പിതൃസ്മരണയിൽ നാളെ വാവുബലി,.. ദർഭയാൽ ബന്ധിതമായ പവിത്രക്കെട്ടഴിയുമ്പോൾ…..ലേഖനം .. ആചാര്യ ഭദ്ര1 min read

ആത്മാക്കൾ ആത്മാവിനെ ആത്മാവായിത്തന്നെ തിരിച്ചറിയുന്ന സമജ്ജ്വല സമന്വയത്തിന്റെ അനുഭവമാണ് പിതൃതർപ്പണം. ദൃശ്യകരങ്ങളിൽനിന്ന് അദൃശ്യകരങ്ങളിലേക്കു ദർഭയുടെ പവിത്രബന്ധനത്തിലൂടെ കോർക്കപ്പെടുന്ന ഇഹപരലോകബന്ധങ്ങളുടെ വേർപിരിക്കാനാകാത്ത പൈതൃകത്തിന്റെ സാക്ഷ്യമാണ് കർക്കടകത്തിലെ അമാവാസി.
ആ ദിനത്തിൽ നാം ശരീരബോധത്തിന്റെ അതിരുകൾ മറികടന്ന് ആത്മസ്വരൂപത്തെ സ്പർശിക്കാൻ ശ്രമിക്കുന്നു. നമ്മെ വിട്ടുപോയ ഏറ്റവും പ്രിയപ്പെട്ടവരെ ശാരീരികദർശനത്തിലല്ല, മറിച്ച് മനസ്സിന്റെ ദർപ്പണത്തിൽ ആത്മസ്വരൂപങ്ങളായി അനുഭവിച്ചറിയുന്ന നിർവൃതിയുടെ നിമിഷങ്ങളാണ് പിതൃതർപ്പണത്തിന്റെ യഥാർഥ സാരം. അവിടെ വേർപാടില്ല; അവിടെ ആത്മാവിൽനിന്ന് ആത്മാവിലേക്കുള്ള നിത്യബന്ധത്തിന്റെ മൗനാനുഭവങ്ങൾ മാത്രമേയുള്ളൂ. ആത്മാവിന്റെ അനശ്വരതയും ശരീത്തിന്റെ നശ്വരതയും സംഗമിക്കുന്ന രംഗഭൂവിൽ തന്റെ നിർവികാരബോധത്തിൽ തണുത്തുറയുന്നൊരു സത്യമുണ്ട് –താൻ നിത്യചൈതന്ന്യമായ ആത്മസ്വരൂപമാത്രമാണെന്ന സത്യം.
അവിശ്രാന്തമായ ജന്മജന്മാന്തര യാത്രകളുടെ ഓർമ്മപ്പെടുത്തൽകൂടെയാണ് തർപ്പണങ്ങൾ. കർക്കടകത്തിലെ പൗർണ്ണമി ഗുരുവിന്റെ അനുഗ്രഹത്താലും; കർക്കടകത്തിലെ അമാവാസി ഗുരു പകർന്നു നൽകിയ അറിവിലൂടെ നേടിയ ആത്മ സാക്ഷത്കാരത്തിന്റെ പരിപൂർണ്ണതയാലും അനുഗ്രഹീതമാണ്. ഗുരുക്കന്മാരാലും പിതൃക്കളാലും ദൈവത്താലും അനുഗ്രഹീതമായ മാസമാണ് കർക്കടകം.

ആചാര്യ ഭദ്ര

ആദ്യാത്മിക പ്രഭാഷക