വിഷ്ണു വിനോദിന് അർദ്ധശതകം; അവസാന ഓവറിൽ കൊടുങ്കാറ്റായി നിഖിൽ എം1 min read

 

​തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിന്റെ ആരാധകരെ ആവേശക്കൊടുമുടിയിലാക്കി വിഷ്ണു വിനോദിന്റെയും നിഖിൽ എമ്മിന്റെയും തകർപ്പൻ ബാറ്റിങ്. കെസിഎല്ലിൽ വ്യാഴാഴ്ച്ച കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെതിരെ നടന്ന മത്സരത്തിലാണ് ഇരുവരും ട്രിവാൻഡ്രം റോയൽസിനായി ബാറ്റുകൊണ്ട് വിസ്മയം തീർത്തത്. ഈ സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന വിഷ്ണു വിനോദിന്റെ അർദ്ധസെഞ്ചുറിയും, അവസാന ഓവറിൽ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായി മാറിയ നിഖിലിന്റെ വെടിക്കെട്ടുമാണ് ട്രിവാൻഡ്രത്തിന്റെ ഇന്നിങ്സിന് കരുത്തായത്. ഇവരുടെ ബാറ്റിങ് മികവിലാണ് ടീം 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന മികച്ച നിലയിലേക്ക് എത്തിയത്.

​ഓപ്പണർ അഭിഷേക് പി നായർ തുടക്കത്തിലേ മടങ്ങിയെങ്കിലും ക്രീസിലെത്തിയ വിഷ്ണു വിനോദ് ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ കൂട്ടുപിടിച്ച് ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഹരികൃഷ്ണൻ എറിഞ്ഞ രണ്ടാം ഓവറിൽ ബൗണ്ടറി പായിച്ച് വിഷ്ണു തന്റെ നയം വ്യക്തമാക്കി. പിന്നീട് കൃഷ്ണപ്രസാദുമൊത്ത് 46 പന്തിൽ 61 റൺസിന്റെ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തിയ താരം, അഞ്ചാം ഓവറിൽ അഖിൻ സത്താറിനെ സിക്സറും ഫോറും പറത്തി കളിക്ക് ആവേശം പകർന്നു. ഈ ഓവറിൽ മാത്രം 16 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. എട്ടാം ഓവറിൽ ക്യാപ്റ്റനെ അഖിൻ സത്താർ മടക്കിയെങ്കിലും അതേ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി വിഷ്ണു പകരം വീട്ടി.

​പിന്നീട് അക്ഷയ് മനോഹറുമായി ചേർന്ന് 26 പന്തിൽ നിന്ന് 45 റൺസ് നേടി സ്കോർബോർഡ് ചലിപ്പിച്ച വിഷ്ണു പതിമൂന്നാം ഓവറിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. തുടർച്ചയായ രണ്ട് കൂറ്റൻ സിക്സറുകളാണ് ആ ഓവറിൽ വിഷ്ണുവിന്റെ ബാറ്റിൽ നിന്നും ഗ്യാലറിയിലേക്ക് പറന്നത്. ഒടുവിൽ വീണ്ടും അഖിൻ സത്താർ പന്തെറിയാനെത്തിയപ്പോൾ സിക്സർ പറത്തി ബാറ്റിങ് ആഘോഷമാക്കിയ വിഷ്ണു, തൊട്ടടുത്ത പന്തിൽ അരവിന്ദ് കെ.എസിന് ക്യാച്ച് നൽകി മടങ്ങി. 39 പന്തിൽ 4 കൂറ്റൻ സിക്സും 3 ഫോറുമടക്കം 59 റൺസെടുത്താണ് താരം പവലിയനിലേക്ക് തിരിച്ചത്.

​വിഷ്ണുവിന്റെ മടക്കത്തിന് ശേഷം ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചത് ബാറ്റിങ് വെടിക്കെട്ടിനാണ്. എട്ടാമനായി ക്രീസിലെത്തിയ നിഖിൽ അവസാന ഓവറിൽ അക്ഷരാർത്ഥത്തിൽ കത്തിക്കയറി. അഖിൻ സത്താർ എറിഞ്ഞ ആ ഓവറിൽ നിഖിലിന്റെ ബാറ്റിങ് ചൂട് കാലിക്കറ്റ് ശരിക്കും അറിഞ്ഞു. നേരിട്ടത് വെറും അഞ്ച് പന്തുകൾ; അതിൽ മൂന്ന് തവണ പന്ത് ഗ്യാലറിയിലെത്തിച്ച നിഖിൽ ഒരു തവണ ബൗണ്ടറിയും കടത്തി. അവസാന ഓവറിൽ മാത്രം 23 റൺസ് പിറന്നപ്പോൾ വെറും 5 പന്തിൽ നിന്ന് പുറത്താകാതെ 22 റൺസ് വാരിയ നിഖിലിന്റെ കരുത്തിലാണ് ട്രിവാൻഡ്രം തങ്ങളുടെ സ്കോർബോർഡ് 183-ൽ എത്തിച്ചത്.