തിരുവനന്തപുരം :ഒക്ടോബർ 19ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകണമെന്ന് ദേശീയ അധ്യാപക പരിഷത്ത്(NTU )ആവശ്യപ്പെട്ടു
കേരളത്തിലെ വിവിധ വിഭാഗം ജനങ്ങൾ ആചരിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരികവും ആചാരപരവുമായ ചടങ്ങാണ് ദുർഗാഷ്‌ടമിയോടനുബന്ധിച്ചുള്ള ഗ്രന്ഥംവെപ്പ്. ഈ 2026 ഒക്ടോബർ മാസം 18-ന് ഗ്രന്ഥംവെയ്പ്പ് നടക്കുകയാണ്.
ഗ്രന്ഥംവെയ്പ്പിന് പിറ്റെദിവസം, അതായത് ഒക്ടോബർ 19-ന് പുസ്‌തകങ്ങളും ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും തൊടരുതെന്നത് ഈ ആചാരത്തിൻ്റെ പ്രധാന ഭാഗമാണ്. എന്നാൽ ഒക്ടോബർ 19 തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും പഠനോപകരണങ്ങളും ഒഴിവാക്കാനാകാത്ത വിധം ഉപയോഗിക്കേണ്ടി വരുന്നതിനാൽ, ഒക്ടോബർ 19-ന് ദുർഗ്ഗാഷ്‌ടമി പ്രവർത്തിദിനമായി തുടരുന്നത് ഗ്രന്ഥംവെപ്പ് ആചാരത്തിന്റെ ഭാഗമായി പാലിച്ചുവരുന്ന വിശ്വാസങ്ങളെ ലംഘിക്കാൻ ഇടയാക്കുന്നതാണ്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കുന്നതോടൊപ്പം, വിദ്യാലയങ്ങളിൽ അനാവശ്യമായ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ഒക്ടോബർ 19-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (NTU) കേരളം കരുതുന്നു.
ആയതിനാൽ, ഒക്ടോബർ 19 തിങ്കളാഴ്‌ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പൊതു അവധി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ NTU ആവശ്യപ്പെട്ടു.
