അഡ്വ.പട്ടം എ. താണുപിള്ള (1885–1970) ഇന്ന് 56-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയചരിത്രത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനാ നിർമ്മാണചരിത്രത്തിലും സുവർണലിപികളിൽ രേഖപ്പെടുത്തിയ മഹാനായ രാഷ്ട്രനേതാവാണ് പട്ടം എ. താണുപിള്ള. സ്വാതന്ത്ര്യസമരസേനാനി, പ്രഗൽഭ അഭിഭാഷകൻ, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഭരണഘടനാ നിർമാണസഭാംഗം, തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രി, തിരുവിതാംകൂർ റിഫോംസ് കമ്മറ്റിയുടെ അധ്യക്ഷൻ,തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി, പഞ്ചാബ്, ആന്ധ്രപ്രദേശ് ഗവർണർ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളാണ്.
ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവെച്ച പതിമൂന്ന് മലയാളികളിൽ ഒരാളെന്ന അപൂർവ ബഹുമതി നേടിയ പട്ടം എ. താണുപിള്ള, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയ രാഷ്ട്രശില്പികളിൽ പ്രമുഖനാണ്. ജനാധിപത്യ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സത്യസന്ധമായ പൊതുജീവിതവും അദ്ദേഹത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മാതൃകാപുരുഷനാക്കി.
1885 ജൂലൈ 15-ന് തിരുവനന്തപുരത്തെ പട്ടത്ത് സംസ്കൃതപണ്ഡിതനായ വരദരായ്യന്റെയും ഈശ്വരിയമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് 1907-ൽ എഫ്.എ.യും 1909-ൽ ഒന്നാം റാങ്കോടെ ബി.എ. ബിരുദവും നേടി. സർവകലാശാലയുടെ സ്വർണമെഡലുകൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ അദ്ദേഹം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് 1914-ൽ ബി.എൽ. ബിരുദം നേടി പ്രമുഖ അഭിഭാഷകനായി.
മഹാത്മാഗാന്ധിയുടെ ദേശീയ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം അഭിഭാഷകജീവിതത്തോടൊപ്പം ദേശീയപ്രസ്ഥാനത്തിലും സജീവമായി. വിദേശവസ്ത്ര ബഹിഷ്കരണ സമരമുൾപ്പെടെ നിരവധി സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ജയിൽവാസവും അനുഭവിച്ചു.
1921-ൽ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1928 മുതൽ 1932 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും 1933 മുതൽ 1944 വരെ ശ്രീമൂലം അസംബ്ലിയിലും അംഗമായി പ്രവർത്തിച്ചു. 1934-ൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി അസംബ്ലി അംഗത്വം രാജിവച്ച് ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അണിനിരന്നു.
1938 ഫെബ്രുവരി 26-ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏകദേശം പതിനാലു വർഷക്കാലം സംഘടനയെ നയിച്ചു. ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുകയും അറസ്റ്റും ജയിൽവാസവും ഉൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾ നേരിടുകയും ചെയ്തു.
1948 മാർച്ച് 24-ന് സ്വതന്ത്ര തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റു.ജനകീയ ഭരണത്തിനും ഭരണപരിഷ്കാരങ്ങൾക്കും ശക്തമായ അടിത്തറ പാകിയെങ്കിലും, പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയെ തുടർന്ന് 1948 ഒക്ടോബർ 17-ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റുപദവും പ്രധാനമന്ത്രി സ്ഥാനവും രാജിവച്ചു. തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. പിന്നീട് പാർട്ടിയുടെ സംസ്ഥാന ചെയർമാനായി പ്രവർത്തിച്ച് കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നേതൃത്വം നൽകി.
1948 നവംബർ 17-ന് അദ്ദേഹം ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്കുവഹിച്ച പട്ടം എ. താണുപിള്ള, സഭയിലെ ചർച്ചകളിൽ ദീർഘവീക്ഷണവും ജനാധിപത്യബോധവും പ്രതിഫലിപ്പിക്കുന്ന നിർണായക അഭിപ്രായങ്ങൾ അവതരിപ്പിച്ചു. സാർവത്രിക പ്രായപൂർത്തി സമ്മതിദാനാവകാശമാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ എന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുടെ രൂപീകരണത്തിൽ ഭാഷയെ മാത്രം അടിസ്ഥാനമാക്കാതെ സാമ്പത്തിക ഘടകങ്ങളും ഭരണപരമായ സൗകര്യങ്ങളും ഒരുപോലെ പരിഗണിക്കണമെന്ന് അദ്ദേഹം വാദിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഭരണഭാഷയായി ഹിന്ദിക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അതോടൊപ്പം അമിതമായ അധികാരകേന്ദ്രീകരണത്തെ ശക്തമായി എതിർത്ത അദ്ദേഹം, ശക്തമായ കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്നും ഊന്നിപ്പറഞ്ഞു. സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിയമിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുതന്നെ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഈ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം, 1950 ജനുവരി 24-ന് ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവെച്ച പതിമൂന്ന് മലയാളികളിൽ ഒരാളായി ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ശാശ്വതമായ സ്ഥാനം നേടി.
