തുമ്പയും തുമ്പിയും തുമ്പിലയിലെ തുമ്പപ്പൂചോറും…കാലത്തിന്റെ വിസ്‌മൃതിയിലാണ്ട പഴമയുടെ ഓണം ഇന്ന്….. ഏവർക്കും ഓണാശംസകൾ നേർന്ന് ആചാര്യ ഭദ്ര1 min read

തുമ്പയും തുമ്പിയും തുമ്പിലയിലെ തുമ്പപ്പൂചോറും…കാലത്തിന്റെ വിസ്‌മൃതിയിലാണ്ട പഴമയുടെ ഓണം
ഇന്ന്…

ഈ ഓണ ദിനത്തിലും മനസ്സ് ചെന്ന് നിൽക്കുന്നത് പഴയ ഓർമ്മകളിലാണ്. മാവേലി നാടു വാണീടും കാല കഥകളോളം പുരാതനമൊന്നുമല്ല;
ഒരല്പകാലം പുറകിലേക്ക്പോയാൽ മതി.
അക്കാലത്തേ ഓണ സ്മരണകൾ കൗതുകത്തോടെ ഓർത്തിരിക്കാൻ ..
ഓണം അന്ന് ആഘോഷദിനങ്ങൾ മാത്രമായിരുന്നില്ല.
അത് മണ്ണിനോടുള്ള നന്ദി കാട്ടലായിരുന്നു. ഓർമ്മകളിലപ്പോഴേയ്ക്കും വയൽ വരമ്പത്തെ ചേറിന്റെ നനുത്ത മണം അരിച്ചിറങ്ങും. അന്നൊക്കെ വിളവ് കഴിഞ്ഞുള്ള ഉത്സാഹമായിരുന്നു മനുഷ്യമനസ്സുകളിൽ. പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു.
തുമ്പയും തുമ്പിയും തുമ്പപ്പൂവും,
പാടത്തു കൊയ്യ്തെടുത്തപുതു നെല്ലിന്റെ മണവും,
നനഞ്ഞ മണ്ണിന്റെ തണുപ്പും,
കുളത്തിലെ തെളിഞ്ഞ വെള്ളവും,
അതിൽ പൊങ്ങിയാടുന്ന ആമ്പൽപ്പൂക്കളും,
വീട്ടുമുറ്റത്തെ പൂക്കളവും,
അടുക്കളയിൽ നിന്നും പുറത്തേക്കൊഴുകുന്ന ഓണസദ്യാവിഭവങ്ങളുടെ രുചിപേറുന്ന സുഗന്ധവും…
എഴുതിയറിയിക്കാനാകാത്ത അനവധി അനുഭവങ്ങളുടെ ഓർമ്മകൾ ഓർത്തെടുത്ത് എഴുതാനിനിയും ബാക്കിനിൽക്കേ…
ഇതൊക്കെത്തന്നെയായിരുന്നു അന്നത്തെ ഓണത്തെ സമ്പന്നമാക്കിയിരുന്നത്.
ആ ദിനങ്ങൾക്ക് നിഷ്കളങ്കതയുടെ നിറങ്ങളാൽ ചാലിച്ച ആത്മാർത്ഥതയുടെ തനിമയുണ്ടായിരുന്നു.
ലോകത്തിന്റെ പല സംസ്കാരങ്ങളിലും വിളവെടുപ്പിനെ തുടർന്ന് ആചരിച്ചുവന്ന ആഘോഷങ്ങൾ പ്രകൃതിയോടുള്ള നന്ദിപ്രകടനമാണെന്ന് നമുക്കറിയാം.
കേരളത്തിലെ ചിങ്ങമാസവും അത്തരമൊരു കാലമായിരുന്നു.
അന്നം വിളയിക്കുന്ന മണ്ണിനെയും, മഴയെയും, കൃഷിയെയും, കർഷകനെയും നന്ദിയോടെ ഓർത്ത് ആഹ്ലാദിക്കുന്ന ഒരു മലയാള സംസ്കാരം. ഒരു ചെറു കീറ്റില പോലത്തെ ആകൃതിയിൽ, ദൈവമറിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം കേരള നാട്.
ഇപ്പോൾ കാലം മാറി.
ഓണം മഹാബലിയുടേതോ അതോ വാമനന്റേതോ ഇവരിൽ ആരുടെ ഗാഥയാണെന്ന തർക്കങ്ങളിലേക്കൊ ചുങ്ങിച്ചുരുങ്ങിപ്പോയ ഒരോണം.
അഭിനവ വിവേകശാലികളെന്നു സ്വയംപ്രഖ്യാപിച്ചവരുടെ പലതരം വിവക്ഷകളാൽ മുഖരിതമായ ഓണചർച്ചക്കൾ…
മഹാബലി ആരായിരുന്നു?
അസുരനോ, നല്ലൊരു രാജാവോ?
വാമനൻ കുള്ളനായ ഒരാളായിരുന്നോ?
വാമനനായിരുന്നോ മഹാബലിക്കായിരുന്നോ കുടവയർ ഉണ്ടായിരുന്നത്?
അനാവശ്യ ചർച്ചകൾ പൊടിപൊടിക്കുന്ന പുതിയൊരോണം;
പക്ഷേ ആ ദുരുദ്ദേശ നിർമ്മിത വാദപ്രതിവാദങ്ങൾക്കിടയിൽ നമ്മൾ മറന്നുപോകുന്നത് ഓണം എന്തിനുവേണ്ടിയായിരുന്നു കൊണ്ടാടിയത് എന്ന വസ്തുതയാണ്.
ഇന്ന് ഓണസദ്യ ഓൺലൈൻ വഴി തീന്മേശയിലെത്തും.
പൂക്കളം വാങ്ങാം.
പുത്തനുടുപ്പ് വാങ്ങാം.
ആഘോഷത്തിന്റെ മോഹിപ്പിക്കുന്ന ചിത്രങ്ങൾ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തൃപ്തിയടയാം.

