വെളിയണ്ണൂർ ചല്ലിയിൽ സമഗ്ര കാർഷിക വികസന പദ്ധതി: കൃഷിമന്ത്രി ടി. സിദ്ദിഖ് സ്ഥലം സന്ദർശിച്ചു1 min read

​കൊയിലാണ്ടി: ചിറ്റാരിക്കൽ വെളിയണ്ണൂർ ചല്ലിയിലെ നെൽകൃഷിയും അനുബന്ധ കാർഷിക മേഖലകളും വീണ്ടെടുക്കുന്നതിനായി സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. പ്രദേശം നേരിട്ടു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
​സ്ഥലം എം.എൽ.എ കെ. പ്രവീൺ കുമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കർഷകർ എന്നിവരുമായി മന്ത്രി വിശദമായ ചർച്ച നടത്തി. വെളിയണ്ണൂർ ചല്ലിയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ പദ്ധതി തയ്യാറാക്കാൻ കേരള കാർഷിക സർവകലാശാലയുടെ വിദഗ്ധ സംഘത്തെ മണ്ണ്-ജല പരിശോധനകൾക്കായി ഉടൻ നിയോഗിക്കും. നെല്ല്, പച്ചക്കറി, ജൈവകൃഷി എന്നിവയ്ക്കൊപ്പം മത്സ്യകൃഷി, വളം നിർമ്മാണം എന്നിവ ഏകോപിപ്പിച്ചുള്ള സംയോജിത കൃഷി രീതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.


​പാടശേഖര സമിതികളെ കൂടുതൽ സജീവമാക്കാൻ കൃഷിവകുപ്പിന് മന്ത്രി കർശന നിർദ്ദേശം നൽകി. തുടർനടപടികൾക്കായി 10 ദിവസത്തിനകം ജനപ്രതിനിധികൾ, കർഷകർ കൃഷി വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. സന്ദർശനത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ, പ്രാദേശിക ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.