ചരിത്രത്തിന്റെ രാജപാതയിലെ ജ്യോതിസ്വരൂപമായ ശ്രീനാരായണ ഗുരുദേവൻ… ലേഖനം.. ആചാര്യ ഭദ്ര1 min read

ചരിത്രത്തിന്റെ രാജപാതയിൽ മാർഗ്ഗരേഖപോലെ മഹാന്മാർ നിൽക്കുന്നു:
നമ്മുടെയെല്ലാം ആത്മചൈതന്യത്തെ സദാ പ്രകാശിപ്പിച്ചു നിൽക്കുന്ന ജ്യോതിസ്വരൂപമാണ് ശ്രീനാരായണ ഗുരുദേവൻ. ഒരു കാലഘട്ടത്തിന്റെ ജീവശ്വാസവും സ്പന്ദനവും ആയിരുന്നു ഗുരുദേവൻ. എന്നാൽ നാമിന്ന് ചില സ്മരണകളിലേയ്ക്ക് മാത്രം ഗുരുവിനെ ഒതുക്കുകയാണ്.
അതിനപ്പുറം ഗുരു ആരായിരുന്നു? ഏതു സാഹചര്യത്തിലാണ് ഗുരു തന്റെ ജീവിതം പൂർണ്ണമായും ഈ സമൂഹത്തിനായി സമർപ്പിച്ചത്? ആ കാലഘട്ടത്തിൽ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഏതുവിധമായിരുന്നു?
അതിനായി സ്വാമിജി ജീവിച്ചിരുന്ന ആ കാലഘട്ടത്തെയാണ് ആദ്യം പഠിക്കേണ്ടത്. മനസ്സുകൊണ്ട് ആ സാഹചര്യത്തിൽ നമുക്ക് കുറച്ചുനേരം ജീവിച്ചുനോക്കാം…. എന്നിട്ട് തീരുമാനിക്കാം അദ്ദേഹം ആരായിരുന്നു എന്ന്.
തൊഴിക്കുംതോറും തൊഴുകയും തൊഴുംതോറും തൊഴി വാങ്ങേണ്ടിവരുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തിന്റെ ആത്മരോദനത്തെ നാം ആദ്യം ആർദ്രപൂർവ്വം കേൾക്കണം. ആ രോദനം നമ്മുടേതാണെന്നു അറിയുന്നവിധം കേൾക്കണം. ആ ദാരുണമായ സാഹചര്യത്തിൽ മൃഗങ്ങളുടെ കൂട്ടത്തിൽ മുരളുന്ന ഒരു മൃഗമായിട്ട് മാത്രം ജീവിക്കേണ്ടിവന്ന ഈഴവർ മുതൽ താഴേയ്ക്കുള്ള സമുദായങ്ങളുടെ ദയനീയാവസ്ഥയെ നാം കാണണം.
ഇന്ന് നാം അനുഭവിക്കുന്ന ഏതൊരു സ്വാതന്ത്ര്യവുമില്ലാത്ത കാലഘട്ടം. സവർണ്ണരിൽനിന്നും 64 അടി മാറിനിൽക്കാൻ നിർബന്ധമായിരുന്ന കാലഘട്ടം. പിറന്ന നാട്ടിൽ ഒന്നു വഴിനടക്കാൻ ഒരു നായ്ക്കുള്ള സ്വാതന്ത്ര്യം പോലും ആവശ്യപ്പെടാൻ ഈഴവൻ അന്ന് ധൈര്യപ്പെട്ടിരുന്നില്ല.
ആർത്തിരമ്പുന്ന തിരമാലകളോട് ജീവനിൽ ഭയമില്ലാതെ പൊരുതുന്ന മുക്കുവനും ബ്രാഹ്മണന്റെ “ഹോയ്” വിളികേട്ടാൽ പേടിച്ചോടുന്നത് കണ്ട് ഗുരുദേവൻ അത്ഭുതപ്പെട്ടുപോയി.
എന്തിനേറെ, നഗ്നത മറയ്ക്കുന്നതിനു പോലും അവകാശമില്ല. ഇങ്ങനെയുള്ളൊരു സമൂഹത്തിന്റെ ആത്മരോദനത്തെ മനസ്സിലാക്കിയ ആ ഇരുളടഞ്ഞ കാലത്തിന്റെ പ്രകാശമായെത്തിയ ദിവ്യപ്രഭയാണ് ഗുരുദേവൻ.
ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും നികൃഷ്ടമായ മുഖത്തോടുകൂടി ഉറഞ്ഞുതുള്ളുന്ന കാലഘട്ടത്തിൽ, സ്വാമി വിവേകാനന്ദൻ പോലും കേരളത്തെ ഭ്രാന്താലയം എന്ന് പറഞ്ഞു ഉപേക്ഷിച്ചുപോയ കാലഘട്ടത്തിലാണ് നമ്മുടെ ഗുരുദേവൻ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചെങ്കോലും കൈയിലേന്തി അന്നത്തെ സാമൂഹ്യാനാചാരങ്ങൾക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന പ്രൗഢഗംഭീരമായ തത്ത്വോപദേശങ്ങൾ ലോകജനതയ്ക്ക് നൽകി; മനുഷ്യരെ ഒരു ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുകയും, കേരളം ഒരു ഭ്രാന്താലയം എന്ന അവസ്ഥയിൽനിന്നും ദൈവത്തിന്റെ സ്വന്തം നാടെന്ന അവസ്ഥയിലേയ്ക്ക് കൊണ്ടുവരാൻ ഗുരു നടത്തിയ ശ്രമങ്ങൾ അന്നത്തെ സാഹചര്യത്തിൽ ഒരു പരിധിവരെ വിജയിച്ചുവെന്നു പറയാം.
തന്റെ ദീർഘമായ ഒരു ആയുഷ്കാലത്ത് അവിരാമമായ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടും ഒരു തരത്തിലും വ്യക്തിഗതമായി ഒരു കളങ്കവുമുണ്ടാക്കാതെ, ക്ഷോഭിച്ച് ഒരു കുത്തുവാക്കുപോലും പറയാതെ ജീവിക്കാൻ കഴിഞ്ഞ മനുഷ്യനാണ് ഗുരു. ഏതൊന്നിനെയും എതിർത്തുപറയാതെ നന്മയെ മാത്രം ലക്ഷ്യമാക്കി എല്ലാത്തിനും എതിരെ പ്രവർത്തിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം. തന്റെ അത്യപാരമായ സ്വാധീനശക്തി, പാണ്ഡിത്യം, അതികുശാഗ്രബുദ്ധി, അധൈര്യമറിയാത്ത സ്വതന്ത്രചിന്താശക്തി, ഇതിനെയെല്ലാം ഒരു കലവറയും കൂടാതെ ഏറ്റവും പ്രായോഗികമായ രീതിയിൽ കേരളത്തിനർപ്പിച്ച ഒരു ചരിത്രപുരുഷനാണ് ഗുരുദേവൻ. അദ്ദേഹം ജീവിച്ച ചരിത്രപശ്ചാത്തലത്തിൽ അദ്ദേഹത്തെ ഘടിപ്പിക്കുമ്പോൾ ഈ കേരളത്തിൽ ഇന്നുവരെ ജനിച്ചതിൽ ഏറ്റവും വലിയൊരു മഹത്വമായിരുന്നു അദ്ദേഹം.
ഗുരുവിന്റെ പ്രവർത്തനങ്ങൾക്ക് ബഹുമുഖത്വമുണ്ടായിരുന്നു. അവ ഒരിക്കലും മതത്തിന്റെ മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിന്നില്ല. മനുഷ്യന്റെ സമഗ്രവികസനം, വ്യക്തിത്വത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരം, അതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിദ്യാഭ്യാസംകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനുമാണ് ഗുരു ഉപദേശിച്ചത്.
ലാളിത്യമുള്ള അദ്ദേഹത്തിന്റെ പല കൃതികളിലും വേദധ്വനി മുഴങ്ങിനിൽക്കുന്നു. വിഗ്രഹപ്രതിഷ്ഠ മുതൽ കണ്ണാടിപ്രതിഷ്ഠ വരെയുള്ള അദ്ദേഹത്തിന്റെ നവോത്ഥാനയാത്രയിൽ പറയാതെ പറഞ്ഞതും, പഠിപ്പിക്കാതെ തന്നെ പഠിപ്പിച്ചതുമായ ഒരുപാട് വേദസത്യങ്ങൾ നിറഞ്ഞുനിൽക്കുന്നു.

ആചാര്യ ഭദ്ര 

അദ്ധ്യാത്മിക പ്രഭാഷക