നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നേമം എംഎൽഎ ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിലെ കൗൺസിലർമാരും പങ്കെടുത്തു.

മണ്ഡലത്തിലുടനീളം നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി.

ശാന്തിവിള താലൂക്ക് ആശുപത്രിയുടെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആശുപത്രി നിർമ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുമായി ഉടൻ തന്നെ നേരിട്ടുള്ള സന്ദർശനവും പരിശോധനയും നടത്താൻ തീരുമാനിച്ചു.

മണ്ഡലത്തിലെ ഓരോ വാർഡിലും മുൻഗണന നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ കൗൺസിലർമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും. വരാനിരിക്കുന്ന ഓണാഘോഷങ്ങൾ മണ്ഡലത്തിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓരോ വാർഡിലും നടത്തേണ്ട പരിപാടികളെക്കുറിച്ച് വിശദമായ പ്ലാൻ തയ്യാറാക്കാൻ കൗൺസിലർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഓരോ പദ്ധതിയും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ മികച്ച ഗുണനിലവാരത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.