അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ: മുട്ടടയിൽ ഉടമസ്ഥർ സ്വമേധയാ നിർമ്മാണം പൊളിച്ചു മാറ്റിയത് സ്വാഗതാർഹം1 min read

തിരുവനന്തപുരം:തലസ്ഥാന നഗരിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അനധികൃത നിർമ്മാണങ്ങൾക്കും ഫുട്പാത്ത് കയ്യേറ്റങ്ങൾക്കുമെതിരെ നടപടികൾ കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി, മുട്ടടയിൽ റോഡിനോട് ചേർന്ന് അനധികൃതമായി നിർമ്മിച്ച റെസ്റ്റോറന്റ് കെട്ടിടം ഉടമസ്ഥർ തന്നെ സ്വമേധയാ പൊളിച്ചുമാറ്റി. “അനധികൃതമായി കെട്ടിടങ്ങൾ പണിയുന്നവർ തന്നെ അത് പൊളിച്ചു മാറ്റേണ്ടി വരും” എന്ന മേയർ ശ്രീ:വി.വി രാജേഷിന്റെ വ്യക്തമായ മുന്നറിയിപ്പ് നഗരത്തിൽ ഫലം കാണുന്നു എന്നതിന്റെ തെളിവാണിത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് തിരുവനന്തപുരം നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള വലിയ വികസന പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു തലസ്ഥാന നഗരിയിൽ ഇത്തരം നിയമവിരുദ്ധ നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അനുവദിക്കാനാകില്ല. നഗരത്തിലുണ്ടാകുന്ന തീപിടുത്തങ്ങൾ, നിസ്സാര മഴയിൽ പോലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ, മാലിന്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രധാന കാരണം ഇത്തരം അനധികൃത നിർമ്മാണങ്ങളാണ്. അതിനാൽ പൊതുജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും പൂർണ്ണമായും നിയമവിധേയമായി മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് കോർപ്പറേഷൻ വ്യക്തമാക്കി.

കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന സ്റ്റോപ്പ് മെമ്മോ വകവെയ്ക്കാതെ രാത്രികാലങ്ങളിലും കോടതി അവധി ദിവസങ്ങളിലും നിർമ്മാണം തുടരുന്ന രീതി ചില കേന്ദ്രങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും. ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.

അതേസമയം, മുട്ടടയിൽ അനധികൃത നിർമ്മാണം നടത്തിയ കെട്ടിട ഉടമകൾ കോർപ്പറേഷൻ എഞ്ചിനീയറിംഗ്, ഹെൽത്ത് വിഭാഗങ്ങളെ സമീപിച്ച് സ്വയം തിരുത്തലിന് തയ്യാറായതിനെ കോർപ്പറേഷൻ സ്വാഗതം ചെയ്യുന്നു. കോർപ്പറേഷൻ അംഗീകരിച്ച പ്ലാൻ അനുസരിച്ച് പുതിയ അപേക്ഷ സമർപ്പിച്ചാൽ കെട്ടിട ലൈസൻസും ഹെൽത്ത് ലൈസൻസും വേഗത്തിൽ നൽകാനും അവരുടെ നിയമപരമായ ബിസിനസിന് എല്ലാ പിന്തുണയും നൽകാനും തയ്യാറാണ്. നഗരത്തിൽ മറ്റെവിടെയെങ്കിലും ഇത്തരത്തിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളവരും അത് സ്വമേധയാ പൊളിച്ചുമാറ്റാൻ മുന്നോട്ട് വരണമെന്നും വരും ദിവസങ്ങളിലും കോർപ്പറേഷന്റെ മിന്നൽ പരിശോധനകൾ തുടരുമെന്നും മേയർ അറിയിച്ചു.

ഇതോടൊപ്പം പൊതുജനങ്ങൾക്ക് കാൽനടയാത്ര സുഗമമാക്കുന്നതിനായി, ഫുട്പാത്ത് കയ്യേറ്റങ്ങൾ ഒഴിവാക്കുന്ന നടപടികൾ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഉപജീവനത്തിനായി കച്ചവടം നടത്തുന്ന യഥാർത്ഥ തെരുവ് കച്ചവടക്കാരെ നിയമപരമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ വഴുതക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രാത്രികാല ഹോട്ടലുകൾ അനധികൃതമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; അവിടെ അടിയന്തര പരിശോധന നടത്തി കർശന നടപടി സ്വീകരിക്കും. നിയമവിധേയമായി പ്രവർത്തിക്കുന്ന എല്ലാ സംരംഭങ്ങൾക്കും തിരുവനന്തപുരം കോർപ്പറേഷന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെങ്കിലും നിയമലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മേയർ വ്യക്തമാക്കി..