തരിശുഭൂമികൾ കൃഷിയിലേക്ക്; സംസ്ഥാനത്ത് കാർഷിക വിപ്ലവത്തിന് തുടക്കം,കതിർ ആപ്പ് വഴി 8,252 കർഷകർക്ക് 4.32 കോടി; ഓണച്ചന്തയിൽ 14.25 കോടിയുടെ സംഭരണം1 min read

കോഴിക്കോട്:സംസ്ഥാനത്തെ ആയിരക്കണക്കിന് ഹെക്ടർ തരിശുഭൂമികൾ ഡിജിറ്റലായി മാപ്പ് ചെയ്ത് കൃഷിയോഗ്യമാക്കാൻ കൃഷി വകുപ്പ് പദ്ധതി തുടങ്ങി. ഉത്സവ സീസണുകളിലും ശബരിമല കാലത്തും പച്ചക്കറികളുടെ കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയാൻ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ പറഞ്ഞു.

കൊയിലാണ്ടി ചെല്ലിപ്പാടത്ത് മാത്രം 800 ഏക്കർ ഭൂമി കൃഷി ചെയ്യാതെ കിടക്കുകയാണ്. ഇത്തരം പൊതു-സ്വകാര്യ തരിശുഭൂമികൾ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തി മണ്ണ് പരിശോധനയ്ക്കും സൂക്ഷ്മ പോഷക ക്രമീകരണത്തിനും ശേഷം സ്ഥാപനങ്ങൾ, സംഘടനകൾ, കോർപ്പറേറ്റുകൾ എന്നിവരുമായി MoU ഒപ്പിട്ട് കൃഷി ആരംഭിക്കും. നെൽപ്പാട സംരക്ഷണ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കും.

പരിശോധിച്ച 1058 പച്ചക്കറി സാമ്പിളുകളിൽ 62 എണ്ണത്തിൽ അമിത വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ വിഷരഹിത ജൈവ പച്ചക്കറി ഉത്പാദനത്തിന് ഊന്നൽ നൽകും.

‘കതിർ’ പദ്ധതി ഈ വർഷം 500 സ്കൂളുകളിൽ നടപ്പാക്കും. ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനത്തിൽ തുടക്കമാകും. വീട്ടിലെ കൃഷിയും പദ്ധതിയുടെ ഭാഗമാക്കും. പങ്കാളികളാകുന്ന കുട്ടികൾക്ക് ബോണസ് പോയിന്റ് / ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണ്. 64 സർക്കാർ ഫാമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിഷൻ ഡോക്യുമെന്റ് കൺക്ലേവ് ചേരും.

*ഡിജിറ്റൽ കുതിപ്പിൽ ഓണച്ചന്ത*

ഓണം സമൃദ്ധി-കർഷകച്ചന്തകൾ സമ്പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയത് വൻ വിജയമായി. 2000 കേന്ദ്രങ്ങളിലായി 2065.49 ടൺ ഉൽപ്പന്നങ്ങൾ (₹14.25 കോടി) സംഭരിച്ച് ₹8.98 കോടിയുടെ വിൽപ്പന നടന്നു. മൊത്തവ്യാപാര വിലയേക്കാൾ 10% അധികം നൽകി സംഭരിച്ച ഉൽപ്പന്നങ്ങൾ പൊതുവിപണിയേക്കാൾ 30-38% വിലക്കുറവിൽ നൽകി. 14,232 കർഷകർക്കും 2,94,785 ഉപഭോക്താക്കൾക്കും പ്രയോജനം ലഭിച്ചു.

കതിർ ആപ്പ് വഴി 12,776 പേയ്മെന്റ് എൻട്രികളിലായി 8,252 കർഷകർക്ക് ₹4.32 കോടി നേരിട്ട് അക്കൗണ്ടുകളിലേക്ക് നൽകി. ഹോർട്ടികോർപ്പ് കർഷകരുടെ മുഴുവൻ കുടിശ്ശികയും നൽകി കഴിഞ്ഞു. സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട 202 കർഷകരുടെ ₹3.09 ലക്ഷം ഈ ആഴ്ച തന്നെ നൽകും.

*നെല്ല് കർഷകർക്ക് ₹1051.34 കോടി*

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നെല്ല് സംഭരണത്തിനായി ₹1051.34 കോടി നൽകി. PRS തുകയായി ₹150 കോടിയും സംസ്ഥാന ബോണസായി ₹220.25 കോടിയും നൽകി. കേന്ദ്ര ബോണസായി ലഭിച്ച ₹209.46 കോടിയിൽ നിന്ന് ₹96 കോടി 13,057 പേർക്ക് നൽകി. സപ്ലിമെന്ററി ₹155.52 കോടി ഉൾപ്പെടെ ബാക്കി 18,978 പേർക്ക് PRS വായ്പയായി ഉടൻ നൽകും. അടുത്ത ഒന്നാം വിള സംഭരണം കാര്യക്ഷമമാക്കാൻ കൃഷി-സിവിൽ സപ്ലൈസ് വകുപ്പുകൾ യോഗം ചേർന്നു.

നാളികേര മേഖലയുടെ ഉണർവിനായി സെപ്റ്റംബർ 2ന് തിരുവനന്തപുരം വാഴതക്കാട് കാർമൽ കൺവെൻഷൻ സെന്ററിൽ ‘കേരോത്സവം’ സംഘടിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടിയിൽ കോക്കനട്ട് ഡെവലപ്‌മെന്റ് പാർക്ക്, അരൂർ ഒളോർ മാങ്ങയ്ക്കും കുറ്റ്യാടി നാളികേരത്തിനും GI Tag അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ എന്നിവ നടപ്പാക്കും.