തിരുവിതാംകൂർ–കൊച്ചി പോലീസിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, കേരളം കണ്ട ധിഷണാശാലിയായ പോലീസ് മേധാവിയും ഭരണതന്ത്രജ്ഞനുമായ എം. ഗോപാലൻ ഐ.പി.എസ്. 1995 ആഗസ്റ്റ് 19-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ 31-ാം സ്മൃതിദിനമാണിന്ന്. സ്മരണാഞ്ജലികൾ.
ശ്രീമൂലം പ്രജാസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ, ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നീ നിയമനിർമ്മാണസഭകളിൽ അംഗമായും, തിരുവിതാംകൂർ എക്സൈസ് കമ്മീഷണർ, ഗവൺമെന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷന്റെ പ്രഥമ മേയർ എന്നീ നിലകളിലും പ്രവർത്തിച്ച സി.ഒ. മാധവന്റെയും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയിയും വാരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചുകൃഷ്ണപ്പണിക്കരുടെ മകളുമായ കുഞ്ഞുലക്ഷ്മിയുടെയും മൂത്തപുത്രനായി 1916 മേയ് 7-ന് എം. ഗോപാലൻ ജനിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനായിരുന്നു പിതാവ് സി.ഒ. മാധവൻ.
കായംകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. ബിരുദം നേടിയശേഷം തിരുവിതാംകൂർ പട്ടാളത്തിൽ ജെന്റിൽമാൻ കേഡറ്റായി പരിശീലനം നേടി ഓഫീസറായി നിയമിതനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തോടൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തും സേവനമനുഷ്ഠിച്ചു.
ഇൻഫൻട്രിയിലെ മേജറായിരുന്ന അദ്ദേഹം ഇന്ത്യ സ്വതന്ത്രമായതിനെ തുടർന്ന് 1947 ഒക്ടോബറിൽ പട്ടാളത്തിലെ മേജർ പദവി ഉപേക്ഷിച്ച് തിരുവിതാംകൂർ പോലീസ് സേനയിൽ ജില്ലാ പോലീസ് സൂപ്രണ്ടായി ചേർന്നു. സൂപ്രണ്ടെന്ന നിലയിൽ സംസ്ഥാന പോലീസിന് നേതൃത്വം നൽകിയ അദ്ദേഹം 1952-ൽ ഐ.പി.എസ്. നേടി. തുടർന്ന് വിവിധ സുപ്രധാന ചുമതലകൾ വഹിച്ചു.
സംസ്ഥാന ആംഡ് ഫോഴ്സ് കമാൻഡന്റ്, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ, 1955-ൽ പോലീസ് ചട്ടങ്ങൾ തയ്യാറാക്കാനുള്ള ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, 1957-ൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, 1959-ൽ ഉത്തരമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, കോഴിക്കോട്, 1963-ൽ ഡയറക്ടർ, സിവിൽ ഡിഫൻസ്, ഡയറക്ടർ, ഹോം ഗാർഡ്സ്, ഡയറക്ടർ, ഫയർ ഫോഴ്സ്, 1964-ൽ ഡയറക്ടർ, വിജിലൻസ് ഇൻവെസ്റ്റിഗേഷൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1967 മുതൽ 1972 വരെ കേരള പോലീസിന്റെ മേധാവിയായിരുന്ന അദ്ദേഹം അന്നത്തെ സംസ്ഥാനത്തെ ഏക ഇൻസ്പെക്ടർ ജനറലായിരുന്നു. കേരളത്തിൽ ഡി.ജി.പി. തസ്തിക നിലവിൽ വന്നത് 1980-ലാണ്. അതിനാൽ തന്നെ, കേരള പോലീസ് മേധാവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലഘട്ടം സംസ്ഥാന പോലീസ് ചരിത്രത്തിലെ നിർണായക അധ്യായമാണ്.
എം. ഗോപാലന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് നാല് വാല്യങ്ങളിലായി തയ്യാറാക്കിയ സമഗ്രമായ Police Standing Orders. തിരുവിതാംകൂർ–കൊച്ചി പോലീസ് മാനുവലും മദ്രാസ് പോലീസ് മാനുവലും ക്രോഡീകരിച്ച്, പോലീസ് പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ നിയമാനുസൃതവും ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിൽ നിർവഹിക്കുന്നതിനുള്ള മാർഗരേഖയായാണ് അദ്ദേഹം ഈ ഗ്രന്ഥം തയ്യാറാക്കിയത്.
