വാർദ്ധക്യത്തിലും വർദ്ധിച്ച ധർമ്മബോധം, ദേശകാല അവസ്ഥകൾകൾക്ക് അനുസരിച്ചു മറ്റേണ്ടതല്ല ധർമ്മാചരണം. ധർമ്മമെന്നാൽ നമോരുത്തരും അനുഷ്ഠിക്കേണ്ട ജീവിത വ്രതമാണെന്ന് ജടായു എന്ന പക്ഷിശ്രേഷ്ഠനിലൂടെ രാമായണം നമ്മെ പഠിപ്പിക്കുന്നു. ആരുതാന്നെയായാലും ഏതൊരവസ്ഥയിലും ധർമ്മം പരിപാലിക്കപ്പെടേണ്ടതാണെന്നു ഓർമ്മപ്പെടുത്തുന്ന മഹത്തായ സന്ദർഭമാണ് രാമായണത്തിലെ ജടായു രാവണ യുദ്ധം.
രാമായണത്തിൽ ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ജഡായു. സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ, പ്രയാധിഖ്യം ബാധിച്ച തനിക്കു രാക്ഷസരാജനും ആയുധധാരിയുമായ രാവണനെ എതിർത്തു തോൽപ്പിക്കാനുള്ള കഴിവ് ഇല്ലായെന്ന് അറിഞ്ഞിട്ടും,തന്റെ ജീവൻ പോലും പണയം വെച്ച് സീതയെ രക്ഷിക്കാൻ പോരാടിയതാണ് ജഡായുവിന്റെ ധർമ്മം.
എന്റെ സ്വാമിതൻ പത്നിയെ എവിടേയ്ക്ക് കൊണ്ടുപോകുന്നത് മൂഡാത്മവേ എന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. “ചിറകാർന്നൊരു പാർവ്വതം പോലെ” എന്നാണ് എഴുത്തച്ഛൻ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയിൽ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പർവ്വതങ്ങൾ ഇളകുകയും ചെയ്തുവെന്നു പറയുന്നു! അത്രയും ശക്തനായിരുന്നു ആ പക്ഷി. രാവണന്റെ ചാപങ്ങളെ തകർത്തും കാൽനഖങ്ങളാൽ രാവണന്റെ മുഖങ്ങളിൽ മുറിവേൽപ്പിച്ചും മൂർച്ചയുള്ള തന്റെ കൊക്കുകളാൽ രഥത്തിനെ തകർത്തും സീതയെ രക്ഷിക്കാൻ ജടായു പരമാവധി ശ്രമിച്ചു. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ തന്റെ യാത്ര മുടങ്ങുക മാത്രമല്ല തന്റെ കീർത്തി നശിക്കുകയും ചെയ്യുമെന്ന ഭയം രാവണനുണ്ടാകുകയും ചെയ്തനിമിഷം തന്റെ ചദ്രഹാസമെന്ന പ്രസിദ്ധമായ വാൾകൊണ്ട് ജടായുവിന്റെ രണ്ടു ചിറകുകളെയും നിഷ്കരുണം അരിഞ്ഞു വീഴ്ത്തി. നിസ്സഹായകനായ ആ പക്ഷിശ്രേഷ്ഠൻ നിലത്തുവീണു. ധർമത്തിനായി ജീവത്യാഗം ചെയ്യേണ്ടിവന്ന ജടായു നിസ്വാർത്ഥ ധർമത്തിന്റെ മുഖമുദ്രയാണ്. പല അധർമ്മങ്ങളും കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്ന ഇന്നത്തെ മനുഷ്യബുദ്ധിയോട് ഒരു പക്ഷിക്കുള്ള ധർമ്മ ബോധമെങ്കിലും മനുഷ്യന് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നുള്ള അറിവിലേക്കുമാണ്.
ധർമ്മസംരക്ഷണം :: അക്രമകാരിയായ രാവണനെതിരെ, സ്ത്രീത്വത്തെയും ധർമ്മത്തെയും സംരക്ഷിക്കാൻ വേണ്ടി തന്റെ പ്രായാധിക്യം പോലും മറന്ന് ജഡായു യുദ്ധം ചെയ്തു. ദുഷ്ടന്മാരെ എതിർക്കേണ്ടത് ഒരുവന്റെ കടമയാണെന്ന് അദ്ദേഹം തെളിയിച്ചു.
സത്യസന്ധതയും വിശ്വസ്തതയും :: ശ്രീരാമന്റെ പിതാവായ ദശരഥന്റെ ഉറ്റസുഹൃത്തായിരുന്നു ജഡായു. രാമനോടുള്ള ആ സൗഹൃദവും കടമയും മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു.
ത്യാഗം:: സീതയെ രക്ഷിക്കുന്നതിനിടയിൽ രാവണൻ ജഡായുവിന്റെ ചിറകുകൾ വെട്ടിമാറ്റി. വീണുകിടന്നപ്പോഴും രാമൻ വരുന്നതുവരെ ജീവൻ നിലനിർത്തി, നടന്ന സംഭവങ്ങൾ കൃത്യമായി രാമന് പറഞ്ഞുകൊടുക്കാനും സീതയെ തട്ടിക്കൊണ്ടുപോയ ദിശ കാണിച്ചുകൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
