പ്രഭുജ്ജ്വല പ്രഭയേറിയ സുവർണ്ണ ലങ്കയുടെ എക്കാലത്തെയും പട്ടമഹിഷിയും ലങ്കശ്വരന്റെ പത്നിയും അപ്സര പുത്രിയുമായ *മണ്ഡോദരി :-
ലങ്കാപതിയായ രാവണന്റെ പത്നിയാണ് മണ്ഡോദരി. അവർ ഒരു അപ്സരസ്സംഭവയാണ്.
ദേവകൾ മയനെന്ന അസുരശില്പിക്കു ഹേമയെന്ന അപ്സരസ്സിനെ വിവാഹചെയ്തു കൊടുത്തു അവർക്കു മണ്ഡോദരിയെന്ന സുന്ദരിയായ മകൾ ജനിച്ചു. പഞ്ചകന്യകമാരിൽ ഒരാളായും മണ്ഡോദരിയെ കണക്കാക്കുന്നു. രാവണന്റെ ദുർമാർഗ്ഗങ്ങളെ ശക്തമായി എതിർക്കുകയും സീതയെ രാമന് നൽകാൻ ഉപദേശിക്കുകയും ചെയ്ത നീതിനിഷ്ഠയായ ഒരു സ്ത്രീരത്നം ആണ് അവർ.
രാവണൻ രാമനോട് പൊരുതിതോൽപ്പിച്ചു സീതയെ കൈവശമാക്കിയിരുന്നു എങ്കിൽ അന്നത്തെ നീതിപ്രകാരം വീരോചിതമായി വാഴ്ത്തപെടുമായിരുന്നു വെന്നും. എന്നാൽ ചതിയാൽ കൈവശമാക്കാൻ ശ്രമിച്ചത് അന്നേവരെയുള്ള രാവണന്റെ പൗരുഷപ്രേരിതമായ പരാക്രമങ്ങളുടെ വകുപ്പിൽ വരുന്നില്ലെന്നും, കട്ടുകൊണ്ട്പോകൽ ആണത്തമുള്ളവർക്ക് ചേർന്നതല്ല എന്ന് മണ്ഡോദരി നിക്ഷ്പക്ഷതയുടെ വക്താവായി തന്നെ പറയുന്നുണ്ട്. പാപഫലം തന്നെയാണ് അനുഭവിക്കുന്നതെന്നും അവൾക്കറിയാമായിരുന്നു. നിർണ്ണായക യുദ്ധവേളയിൽ രാക്ഷസ
കുലത്തിന്റെ രഹസ്യങ്ങൾ ചോർത്തികൊടുത്തിട്ടും, കുലദ്രോഹിയായി മറ്റുള്ളവർ വിഭീഷണനെ കുറ്റപ്പെടുത്തുമ്പോഴും മണ്ഡോദരി ഭർതൃസഹോദരനെപറ്റി ഒന്നും മിണ്ടിയില്ല.
മഹാഭാരതത്തിൽ സ്വപുത്രപക്ഷത്തിനു നിരുപാധികമായജയം ആശംസിക്കാതെ “യതോധർമ്മസ്തതോ ജയ:” എന്ന് ഗാന്ധാരി ആശംസിക്കുന്നത് പോലെ, രാമൻ സത്യധർമ്മങ്ങൾ വെടിയുന്നവനല്ലെന്ന ചിന്തയാൽ ശുഭം ചെയ്തവർക്ക് ശുഭം വരുമെന്നതിന് നിദർശനമായി വിഭീഷണനെ ചൂണ്ടികാട്ടുന്നത് മണ്ഡോദരിയുടെ ഈ ധർമ്മ സമീപനത്തിന്റ പ്രതിധ്വനിയാണെന്ന് പറയാം.