ഒന്നാം വാല്യത്തിൽ പോലീസിന്റെ സംഘടനാപരമായ ചട്ടങ്ങളും, രണ്ടാം വാല്യത്തിൽ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും, മൂന്നാം വാല്യത്തിൽ പോലീസ് ഭരണസംവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും, നാലാം വാല്യത്തിൽ കേസന്വേഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പോലീസിന്റെ സംഘടനാപരവും ഭരണപരവുമായ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകുന്നതിനൊപ്പം ശാസ്ത്രീയ കുറ്റാന്വേഷണത്തിനും സഹായകമായ ഒരു കൈപ്പുസ്തകമായി നാലാം വാല്യം മാറി. അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ മാനുവലിന്റെ പ്രാധാന്യം നിലനിൽക്കുന്നു എന്നത് എം. ഗോപാലന്റെ ദീർഘവീക്ഷണത്തിന്റെയും ഭരണപാടവത്തിന്റെയും തെളിവാണ്. കേരള പോലീസിന്റെ പ്രവർത്തനത്തിന് അദ്ദേഹം നൽകിയ ഈ സംഭാവന അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചരിത്രസ്മാരകങ്ങളിലൊന്നായി വിലയിരുത്താം.
1972-ൽ ഇൻസ്പെക്ടർ ജനറൽ പദവിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഡെപ്യൂട്ടേഷനിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ ആദ്യ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. തുടർന്ന് 1973-ൽ സി.ബി.ഐ. ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. 1975-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം നർമ്മദ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനായും പ്രവർത്തിച്ചു.
സ്തുത്യർഹമായ സേവനത്തിന് നിരവധി തവണ രാഷ്ട്രപതിയുടെ പോലീസ് മെഡലും കേരള സർക്കാരിന്റെ പോലീസ് മെഡലും ഫയർ സർവീസസ് മെഡലും അദ്ദേഹത്തിന് ലഭിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥന് ഉന്നത തത്വങ്ങളും ഭരണാദർശങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു എം. ഗോപാലൻ ഐ.പി.എസ്. പ്രയാസകരമായ സാഹചര്യങ്ങളിലും കാര്യക്ഷമതയും നിസ്വാർത്ഥതയും സത്യസന്ധതയും കൈവിടാതെ കർത്തവ്യം നിർവഹിക്കുന്നതിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വപാടവവും ആജ്ഞാശക്തിയും ദീർഘവീക്ഷണവും കേരള പോലീസ് ചരിത്രത്തിൽ ഇന്നും ഓർമ്മിക്കപ്പെടുന്നു.
ദക്ഷിണേന്ത്യയിൽ ആദ്യമായി ഇംഗ്ലീഷ് ഐച്ഛിക വിഷയമായി എടുത്ത് എം.എ. ബിരുദം നേടിയ വനിതകളിൽ പ്രമുഖയായ ആലപ്പുഴ അരൂർ സ്വദേശിനി പ്രൊഫ. കെ. ഗൗരിശങ്കുണ്ണി എം.എ., എൽ.ടി.യുടെയും, കോഴിക്കോട് തളാച്ചേരി കുടുംബാംഗവും മദ്രാസ് സംസ്ഥാനത്തെ ജഡ്ജിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. ടി. ശങ്കുണ്ണിയുടെയും മകളായ ഡോ. ചിത്രാ ഗോപാലൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസറായിരുന്നു ഡോ. ചിത്രാ ഗോപാലൻ.
മക്കൾ: ശ്രീ. ജി. ബാലഗോപാൽ ഐ.എ.എസ്. (റിട്ട. യൂണിസെഫ് ഡയറക്ടർ), ശ്രീ. ജി. രാജഗോപാൽ (ബിസിനസ്), ഡോ. പ്രൊഫ. മോഹൻ ഗോപാൽ (2006–2011 കാലത്ത് സുപ്രീം കോടതിയുടെ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ, 2012–2019 കാലത്ത് സുപ്രീം കോടതിയുടെ നാഷണൽ കോർട്ട് മാനേജ്മെന്റ് സിസ്റ്റംസ് കമ്മിറ്റിയുടെ സ്ഥാപക ചെയർമാൻ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബെംഗളൂരുവിന്റെ മുൻ വൈസ് ചാൻസലർ), ശ്രീമതി ജി. നിരഞ്ജന (അമേരിക്ക).
കേരള സംസ്ഥാനത്തിന്റെ പോലീസ് ഭരണചരിത്രത്തിൽ മായാത്ത അധ്യായം കുറിച്ച ധിഷണാശാലിയായ പോലീസ് മേധാവി എം. ഗോപാലൻ ഐ.പി.എസ്. എന്ന മഹദ് വ്യക്തിത്വത്തിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.
