ഒരുമിച്ചൊരോണം’: തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാർക്കും കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു; ചരിത്രത്തിലാദ്യം1 min read

തിരുവനന്തപുരം: പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും കൗൺസിലർമാർക്കും ‘ഒരുമിച്ചൊരോണം’ ഓണാഘോഷ പരിപാടിയിലൂടെ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

തിരുവനന്തപുരം മേയർ ശ്രീ: വി.വി രാജേഷിൻ്റെ അഭിമാന പദ്ധതിയായ ‘മേയർ കെയർ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടിയിൽ 4,000-ത്തോളം ജീവനക്കാർക്കാണ് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തത്.

തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ കൗൺസിലർമാരെയും എല്ലാ വിഭാഗം ജീവനക്കാരെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ട് ഇത്രയും വിപുലമായ രീതിയിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്യുന്നത്. എല്ലാവരേയും ഒരുപോലെ പരിഗണിച്ചാണ് ഈ ഓണസമ്മാനങ്ങൾ കൈമാറിയത്.

നഗരവാസികൾക്ക് ഏറെ ആശ്വാസമേകിയ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയുടെ ഏറ്റവും വലിയ അഭിമാനകരമായ നേട്ടങ്ങളിലൊന്നായ തെരുവുനായ നിയന്ത്രണ പദ്ധതി വിജയകരമായി നടപ്പിലാക്കിയ ഡോഗ് സ്ക്വാഡ് ടീമിനും ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനുമാണ് ചടങ്ങിൽ മേയർ ആദ്യമായി കിറ്റുകൾ വിതരണം ചെയ്തത്.

കോർപ്പറേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളെ സഹായിച്ച്, അപേക്ഷകൾ എഴുതി നൽകി ഉപജീവനം നടത്തുന്ന കോർപ്പറേഷൻ പരിസരത്തെ സാധാരണക്കാരായ അപേക്ഷ എഴുത്തുകാർക്കും ഈ ഓണനാളിൽ കരുതലിന്റെ ഭാഗമായി ഓണക്കിറ്റും ഓണക്കോടിയും നൽകി.

കൂടാതെ, കഴിഞ്ഞ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ തങ്ങൾക്കുള്ള ഓണക്കോടിയെക്കുറിച്ച് തമാശരൂപേണ ചോദിച്ച കാര്യം ഓർമ്മയിൽ വെച്ചുകൊണ്ട്, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും കൂടി ഓണക്കോടിയും കിറ്റും നൽകാൻ മേയർ പ്രത്യേക താല്പര്യമെടുക്കുകയായിരുന്നു.

ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാരും , ജീവനക്കാരും പരസ്പര ഐക്യത്തോടെ പ്രവർത്തിക്കുമ്പോൾ മാത്രമേ കോർപ്പറേഷന്റെ വികസന പദ്ധതികളും പ്രവർത്തനങ്ങളും പൂർണ്ണതയിലെത്തൂ എന്ന മേയറിന്റെ കാഴ്ചപ്പാടാണ് ഈ ‘ഒരുമിച്ചൊരോണം’ ഓണാഘോഷ പരിപാടിക്ക് പ്രചോദനമായത്.

രാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാരും ജീവനക്കാരും ഒരു കുടുംബം പോലെ ഒത്തൊരുമയോടെ പ്രവർത്തിച്ച് അടുത്ത 5 വർഷവും ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ , ഇത്തരമൊരു കൂട്ടായ്മയും സന്തോഷവും വലിയ ഊർജ്ജവും പ്രചോദനവുമാകുമെന്ന ചിന്തയിലാണ് മേയറുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്..

കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ ചരിത്രപരമായ ഓണാഘോഷ പരിപാടി പൂർത്തിയാക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ്റെ അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിലും, ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനങ്ങളിലും വിശ്വാസമർപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുമനസ്സുകൾ നൽകിയ പിന്തുണയാണ് ‘മേയർ കെയർ’ വഴി ഈ വിപുലമായ കൂട്ടായ്മയെ വിജയകരമാക്കിയത്.

നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന കോർപ്പറേഷൻ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും, വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും കോർപ്പറേഷൻ ഭരണസമിതി നന്ദി രേഖപ്പെടുത്തി.