോർപ്പറേഷന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കും.
സുരക്ഷാ മാനദണ്ഡങ്ങളും NOC-യും: ഫയർ, ഇലക്ട്രിക്കൽ സുരക്ഷാ പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, കോർപ്പറേഷനിൽ നിന്നുള്ള ലൈസൻസുകളും എൻ.ഒ.സി (NOC) കളും തിയേറ്ററുകൾ ഉറപ്പാക്കുകയും വേണം.
ശുചിത്വ പാലനം : ജനങ്ങൾക്ക് നൽകുന്ന തിയേറ്റർ അന്തരീക്ഷവും ശുചിമുറികളും പൂർണ്ണമായും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം.
കോർപ്പറേഷന് ഇടപെടാൻ സാധിക്കുന്ന ഇത്തരം അടിസ്ഥാന വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പൊതുജനങ്ങൾക്കെതിരെയുള്ള ചൂഷണത്തിന് കടിഞ്ഞാണിടാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
ഈ അടിസ്ഥാന കാര്യങ്ങൾക്ക് പുറമേ, തിയേറ്ററുകൾക്കുള്ളിൽ സൗജന്യ കുടിവെള്ള സംവിധാനം ഒരുക്കുന്നത് ഉൾപ്പെടെ സാധാരണക്കാർക്ക് ആശ്വാസമേകുന്ന ജനസൗഹാർദ്ദപരമായ ചില പ്രധാന നിർദ്ദേശങ്ങളും തിയേറ്റർ ഉടമകൾക്ക് മുന്നിൽ കോർപ്പറേഷൻ മുന്നോട്ടുവെക്കും.
