ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലും അനശ്വരമായി രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ശ്രീമതി ദാക്ഷായണി വേലായുധൻ. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക വിവേചനങ്ങളെ അതിജീവിച്ച് ഇന്ത്യയുടെ പരമോന്നത നിയമനിർമാണ വേദിയിലെത്തിയ അവർ, ഭരണഘടനാ നിർമ്മാണസഭയിൽ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദമായി ഉയർന്നുനിന്ന ധീര വനിതയായിരുന്നു. ഇന്ത്യയ്ക്ക് പുതിയ ഭരണഘടന രൂപപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ട 389 അംഗങ്ങളിൽ ഏക ദളിത് വനിതയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗവും മലയാളിയുമായിരുന്ന ദാക്ഷായണി വേലായുധൻ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ അഭിമാന അധ്യായമാണ്.
1912 ജൂലൈ 4-ന് കൊച്ചി മുളവുകാട് കല്ലച്ചംമുറിയിൽ കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും അഞ്ച് മക്കളിൽ നാലാമത്തെ മകളായാണ് ദാക്ഷായണി ജനിച്ചത്. ദാക്ഷായണിയുടെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.
1931-ൽ കൊച്ചി രാജ്യത്ത് സ്കൂൾ ഫൈനൽ വിജയിച്ച ആദ്യ പട്ടികജാതി വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു. മുളവുകാട് സെന്റ് മേരീസ് എൽ.പി. സ്കൂളിലും ചാത്യാത്ത് എൽ.എം.സി. ഗവൺമെന്റ് ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും മദ്രാസ് സെന്റ് ക്രിസ്റ്റഫേഴ്സ് ട്രെയിനിംഗ് കോളേജിൽ നിന്ന് എൽ.ടി. ബിരുദവും നേടി. 1934-ൽ ഇന്ത്യയിലെ ആദ്യ ദളിത് വനിതാ ബിരുദധാരിയായി അവർ ചരിത്രത്തിൽ ഇടം നേടി. തുടർന്ന് തൃശൂരിലെ പെരിങ്ങോട്ടുകര സർക്കാർ വിദ്യാലയത്തിലും പിന്നീട് എറണാകുളത്തെ പുന്നുരുന്നി, മരട് സ്കൂളുകളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1941-ൽ തിരുവിതാംകൂറിലെ കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ശ്രീ ആർ. വേലായുധനെ മഹാത്മാഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സാന്നിധ്യത്തിൽ വാർധ ആശ്രമത്തിൽവച്ച് വിവാഹം കഴിച്ചു. വിവാഹശേഷം കുറച്ചുകാലം തിരുവിതാംകൂർ, പ്രത്യേകിച്ച് കോട്ടയം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം. സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിലും പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കെടുത്തു.
ആർ. വേലായുധൻ കോട്ടയം സി.എം.എസ്. കോളേജിലും തിരുവിതാംകൂർ ആർട്സ് കോളേജിലും പഠിച്ച് ബിരുദം നേടി. തുടർന്ന് ബോംബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ സർവീസസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ നേടി. 1941 മുതൽ 1945 വരെ ടാറ്റാ ഓയിൽ മില്ലിൽ ലേബർ വെൽഫെയർ ഓഫീസറായും തുടർന്ന് ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു. 1950-ൽ തിരു-കൊച്ചിയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റ് അംഗമായി. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നടന്ന പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരു-കൊച്ചിയിലെ കൊല്ലം–മാവേലിക്കര ദ്വയാംഗ മണ്ഡലത്തിലെ സംവരണ സീറ്റിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസിന്റെ കെ. കുഞ്ഞിനെ പരാജയപ്പെടുത്തി ലോക്സഭാംഗമായി. മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ഇളയച്ഛനായിരുന്നു ആർ. വേലായുധൻ. “Gandhi or Ambedkar” എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായിരുന്നു അദ്ദേഹം. എം.പി. സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഫ്രീലാൻസ് പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
1945-ൽ അധ്യാപകജോലി രാജിവച്ച ദാക്ഷായണി വേലായുധനെ അതേ വർഷം ജൂൺ 29-ന് കൊച്ചി സർക്കാർ കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. കേരളത്തിലെ പഴയ മൂന്ന് നാട്ടുരാജ്യങ്ങളിലെ നിയമസഭകളുടെ ചരിത്രത്തിൽ ആദ്യ പട്ടികജാതി വനിതാ നിയമസഭാംഗം എന്ന ബഹുമതിയും അവർ സ്വന്തമാക്കി. 1947 ഒക്ടോബർ 13 വരെ അവർ കൊച്ചി നിയമസഭാംഗമായി പ്രവർത്തിച്ചു.