സീതയ്ക്ക് കുലം, അഴക്, മികവ് എന്നിങ്ങനെയുള്ള ഏതെങ്കിലും ഒന്നിൽ തന്നെക്കാൾ ഉത്ഘർഷമുണ്ടെന്നു കരുതത്തക്കവണ്ണം ആത്മവിശ്വാസം ഇല്ലായ്മ മണ്ഡോദരിക്കില്ല. എന്നിട്ടും പരസ്ത്രീയെ കാമിച്ചത് ഷഡ്ഗുണങ്ങളിൽ നാലാമത്തേതിന്റെ ലംഘനം ആണെന്ന് അവർ പ്രതികരിക്കുന്നുണ്ട്.
രാമബാണങ്ങളാൽ പിളർന്ന രാവണന്റെ ശരീരത്തിൽ നിന്നും ഒഴുകുന്ന രക്തത്തിൽ മൂർച്ഛിച്ചു വീണു ദുർവിധിയോർത്തു വിലപിക്കുമ്പോഴും തന്റെ പ്രതാപശാലിയായ ഭർത്താവിന്റെ ആകാരഗാംഭീര്യ സൗന്ദര്യാതികൾ വർണ്ണിച്ചും, ഇദ്രനെ ജയിച്ച പുത്രന്റെ പേരിലും താൻ അഭിമാനിച്ചതും, പുഷ്കവിമാനമേറി ലോകം മുഴുവൻ ചുറ്റികറങ്ങി നനാദേശങ്ങളിലും വസിച്ചതും,ഓർത്തു ഇനി ആ പ്രതാപശാലിയായ തന്റെ ഭർത്താവിന്റെ ധീരഥകൾ ഓരോന്നോരോന്നായി എടുത്തു പറഞ്ഞു അപ്രകാരമുള്ളൊരു മഹാപുരുഷൻ എന്നെന്നേക്കുമായി വിട്ടു പോയെന്നറിഞ്ഞിട്ടും താൻ ഇനിയും ജീവിച്ചിരിക്കുന്നുവല്ലോ എന്ന് കേവലമൊരനാഥയുടെ നിസ്സഹായതയിൽ വിലപിക്കുമ്പോഴും മണ്ഡോദരി തന്റെ വൈധവ്യത്തിന് ഹേതുവായ സീതയെ കുറ്റപ്പെടുത്തുന്നില്ല. അരുന്ധതീ ദേവിയെക്കാളും രോഹിണി ദേവിയെക്കാളും വീശിഷ്ടയായ സീതയെ പ്രേമിച്ചതും ബലാൽ അപഹരിച്ചതും തെറ്റുതന്നെയായിരുന്നു എന്നാണ് ഭർത്താവിന്റെ വിയോഗത്തിലും വിലപിക്കുമ്പോൾ മണ്ഡോദരി പറയുന്നത്.
ഭർത്താവ് സുചരിതനല്ലാതിരുന്നിട്ടും പാതിവ്രത്യത്തിൽ സീതയെപ്പോലെത്തന്നെ നിഷ്ഠയുള്ള മണ്ഡോദരിക്കും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികൾ പലതും ഉണ്ട്. രാവണൻ പരസ്ത്രീരതനായതു മണ്ഡോദരിയുടെ അഭിമാനത്തെ മുറിപ്പെടുത്തിരിക്കും എന്നിട്ടും അവൾ തന്റെ നിഷ്ഠയെ കൈവിട്ടില്ല ഒരുകാലത്തും. ഭർത്താവിന്റെ ചിരകാല ആയുസ്സിന് വേണ്ടി സഹസികയതയുടെ ഏതറ്റവരെയും പോയ സ്നേഹമയിയായ ഭാര്യയായിരുന്നു മണ്ഡോദരി.
പഞ്ചകന്യകമാരിൽ ഒരുവളായി ഇന്നും ബഹുമാനിക്കുന്ന മണ്ഡോദരി സുവർണലങ്കയുടെ മഹാരാഞ്ജിയായി ഇന്നും ജനഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. 
ആചാര്യ ഭദ്ര
ആദ്ധ്യാത്മിക പ്രഭാഷക
