രാമൻ ഇളയത് (1894–1967) ഇന്ന് 59-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം എഴുതുമ്പോൾ ഒരിക്കലും വിസ്മരിക്കാനാവാത്ത ധീരസേനാനികളിൽ ഒരാളാണ് രാമൻ ഇളയത്. സാമൂഹിക സമത്വത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച അദ്ദേഹം, ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും തന്റെ ആദർശങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറിയില്ല.
1894-ൽ മൂവാറ്റുപുഴ താലൂക്കിലെ പാലക്കുഴിയിലെ കീഴേട്ടില്ലത്ത് രാമൻ ഇളയത് ജനിച്ചു. യൗവനാരംഭം മുതൽ തന്നെ തീണ്ടൽ, തൊടീൽ തുടങ്ങിയ ജാതിവിവേചന അനാചാരങ്ങളോട് അദ്ദേഹത്തിന് ശക്തമായ വെറുപ്പുണ്ടായിരുന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമായുള്ള സൗഹൃദവും സാമൂഹിക നവോത്ഥാനചിന്തകളും അദ്ദേഹത്തെ വൈക്കം സത്യാഗ്രഹത്തിന്റെ മുൻനിര പോരാളികളിൽ ഒരാളാക്കി.
1924 ജൂൺ 27-ന് സന്നദ്ധഭടന്മാരോടൊപ്പം വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക് സത്യാഗ്രഹത്തിനായി നടന്നുപോകുമ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. വഴിയിൽ തടഞ്ഞുനിർത്തിയ സവർണ മർദ്ദകർ അദ്ദേഹത്തെ മർദിച്ചശേഷം ബലമായി കണ്ണിൽ ചുണ്ണാമ്പ് തേച്ചു. വിവരം അറിഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തെ സത്യാഗ്രഹ ക്യാമ്പിലെ വൈദ്യനായ രാമനാഥന്റെ അടുത്തെത്തിച്ച് ചികിത്സ നൽകി.
കണ്ണിലെ അസഹ്യമായ വേദനയിൽ അദ്ദേഹം അനുഭവിച്ച യാതനകൾ കണ്ടവർ കണ്ണീരോടെ നിന്നു. അദ്ദേഹത്തിന്റെ നിലവിളികൾ ആരോഗ്യവാന്മാരായ സന്ദർശകർക്കുപോലും സഹിക്കാനാകാത്തതായിരുന്നുവെന്ന് സമദർശി പത്രത്തിന്റെ വൈക്കം ലേഖകൻ റിപ്പോർട്ട് ചെയ്തിരുന്നു.രാമനാഥന്റെ ചികിത്സയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. അപ്പോഴാണ് സ്വാമി സത്യവ്രതൻ രാമൻ ഇളയതിനെ ശ്രീനാരായണ ഗുരുദേവന്റെ സന്നിധിയിലേക്ക് കൊണ്ടുപോയത്. ഗുരുദേവൻ നിർദേശിച്ച പ്രകാരം പർപ്പടകപ്പുല്ല് മുലപ്പാലിൽ അരച്ച് കണ്ണിൽ നീരുധാര ചെയ്യുക എന്ന ചികിത്സ കൃത്യമായി അനുഷ്ഠിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. ഗുരുദേവന്റെ കരുണയും ചികിത്സാവിധിയും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായി.
കേരളസമൂഹത്തെ ഞെട്ടിച്ച ഈ ക്രൂരതയെക്കുറിച്ച് കവി മൂലൂർ പത്മനാഭപ്പണിക്കർ തന്റെ കവിതയിൽ രോഷത്തോടെ ഇങ്ങനെ കുറിച്ചു:
“അഞ്ജനമെന്ന പോലെ ലേപനം ചെയ്യിക്കുന്നു…
പഞ്ചപാതകി കണ്ണിൽ ചുണ്ണാമ്പു തീവ്രതീവ്രം.”