1946 ജൂലൈ 22-ന് മദ്രാസ് പ്രവിശ്യയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ തുടർന്ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി-ലെജിസ്ലേറ്റീവിലും 1950 ജനുവരി 28 മുതൽ 1952 മാർച്ച് 4 വരെ മദ്രാസിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റിലും അംഗമായി സേവനമനുഷ്ഠിച്ചു.
ഭരണഘടനാ നിർമ്മാണസഭയിൽ സാമൂഹ്യനീതി, സമത്വം, ജാതിവിവേചന നിർമാർജനം എന്നിവയ്ക്കുവേണ്ടി ശക്തമായ ശബ്ദമായിരുന്നു അവർ. 1948 നവംബർ 29-ന് ജാതിവിവേചനം നിരോധിക്കുന്ന ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചയിൽ നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. പട്ടികജാതിക്കാരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങൾ നിയമം ഉറപ്പാക്കണമെന്നും യഥാർഥ സ്വാതന്ത്ര്യം സാമൂഹിക സമത്വത്തിലൂടെയാണെന്നും അവർ ശക്തമായി വാദിച്ചു.
രണ്ടുവർഷവും പതിനൊന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട പരിശ്രമത്തിനൊടുവിൽ 11 സമ്മേളനങ്ങളിലായി 165 ദിവസമാണ്കോൺ സ്റ്റിറ്റ്യൂവൻ്റെ അസംബ്ലി സമ്മേളിച്ചത്. അതിൽ 292 പേർബ്രിട്ടീഷ് പ്രവിശ്യകളെയും 93 പേർ നാട്ടുരാജ്യങ്ങളെയും 4 പേർ ചീഫ് കമ്മീഷണർമാരുടെ പ്രവിശ്യകളെയും പ്രതിനിധികരിച്ചു.സ്വാതന്ത്ര്യരനന്തരംഭരണഘടനാ നിർമ്മാണ സഭയുടെ അംഗസംഖ്യ 299 ആയി. ഡോ.രാജേന്ദ്രപ്രസാദ് ആണ് കോൺസ്റ്റിറ്റ്യൂവൻ്റ്അസംബ്ലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി 2.9.1946-ന്ഇന്ത്യൻ ഇടക്കാല സർക്കാർരൂപീകരിക്കപ്പെട്ടു. 29.8.1947 നാണ് ഡോ. ബി.ആർ.അംബേഡ്കറുടെനേതൃത്വത്തിൽ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി നിലവിൽ വന്നത്.അവർ രണ്ടേകാൽ കൊല്ലം കൊണ്ട് തയ്യാറാക്കിയ കരട് രൂപത്തിനുനേരെ സഭ ഉന്നയിച്ച 7635 ഭേദഗതികളിൽ 2473 എണ്ണംതള്ളിയ ശേഷം 26.11.1949 – ന് കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചു.അവരിൽ 284 പേർ 1949നവംബർ 26ന് ഭരണഘടന അന്തിമമായി പാസാക്കിയപ്പോൾ അതിൽ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തി.1949 നവംബർ 26-ന് ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 24-ന് ദാക്ഷായണി വേലായുധൻ ഉൾപ്പെടെയുള്ള അംഗങ്ങൾ അതിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 1950 ജനുവരി 26-ന് ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ ഭരണഘടനാ നിർമ്മാണസഭ പ്രൊവിഷണൽ പാർലമെന്റായി രൂപാന്തരപ്പെട്ടു.
1946 മുതൽ 1952 വരെ ഭരണഘടനാ നിർമ്മാണസഭ, കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി-ലെജിസ്ലേറ്റീവ്, ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റ് എന്നീ രാജ്യത്തിന്റെ പരമോന്നത നിയമനിർമാണ വേദികളിൽ അംഗമായി അവർ നടത്തിയ സേവനം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു. 1950-ൽ മദ്രാസിൽ നിന്ന് ദാക്ഷായണി വേലായുധനും തിരു-കൊച്ചിയിൽ നിന്ന് ആർ. വേലായുധനും ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റിലെ ആദ്യ ദളിത് ദമ്പതികൾ എന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കി.
പാർലമെന്റിൽ പട്ടികജാതിക്കാരുടെയും അധഃസ്ഥിതരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി അവർ നിരന്തരം ശബ്ദമുയർത്തി. അധികാരം പദവിക്കുവേണ്ടിയല്ല, ജനസേവനത്തിനുവേണ്ടിയാണെന്ന വിശ്വാസം അവർ ജീവിതംകൊണ്ട് തെളിയിച്ചു.