1954 മാർച്ച് 16-ന് കോൺഗ്രസിന്റെ പിന്തുണയോടെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹം സാമ്പത്തിക അച്ചടക്കം, ഭരണപരിഷ്കാരം, കാര്യക്ഷമമായ പൊതുഭരണം എന്നിവയ്ക്ക് മുൻഗണന നൽകി. എന്നാൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
കേരളസംസ്ഥാനം രൂപീകൃതമായതിന് ശേഷം 1960 ഫെബ്രുവരി 22-ന് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹം വിദ്യാഭ്യാസം, കാർഷികം, ഭരണപരിഷ്കാരം, വികസനപ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. 1962 സെപ്റ്റംബർ 26-ന് മുഖ്യമന്ത്രി സ്ഥാനം രാജിച്ചു. 1962 ഒക്ടോബർ ഒന്നിന്പഞ്ചാബ് ഗവർണറായി പട്ടം എ .താണുപിള്ള സ്ഥാനമേറ്റു.
തുടർന്ന് 1964 മേയ് 4-ന് ആന്ധ്രപ്രദേശ് ഗവർണറായി . 1968 ഏപ്രിൽ പത്തു വരെ സേവനമനുഷ്ഠിച്ചു.
കുടുംബജീവിതത്തിലും അദ്ദേഹം മാതൃകയായിരുന്നു. 1919-ൽ പ്രമുഖ അഭിഭാഷകനായ ഇല്ലിക്കൽ കേശവപിള്ളയുടെയും ഭഗീരഥി അമ്മയുടെയും മകളായ സുമുഖിയമ്മയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ അഡ്വ.കേശവൻ നായർ MA BL(റിട്ട:മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ) ജനിച്ചു. രത്‌ന അമ്മ ( Late)യായിരുന്നു അഡ്വ.കേശവൻ നായരുടെ ഭാര്യ. സുമുഖിയമ്മയുടെ അകാലനിര്യാണത്തെ തുടർന്ന് 1925-ൽ പ്രമുഖ അഭിഭാഷകനായ ശ്രീവരാഹം പനയറവീട്ടിൽ നാരായണപിള്ളയുടെ മകൾ അധ്യാപികയായ പൊന്നമ്മയമ്മയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ ലളിതാംബിക (Late)ശാരദാ ഗോപിനാഥ് (Late) ശ്രീമതി.സരസ്വതി നായർ എന്നിവർ ജനിച്ചു.പ്രമുഖ അഭിഭാഷകനും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ അഡ്വ. പട്ടം കൃഷ്ണപിള്ള ( Late)ജസ്റ്റിസ് കെ പി ഗോപാലമേനോന്റെ മൂത്തപുത്രൻ ജി.ഗോപിനാഥ മേനോൻ Late (റിട്ട:കേന്ദ്ര ഡയറി കമ്മീഷണർ) ആർ. മാധവൻ നായർ Late ( റിട്ട: ഇലക്ട്രോണിക്സ് ട്രേഡ് & ടെക്നോളജി ഡെവലപ്മെൻ്റ്കോർപ്പറേഷൻ ചെയർമാൻ) എന്നിവർ അദ്ദേഹത്തിന്റെ മരുമക്കളായിരുന്നു.
അത്യന്തം ലളിതമായ ജീവിതശൈലി, അഴിമതിരഹിതമായ പൊതുജീവിതം, കർക്കശമായ ഭരണനിഷ്ഠ, ജനാധിപത്യത്തോടും ഭരണഘടനയോടും അചഞ്ചലമായ പ്രതിബദ്ധത എന്നിവയായിരുന്നു പട്ടം എ. താണുപിള്ളയുടെ മുഖമുദ്ര.
1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു. എന്നാൽ സ്വാതന്ത്ര്യസമരസേനാനിയായും, തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിന്റെ ശില്പിയായും, ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവെച്ച പതിമൂന്ന് മലയാളികളിൽ ഒരാളായും, കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ മികച്ച ഭരണാധികാരികളിൽ ഒരാളായും പട്ടം എ. താണുപിള്ള എന്നും ചരിത്രത്തിൽ ജ്വലിച്ചുനിൽക്കും.
“അധികാരത്തെ സേവനത്തിനുള്ള ഉപാധിയായി കണ്ട ജനനായകൻ, ജനാധിപത്യത്തിന്റെ കാവൽക്കാരൻ, ഭരണനിഷ്ഠയുടെ പ്രതീകം – പട്ടം എ. താണുപിള്ളയുടെ ജീവിതം സത്യസന്ധമായ പൊതുപ്രവർത്തനത്തിന്റെ അനശ്വര മാതൃകയാണ്. അദ്ദേഹത്തിന്റെ സേവനങ്ങളും ആദർശങ്ങളും വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായിരിക്കും.”