1924 ജൂലൈ 3-ന് മഹാത്മാ ഗാന്ധിജി Young Indiaയിൽ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയും, രാമൻ ഇളയതിന്റെ ധീരതയെയും ത്യാഗത്തെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

വൈക്കം സത്യാഗ്രഹത്തിന് ശേഷം അദ്ദേഹം അയിത്തോച്ചാടനത്തിനും ഖാദി പ്രചാരണത്തിനും ജീവിതം സമർപ്പിച്ചു. ദളിതരായതിനാൽ വിദ്യാലയ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നൽകാൻ സ്വന്തം പറമ്പിൽ ഒരു വിദ്യാലയം ആരംഭിച്ചു. ആ വിദ്യാലയം ഉദ്ഘാടനം ചെയ്തത് മഹാത്മാ അയ്യങ്കാളിയായിരുന്നു. അവിടെ പഠിച്ചിരുന്ന കുട്ടികൾക്ക് സ്ലേറ്റ്, പെൻസിൽ, പുസ്തകങ്ങൾ മാത്രമല്ല, ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകി. വിദ്യാഭ്യാസത്തിലൂടെയാണ് സാമൂഹിക മോചനം സാധ്യമാകുകയെന്ന വിശ്വാസം അദ്ദേഹം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചു.
1937 ജനുവരി 12 മുതൽ 21 വരെ മഹാത്മാ ഗാന്ധിജി തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ, ജനുവരി 18-ന് വൈക്കത്ത് അദ്ദേഹം ഗാന്ധിജിയെ നേരിൽകണ്ട് ദീർഘനേരം സംസാരിച്ചു. ആ സന്ദർശനത്തിൽ മൂത്തമകൻ വാസുദേവനെയും കൂടെക്കൊണ്ടുപോയിരുന്നു. രാമൻ ഇളയതിന്റെ ആഗ്രഹപ്രകാരം വാസുദേവന് പൂണൂൽ അണിയിച്ച് ഉപനയനം നടത്തിയത് മഹാത്മാ ഗാന്ധിജിയായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ അതിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ടായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പിന് കാരണമായി. ഒടുവിൽ വസ്തുവകകൾ വിറ്റ് കുടുംബസമേതം തൃശൂരിനടുത്തേക്ക് താമസം മാറ്റേണ്ടിവന്നു. പിന്നീട് അദ്ദേഹത്തിന്റെ ദുരിതജീവിതം മനസ്സിലാക്കിയ കെ. കേളപ്പൻ നിലമ്പൂർ ഭൂദാന കോളനിയിൽ താമസിക്കാൻ ഭൂമി അനുവദിച്ചു. അവിടേക്കും അദ്ദേഹം താമസം മാറ്റിയെങ്കിലും കുടുംബദുരിതങ്ങൾ അവസാനിച്ചില്ല. ഭാര്യ സാവിത്രി അന്തർജനത്തിന്റെ മരണത്തെ തുടർന്ന് മക്കളെ തൃശൂർ അനാഥമന്ദിരത്തിൽ ഏൽപ്പിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അധ്യായങ്ങളിലൊന്നായിരുന്നു.
1967 ജൂലൈ 23-ന് തൃശൂരിൽ വച്ച് രാമൻ ഇളയത് അന്തരിച്ചു. ലാലൂർ പൊതുശ്മശാനത്തിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്കരിച്ചു.
സഹനത്തിന്റെയും ത്യാഗത്തിന്റെയും മറ്റൊരു പേരായിരുന്നു രാമൻ ഇളയത്. അധികാരത്തിന്റെയും ജാതിമേൽക്കോയ്മയുടെയും ക്രൂരതയ്ക്ക് മുമ്പിൽ ഒരിക്കലും തലകുനിക്കാതെ നിലകൊണ്ട അദ്ദേഹം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ധീരനായ മനുഷ്യാവകാശ പോരാളിയാണ്. സ്വന്തം ജീവിതവും കുടുംബസുഖവും സമ്പത്തും എല്ലാം സമൂഹനന്മയ്ക്കായി സമർപ്പിച്ച അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ത്യാഗങ്ങൾക്ക് അർഹമായ അംഗീകാരം ഇന്നും പൂർണമായി ലഭിച്ചിട്ടില്ല എന്നത് ചരിത്രത്തിന്റെ വേദനയാണ്.
കുടുംബം:
ഭാര്യ: സാവിത്രി അന്തർജനം(Late)
മക്കൾ: വാസുദേവൻ ഇളയത് (Late), സരോജിനി അന്തർജനം, പൽമ്മ അന്തർജനം (Late), ഗോപാലകൃഷ്ണൻ ഇളയത്, സാവിത്രി അന്തർജനം.
രാമൻ ഇളയതിന്റെ ത്യാഗവും ധീരതയും സാമൂഹിക നീതിക്കായുള്ള സമർപ്പണവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കട്ടെ.
പ്രണാമം… സ്മരണാഞ്ജലികൾ…
ചിത്രത്തിന് കടപ്പാട്: ജോസ് കരിമ്പന