തിരുവനന്തപുരം: വടക്കൻ-തെക്കൻ കളരിപ്പയറ്റുകളിൽ പ്രഗത്ഭനായിരുന്ന മാധവ മഠം രാമചന്ദ്രൻ നായർ ഗുരുക്കൾ സ്മാരക സി.വി.എൻ കളരി ‘ഗുരുപൂജ പുരസ്കാരം’ കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടറുമായ ജി. രാധാകൃഷ്ണന് ലഭിച്ചു. കായിക മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന മത്സരങ്ങളിൽ 1986 മുതൽ 1998 വരെ തുടർച്ചയായി 13 വർഷം ജി. രാധാകൃഷ്ണൻ ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. കൂടാതെ, യുവജനക്ഷേമ ബോർഡ് നടത്തിയ മത്സരങ്ങളിലും അദ്ദേഹം തുടർച്ചയായി ആറുതവണ വിജയം കൈവരിച്ചിട്ടുണ്ട്. നിലവിൽ ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർഷ്യൽ ആർട്സിലും പൂന്തുറ സോമൻ കളരിപ്പയറ്റ് അക്കാദമിയിലും മുഖ്യപരിശീലകനായി സേവനം അനുഷ്ഠിച്ചുവരികയാണ്.