കൊച്ചി നിയമസഭാംഗം, ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭാംഗം, കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി-ലെജിസ്ലേറ്റീവ് അംഗം, ഇന്ത്യൻ പ്രൊവിഷണൽ പാർലമെന്റ് അംഗം എന്നീ പരമോന്നത നിയമനിർമാണ വേദികളിൽ സേവനമനുഷ്ഠിച്ചിട്ടും പിന്നീട് ഉപജീവനത്തിനായി അവർ എൽ.ഐ.സി.യിൽ ഉദ്യോഗം സ്വീകരിച്ചു. തിരുവനന്തപുരത്തെ പേട്ടയിലെ ഒരു വാടകവീട്ടിൽ താമസിച്ചാണ് ഔദ്യോഗിക ജീവിതം തുടർന്നത്. തുടർന്ന് ഉദ്യോഗക്കയറ്റത്തോടെ ന്യൂഡൽഹിയിലേക്ക് സ്ഥലംമാറി. അധികാരത്തെ വ്യക്തിപരമായ സമ്പാദ്യത്തിനുള്ള ഉപാധിയാക്കാതെ സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയ പൊതുപ്രവർത്തകയുടെ അപൂർവ മാതൃകയായിരുന്നു അവർ.
എൽ.ഐ.സി.യിൽ സേവനമനുഷ്ഠിച്ച അവർ “ജീവൻ രക്ഷ” മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു. ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി തുടർന്ന അവർ 1971-ൽ അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സംഘടനാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1977-ൽ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക ബോധവൽക്കരണത്തിനുമായി മഹിളാ ജാഗ്രതാ പരിഷദ് സ്ഥാപിച്ചു.
1974-ൽ ആർ. വേലായുധൻ അന്തരിച്ചു. തുടർന്ന് 1978 ജൂലൈ 20-ന് ഡൽഹിയിൽവച്ച് സാമൂഹ്യനീതിയുടെ ആ ധീര പോരാളി ഈ ലോകത്തോട് വിടപറഞ്ഞു.
മക്കളായ പരേതനായഡോ. ആർ. രഘൂത്തമൻ (ഡോ. ആർ. ഒപ്പെ), പരേതനായ പ്രഹ്ലാദൻ (ഐ.എ. & എ.എസ്.), ശ്രീ. ഭഗീരഥൻ (ഐ.എഫ്.എസ്.), പരേതനായ ധ്രുവൻ (ഹോട്ടൽ മാനേജ്മെന്റ്), പ്രമുഖ ചരിത്രകാരി ഡോ. മീരാ വേലായുധൻ എന്നിവർ വിവിധ മേഖലകളിൽ ശ്രദ്ധേയരായി കുടുംബത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു.പ്രമുഖ കോൺഗ്രസ് നേതാവും 3.04.1976 മുതൽ 02.04.1982 വരെരാജ്യസഭാംഗമായിരുന്നു അഡ്വ. കെ.കെ.മാധവൻ മാസ്റ്റർ Ex: MP, ശ്രീമതി.ദാക്ഷായണിവേലായുധന്റെ ഇളയ സഹോദരനായിരുന്നു.
കേരള സംസ്ഥാന ആർക്കൈവ്സ്, തമിഴ്നാട് ആർക്കൈവ്സ്, കൊച്ചി ആർക്കൈവ്സ് എന്നിവിടങ്ങളിൽ വർഷങ്ങളോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പ്രമുഖ ചരിത്രകാരൻ ചെറായി രാമദാസ് രചിച്ച “കാലശാസനങ്ങൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ” എന്ന അമൂല്യ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടത്.
1950 ജനുവരി 24-ന് ഇന്ത്യൻ ഭരണഘടനയിൽ സ്വന്തം കൈയൊപ്പ് ചാർത്തിയ 13 മലയാളികളിൽ ഒരാളായിരുന്നു ദാക്ഷായണി വേലായുധൻ. ആ പതിമൂന്ന് മലയാളികളിൽ ഏക ദളിത് വനിതയും അവർ തന്നെയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആ മഹത്തായ പ്രമാണത്തിൽ പതിഞ്ഞ അവരുടെ ഒപ്പ് ഒരു വ്യക്തിയുടെ ഒപ്പു മാത്രമായിരുന്നില്ല; നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെയും സമത്വത്തിന്റെയും വിദ്യാഭ്യാസവിജയത്തിന്റെയും ചരിത്രമുദ്രയായിരുന്നു അത്.
ഇന്ത്യൻ ഭരണഘടനയുടെ ഓരോ താളും മറിക്കുമ്പോഴും, സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ഓരോ മൂല്യവും ഉയർത്തിപ്പിടിക്കുമ്പോഴും, സ്വന്തം കൈയൊപ്പ് ചാർത്തിയ ഈ മലയാളി മഹതിയെ നാം ഒരിക്കലും വിസ്മരിക്കരുത്. ദാക്ഷായണി വേലായുധൻ ഒരു പേര് മാത്രമല്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയും മലയാളികളുടെ അഭിമാനവും സാമൂഹ്യനീതിയുടെ അനശ്വര പ്രതീകവുമാണ്.
48-ാം സ്മൃതിദിനത്തിൽ ആ മഹതിയുടെ പുണ്യസ്മരണയ്ക്കു മുമ്പിൽ ആദരപൂർവം പ്രണാമം…
2026-07-20
