കാർഷിക മേഖലയിൽ വൻ പദ്ധതികളുമായി സംസ്ഥാന സർക്കാർ: മേപ്പയ്യൂരിൽ ‘എവർഗ്രീൻസ് നിലവറ’ ഉദ്ഘാടനം ചെയ്തു1 min read

 

മേപ്പയ്യൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ മറികടന്ന് കർഷകരെ ചേർത്തുപിടിക്കുന്നതിനായി സംസ്ഥാന സർക്കാർ സമഗ്ര കാർഷിക പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പ്രസ്താവിച്ചു. കേരള സർക്കാർ കൃഷിവകുപ്പ്, ആത്മ കോഴിക്കോട്, എവർഗ്രീൻസ് ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (വടകര-തിക്കോടി ബ്ലോക്ക്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂർ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച ‘എവർഗ്രീൻസ് നിലവറ’ കാർഷികോത്പന്ന വിപണന കേന്ദ്രത്തിന്റെ (FPO ഔട്ട്‌ലെറ്റ്) ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുക, വിഷരഹിത പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കടുത്ത ചൂടും മഴയും മൂലം കൃഷിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുമായി ചേർന്ന് ശാസ്ത്രീയ കാർഷിക രീതികൾ നടപ്പിലാക്കും. ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ ഒക്ടോബറിൽ 500 സ്‌കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. വീട്ടിലും സ്‌കൂളിലും കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി ഓരോ സ്‌കൂളിനും 10,000 രൂപ വീതം അനുവദിക്കും.

2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വനിതകൾക്കായി 3.50 കോടി രൂപ ചെലവിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന കൃഷി സഖി’ പദ്ധതി നടപ്പിലാക്കും. കർഷകർക്ക് ഡ്രോൺ പരിശീലനം നൽകുന്നതിനായി എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ വയനാട്ടിൽ പരിശീലനം നൽകുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത കൃഷിരീതികൾ പരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്താൻ വരും മാസങ്ങളിൽ ‘എക്‌സ്‌പോർട്ടേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഒൾഗ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് പദ്ധതി വിശദീകരണവും, എവർഗ്രീൻ എഫ്.പി.ഒ സെക്രട്ടറി മൊയ്തീൻ കമ്മന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ നേർന്നു.
എവർഗ്രീൻ എഫ്.പി.ഒ പ്രസിഡന്റ് രവീന്ദ്രൻ പടയക്കണ്ടി നന്ദി രേഖപ്പെടുത്തി. തുടർന്ന് പെരുവണ്ണാമൂഴി കെ.വി.കെ ഹോം സയൻസ് വിഭാഗം വിഷയാധിഷ്ഠിത വിദഗ്ധ ഡോ. ദീപ്തി എം. നയിച്ച കർഷക പരിശീലന ക്ലാസും നടന്നു.