കൊല്ലത്തെ ഉണിച്ചക്കം വീട്ടിൽ ഈശ്വരിയമ്മയുടെയും വടക്കോട്ട് ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ച കെ.ജി. പരമേശ്വരൻ പിള്ള, ഈശ്വരഭക്തിയും നീതിനിഷ്ഠയും ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വമായിരുന്നു.
1926-ൽ മുത്തുസ്വാമി റെഡ്യാരിൽനിന്ന് ഒരു പ്രസ്സ് വാങ്ങി കൊല്ലത്ത് “ശ്രീരാമവിലാസം” എന്ന പേരിൽ പ്രസിദ്ധീകരണശാല സ്ഥാപിച്ചു. ശ്രീരാമവിലാസം പ്രസിദ്ധീകരണശാലയിൽനിന്ന് നൂറുകണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആട്ടക്കഥകൾ, തുള്ളൽക്കഥകൾ, പുരാണകൃതികൾ, വ്യാഖ്യാനങ്ങൾ, നോവലുകൾ തുടങ്ങി സാഹിത്യത്തിന്റെ നാനാശാഖകളിലേക്കും അതിന്റെ പ്രവർത്തനം വ്യാപിച്ചു.
1928-ൽ കെ.ജി. പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലും അദ്ദേഹത്തിന്റെ അനുജനും പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയുമായ കെ.ജി. ശങ്കറിന്റെ പത്രാധിപത്യത്തിലും ശ്രീരാമവിലാസം പ്രസിൽനിന്ന് “മലയാള രാജ്യം” പത്രം ആരംഭിച്ചു. ആദ്യം വാരികയായി ആരംഭിച്ച പത്രം 1930-ൽ ദിനപ്പത്രമായി മാറി. കേരളത്തിലെ പ്രഥമ പ്രഭാതദിനപത്രമായിരുന്നു മലയാള രാജ്യം.
ദേശീയപ്രസ്ഥാനവുമായി ഈ കുടുംബത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ചരിത്രസാക്ഷ്യമായ ഒരു സംഭവമാണ് 1937 ജനുവരി 16-ന് മഹാത്മാഗാന്ധി കെ.ജി. പരമേശ്വരൻ പിള്ളയുടെ വസതി സന്ദർശിച്ചത്. രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ അനുജനും മലയാള രാജ്യം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന ഗാന്ധിജിയുടെ ശിഷ്യനും ആയിരുന്ന കെ.ജി. ശങ്കറുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുന്നതിനായാണ് ഗാന്ധിജി അവിടെ എത്തിയത്.
1928 മുതൽ 1931 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ കൊല്ലം (ജനറൽ റൂറൽ) നിയോജകമണ്ഡലത്തിൽനിന്ന് അംഗമായിരുന്ന അദ്ദേഹം, തുടർന്ന് 1932 മുതൽ 1948 വരെ തുടർച്ചയായി പതിനാറ് വർഷക്കാലം കൊല്ലം നഗരസഭയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 1944 മുതൽ 1947 വരെ ശ്രീമൂലം അസംബ്ലിയിലും അംഗമായിരുന്നു.
1942-ൽ എൻ.എസ്.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊല്ലത്തിന്റെ പൊതുജീവിതത്തിലും സാമൂഹികരംഗത്തും സജീവസാന്നിധ്യമായിരുന്നു.
കെ.ജി. പരമേശ്വരൻ പിള്ളയുടെ നഗരസഭാ അധ്യക്ഷകാലത്താണ് ചിന്നക്കടയിൽ ഓവർബ്രിഡ്ജിന് സമീപം നഗരസഭാ ഓഫീസ് മന്ദിരം നിർമ്മിക്കപ്പെട്ടത്. 1932-ൽ തറക്കല്ലിട്ട ഈ കെട്ടിടം 1937 ഡിസംബർ 8-ന് തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടനം ചെയ്തു.
1934-ൽ കൊല്ലം പവർഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ടതും അദ്ദേഹത്തിന്റെ പ്രവർത്തനകാലത്തായിരുന്നു. കൊല്ലം നഗരവീഥികളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്, പൊതുശ്മശാനങ്ങൾക്ക് മതിൽകെട്ടി സംരക്ഷണം ഒരുക്കിയത്, കൊല്ലത്ത് മലയാള രാജ്യം ബസ് സർവീസ് ആരംഭിച്ചത് തുടങ്ങി നഗരവികസനത്തിനും ജനജീവിത സൗകര്യങ്ങൾക്കുമായി അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
രാജ്യസേവനത്തിനുള്ള അംഗീകാരമായി 1116-ാം ആണ്ട് തുലാം മാസം 19-ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്, കെ.ജി. പരമേശ്വരൻ പിള്ളയെ “രാജ്യസേവാനിരത” ബഹുമതി നൽകി ആദരിച്ചു. 1938-ൽ ബ്രിട്ടീഷ് ചക്രവർത്തിയുടെ ജൂബിലി സ്മാരക കീർത്തിമുദ്രയും അദ്ദേഹത്തിന് ലഭിച്ചു.
1944-ൽ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് കൊല്ലം പൗരാവലി ചിന്നക്കടയിൽ മണിമേട നിർമ്മിച്ച് സമർപ്പിക്കുകയുണ്ടായി. ജനങ്ങൾ അദ്ദേഹത്തോടു പുലർത്തിയിരുന്ന ആദരവിന്റെ സ്മാരകമായിരുന്നു അത്.
മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യരുടെ “കേരളസാഹിത്യചരിത്രം”, ജി. പ്രിയദർശൻ സാറിന്റെ “അമ്പത്തൊന്ന് കേരള പ്രതിഭകൾ”, സി. നാരായണപിള്ളയുടെ “പോയ തലമുറ”, കോഴിശ്ശേരിൽ വി. ലക്ഷ്മണൻ സാറിന്റെ “കൊല്ലത്തിന്റെ ആധുനിക ചരിത്രം” എന്നീ പുസ്തകങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.മുൻ ഐ.ജി. ശ്രീ എൻ.ചന്ദ്രശേഖരൻ നായരുടെ ആത്മകഥ “ഐ.ജി സ്‌മരണകൾ “,സാമൂഹ്യ പരിഷ്കർത്താവ്ഭാരത കേസരി മന്നത്ത് പത്മനാഭൻ ആത്മകഥ “എൻ്റെജീവിത സ്മരണകൾ “,കേരള നിയമസഭാസെക്രട്ടറിയേറ്റ് പ്രസിദ്ധീകരിച്ച “Hundred Years of Legislative Bodies in Kerala 1888-1988”, തുടങ്ങിയപുസ്തകങ്ങളിൽ കെ.ജി. പരമേശ്വരൻ പിള്ളയെ സ്മരിക്കുന്നുണ്ട്.
അവിവാഹിതനായിരുന്ന കെ.ജി. പരമേശ്വരൻ പിള്ള 1948-ലെ ചിങ്ങമാസം 15-ാം തീയതി അന്തരിച്ചു.
കൊല്ലത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പത്രപ്രവർത്തന, പ്രസാധന ചരിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആ മഹത് വ്യക്തിത്വത്തിന് 78-ാം സ്മൃതിദിനത്തിൽ
സ്മരണാഞ്ജലികൾ
2026-08-31