പക്ഷെ നാം ഓർക്കേണ്ടതുണ്ട് പലതും ഒരു തുമ്പില വെട്ടാൻ അറിയാത്തവരായി,
നെല്ലിന്റെ മണമറിയാത്തവരായി,
മണ്ണിന്റെ നനവറിയാത്തവരായി,
തേങ്ങ എങ്ങിനെയാണ് തിരുകേണ്ടത് എന്ന് ജമിനയിലും ചാറ്റ് ജി പി റ്റിയിലും തിരയുന്നവരായി,
എന്നിട്ടും നമ്മൾ ഓണം അങ്ങ് ആഘോഷിക്കുകയാണ്.
അന്നം കഴിക്കുന്ന നാം അതിന്റെ ഉറവിടം അറിയാതെപോകുന്നത് ഒരുതരം മാനസിക ദാരിദ്ര്യമാണ്.
നമ്മുടെ ഓണസദ്യയിലെ ഓരോ വിഭവത്തിനും പിന്നിൽ ഒരു ഭൂവിടം ഉണ്ട്.
വിത്തും തൈകളും ഉണ്ട്.
കർഷകന്റെ വിയർപ്പുണ്ട്.
അറിഞ്ഞു പെയ്യുന്ന മഴയുണ്ട്.
അനുയോജ്യമായ ഒരു കാലാവസ്ഥയുണ്ട്.
ഇതൊന്നും അനുഭവിച്ചറിഞ്ഞിട്ടില്ല എന്നിട്ടും സദ്യക്കൂട്ടത്തിലെ കറികളുടെ മേന്മയിൽ നാം അഭിമാനിക്കുകയും
അവയ്ക്കായി കനിയുന്ന മണ്ണിനെ മറക്കുകയും ചെയ്യുന്നു.
ബാക്കിയുണ്ടായിരുന്ന കൃഷിയിടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു.
പാടങ്ങൾക്കു മുകളിൽ കോൺക്രീറ്റ് സൗധങ്ങൾ കെട്ടി ഉയർത്തുകയാണ്.
തന്റെ സ്വന്തം സുഖ ഉപഭോഗങ്ങൾക്കായി പ്രകൃതിയുടെ സ്വാഭാവികതയെ തകർത്തിട്ട്,
അതേ ജൈവസമ്പത്തിന്റെ ഉത്സവം എന്ന പേരുപറഞ്ഞു ഓണം ആഘോഷിക്കുന്നതിൽ ഒരു ചെറിയ വൈരുദ്ധ്യമില്ലേ?
അയൽസംസ്ഥാനത്തു വിരിയുന്ന പൂക്കൾ വട്ടത്തിലിട്ടു നാം സെൽഫിയെടുക്കും.
ആന്ധ്രയിലെ അരി തുമ്പപ്പൂച്ചോറാകും. തമിഴന്റെ വിയർപ്പിൽവിളയിച്ച പച്ചക്കറികൾ അവിയലും തോരനും തീയലും ഓലനുമാകും. കർണ്ണാടകയിൽ നിന്നെത്തിയ കരിമ്പിൻ ശർക്കര പ്രഥമനിൽ അലിഞ്ഞു തിളയ്ക്കും.
കുനിഞ്ഞു നിവർന്നു ഒരു പണിയും ചെയ്യാതെ, സമതലങ്ങളിലെ വളമുള്ള കൃഷിയിടങ്ങൾ വിറ്റുതുലച്ചു ധൂർത്തടിച്ചു, രക്ഷയില്ലാതാകുമ്പോൾ, എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത കാട്ടുപ്രദേശവും വെട്ടിത്തെളിച്ച് കൃഷി ചെയ്ത്, വന്യമൃഗങ്ങളെ നാട്ടിലിറക്കുകയും, പരിസ്ഥിതിയെ താറുമാറാക്കുകായും ചെയ്യുന്നതിനെക്കുറിച്ച് “കമാ” എന്നുരിയാടിയില്ല…ഒരു വാക്ക് പ്രതികരിക്കില്ല.
പക്ഷെ മഹാബലിയുടെയും, വാമനന്റെയും റൂട്ട് മാപ്പു കണ്ടെത്തുന്നതിൽ ഈ കണ്ടുപിടിത്തക്കാർക്കൊക്കെ എന്തൊരു ഔല്സിക്യം.
മഹാബലിയുടെ കാലം ഉണ്ടായിരുന്നോ എന്നത് ചരിത്രം അന്വേഷിക്കട്ടെ.
പക്ഷേ മാവേലിനാട് എന്ന സങ്കൽപ്പം ഇന്നും നമ്മോട് സംസാരിക്കുന്നുണ്ട്.
വിശപ്പറിയാത്ത ഒരു സമൂഹം,
അനീതിയില്ലാത്ത ഒരു കാലം,
അയൽക്കാരന്റെ സന്തോഷത്തിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യർ,
പങ്കിടലിന് വിലനൽകിയ ഒരു ജീവിതം.
അതാവും ഒരുപക്ഷേ ഓണം എന്ന ആശയത്തിന്റെ പിന്നിലെ ഏറ്റവും വലിയ മനഃശാസ്ത്രം.

