സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം കേരളത്തിന്റെ കലാസാംസ്കാരിക ലോകത്തിന് തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ1 min read

തിരുവനന്തപുരം : കേരളത്തിന്റെ തനത് കലകൾക്കും നാടകത്തിനും സ്റ്റേജ് അവതരണങ്ങൾക്കും ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്ത അതുല്യ കലാസംഘാടകനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽ എ അനുശോചിച്ചു.

പാരമ്പര്യ കലകൾക്കും ക്ഷേത്രകലകൾക്കും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. നാടകാവതരണങ്ങളിലും കലാപരിപാടികളിലും തനതായ അവതരണശൈലി കൊണ്ടുവന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കലയും സംസ്കാരവും ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിൽ സൂര്യ കൃഷ്ണമൂർത്തിയുടെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്.

അരനൂറ്റാണ്ടോളം സൂര്യ കലാകൂട്ടായ്മയുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹം, സൂര്യ ഫെസ്റ്റിവലിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് കേരളത്തിൽ വേദിയൊരുക്കി. മലയാളത്തിലെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ശിൽപിയെന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ സവിശേഷമാണ്. നിരവധി കലാരൂപങ്ങളെയും കലാകാരന്മാരെയും കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

സംഗീത നാടക അക്കാദമി മുൻ ചെയർമാനായും കലാസാംസ്കാരിക പ്രവർത്തകനായും അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും ഓർമിക്കപ്പെടും. ‘മേൽവിലാസം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം തന്റെ സർഗാത്മക മികവ് അടയാളപ്പെടുത്തി.

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും കലാസ്നേഹികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു .