തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം1 min read

പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം പുരോ​ഗമിക്കുന്നു

സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചു

തിരുവനന്തപുരം :മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരളത്തിലേക്ക് സംഘടിപ്പിച്ച മാധ്യമപര്യ‌ടനം തിരുവനന്തപുരത്ത് പുരോ​ഗമിക്കുന്നു. മഹാരാഷ്ട്ര, ​ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച ന‌ടത്തുകയും, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും ചെയ്തു.

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീ കെ. ബിജു ഐഎഎസുമായി മാധ്യമ സംഘം ചർച്ച ചെയ്തു. 2015 മുതൽ 2025 വരെയുള്ള പത്തുവർഷക്കാലത്തിനിടെ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ വലി‌യ വർദ്ധനവുണ്ടായതായി കൂടിക്കാഴ്ചയ്ക്കിടെ ശ്രീ കെ. ബിജു ഐഎഎസ് സൂചിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തീർത്ഥാടനം, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ എന്നിവയ്ക്കായി കേരളത്തിൽ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും, ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ​ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ശ്രീമതി പാർവതി വി. ഐഐഎസ് കൂടിക്കാഴ്ചയിൽ സംഘത്തോടൊപ്പം ചേർന്നു.

തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ച സംഘം, സി.ഇ.ഒ പ്രദീപ് ജയരാമനുമായി ആശയവിനിമയം നടത്തി. തുറമുഖത്തിന്റെ അത്യാധുനിക പ്രവർത്തനങ്ങളെയും വികസന ഘട്ടങ്ങളെയും കുറിച്ച് മാനേജ്‌മെന്റ് പ്രതിനിധികൾ വിശദീകരിച്ചു. തെക്കൻ ഏഷ്യയിലെ ആദ്യത്തെ പൂർണ്ണ ഓട്ടോമേറ്റഡ് അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ആകെയുള്ള 20 ക്രെയ്ൻ ഓപ്പറേറ്റർമാരിൽ 9 പേരും സ്ത്രീകളാണ്. നിലവിൽ 1200 ഓളം പേർക്ക് തൊഴിൽ നൽകുന്ന വിഴിഞ്ഞം പദ്ധതിയിലെ ജീവനക്കാരിൽ 70-72 ശതമാനവും പ്രദേശവാസികളാണെന്നും 2.4 ദശലക്ഷത്തിലധികം ടി.ഇ.യു (TEU) ചരക്കുനീക്കം തുറമുഖം കൈകാര്യം ചെയ്തു കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ സംഘം സംസ്ഥാന പൊലീസ് മേധാവിയെയും കേരള പൊലീസ് സൈബർ സെക്യൂരിറ്റി വിഭാ​ഗത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും സന്ദർശിക്കും. വിക്രം സാരാഭായ് സ്പേസ് സെന്ററിലും സംഘം സന്ദർശനം നടത്തും.