ഓണം നമ്മെ പഠിപ്പിക്കുന്നത് കൂടുതൽ സ്വന്തമാക്കുന്നതിന്റെ സന്തോഷമല്ല; ഉള്ളത് പങ്കിടുന്നതിന്റെ സന്തോഷമാണ്.
പണ്ട് ഓണം വീട്ടുമുറ്റത്തും, കുളക്കരകളിലും, മാവിൻ ചില്ലകളിലും, തെറ്റിച്ചെടിയിലും, എന്തിനേറെ, നിഴൽവീണ അടുക്കള ഇടനാഴികളിൽ പോലും തെളിവോടെ തെളിഞ്ഞിരുന്നു.
ഇന്ന് അത് മൊബൈൽ സ്ക്രീനിലാണ് പ്രകാശിക്കുന്നത്.
പണ്ടത്തെ കുട്ടികൾ പൂക്കൾ തേടി നടന്നു.
ഇന്നത്തെ കുട്ടികൾ പൂക്കളുടെ ഡിജിറ്റൽ ചിത്രങ്ങൾ തേടുന്നു, അല്ലെങ്കിൽ കൃത്രിമപ്പൂക്കളുടെ പാക്കറ്റ് ആമസോൺ വഴി ഓർഡർ ചെയ്യുന്നു.
പണ്ടത്തെ അടുക്കളയിൽ സദ്യ ഉണ്ടായിരുന്നു.
ഇന്ന് പല വീടുകളിലും സദ്യ ഡെലിവെറിയുടെ നോട്ടിഫിക്കേഷൻ ആണ് ആദ്യം എത്തുന്നത്.
ഇത് തലമുറകളെ കുറ്റപ്പെടുത്താനുള്ള കാര്യമല്ല.
കാലം മാറിയതാണ്.
പക്ഷേ കാലം മാറുമ്പോൾ ഓണത്തിന്റെ അർത്ഥവും നമ്മിൽ നിന്ന് നഷ്ടപ്പെടേണ്ടതില്ല.
ഈ ഓണത്തിന് ഒരു പൂക്കളം മാത്രം ഒരുക്കാതെ,
ഒരു ചെറു ചെടിയെങ്കിലും ഉള്ളയിടത്ത് നട്ടുവയ്ക്കാം.
സദ്യ ഉണ്ണുന്നതിനിടെ ഒരു നിമിഷം…
അതിനുവേണ്ടി ഉപജന്യങ്ങൾ നിർമ്മിച്ച കൈകളെ ഓർക്കാം.
പുതിയ വസ്ത്രം ധരിച്ചു കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ,
മനസ്സിന് സ്നേഹപ്പുടവ കൂടി ഉടുപ്പിക്കാം.
ആഹ്ലാദം നിറഞ്ഞ ആഘോഷത്തിമിർപ്പിനിടെ,
ആഹാരം നിഷേധിക്കപ്പെട്ട ഒരാളുടെ അല്ലലകറ്റാം.
അപ്പോൾ മാത്രമേ ഓണം കലണ്ടറിൽ നിന്ന് ജീവിതത്തിലേക്ക് എടുത്തു ചാടൂ.
കാരണം, ഓണം ഒരു പുരാണ കഥയുടെ ഓർമ്മ മാത്രമല്ല.
ഒരു രാജാവിന്റെ കഥ മാത്രമല്ല.
ഒരു സദ്യയോ പുത്തനുടുപ്പിടുന്നതോ മാത്രമല്ല.
ഓണം…
മണ്ണിനോട് മനുഷ്യനും,
മനുഷ്യനോട് മനുഷ്യനും,
മനുഷ്യനോട് പ്രകൃതിയും
ഇണക്കപ്പെടുന്ന ജീവിതചക്രത്തിലെ കണ്ണിയാണ്.
മണ്ണിന്റെ മണം മറന്ന മലയാളിക്ക്, ഈ ഓണം ഒരിക്കൽ കൂടി അത് തിരിച്ചു കൊണ്ടുവരട്ടെ.
ഓണ ഓർമ്മയിൽ തെളിയുന്ന ആ തുമ്പപ്പൂ വെണ്മയിൽ,
നമ്മുടെ മനസ്സു കൂടെയൊന്നു വെളുക്കട്ടെ.

 

ആചാര്യ ഭദ്ര

അദ്ധ്യാത്മിക പ്രഭാഷക