ഭൂമിയെ നിരാകരിക്കാതിരിക്കുക… ലേഖനം.. ആചാര്യ ഭദ്ര1 min read

നിങ്ങൾ നൽകുന്ന നന്മയും, നിങ്ങളുടെ ജ്ഞാനവും ഈ ഭൂമിയിൽ അർത്ഥമുള്ളതായിരിക്കട്ടെ!!
ഭൂമിയിലൂടെ അനുഭവവേദ്യമായ ബോധം” എന്നത് ഭൂമിയുമായി ബന്ധപ്പെട്ട് നമുക്ക് ലഭിക്കുന്ന ജീവന്റെയും തിരിച്ചറിവിന്റെയും അനുഭവമാണ്. പ്രകൃതിയെയും ജീവജാലങ്ങളെയും തൊട്ടറിഞ്ഞ് ജീവിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ശാന്തിയും തിരിച്ചറിവുമാണിത്.
അതേ, മനുഷ്യൻ എന്നും ഒരു പരീക്ഷണമായിരുന്നു. നൂറുതവണ ആത്മാവും നന്മയും തമ്മിൽ പരീക്ഷണം നടത്തുകയും അവസാനം വഴിതെറ്റിപ്പോകുകയും ചെയ്തിട്ടുണ്ട്. ഈ പരീക്ഷണങ്ങൾ പരാജയപ്പെടാൻ കാരണം നാം ഭൂമിയുടെ പരീക്ഷണമാണെന്ന് ആരും മനസ്സിലാക്കാൻ തയ്യാറായില്ല എന്നതാണ്. എല്ലാ മതങ്ങളും ഭൂമിയെ നിരാകരിക്കാനാണ് പഠിപ്പിച്ചത്. ഭൂമിയെക്കാൾ ശ്രേഷ്ഠമായി സ്വർഗത്തെ കുറിച്ചു പറഞ്ഞു. ഇവിടെയാണ് അവർക്കു തെറ്റുപറ്റിയത്. നാം ഭൂമിയിലെ മക്കളായിരുന്നു എന്നിട്ടും നാം ഭൂമിയെ നിരാകരിക്കുവാൻ തുടങ്ങി. ജീവിതത്തിന്റെയും അവബോധത്തിന്റെയും ഈ തലം വരെ നമ്മെ എത്തിച്ചത് ഭൂമിയായിരുന്നു. പരീക്ഷണങ്ങളിൽ വഴിതെറ്റാതിരിക്കാൻ നാം ഭൂമിയോട് വിശ്വസ്ഥതപുലർത്തണം.
സഹസ്രാബ്ദങ്ങളുടെ യുക്തിബോധം മാത്രമല്ല, സഹസ്രാബ്ദങ്ങളുടെ ഭ്രാന്തും തമ്മിൽ നമുക്കുള്ളിൽ യുദ്ധം ചെയ്യുന്നു. നമുക്ക് പൈതൃകമായി കിട്ടിയത് സഹസ്രാബ്ദങ്ങളുടെ യുക്തിബോധം മാത്രമല്ല ഭ്രാന്തും കൂടെയാണ്. പാരമ്പര്യങ്ങളിൽ, യാഥാസ്ഥിക വിശ്വാസങ്ങളിൽ, മതങ്ങളിൽ എന്താണ് തെറ്റെന്നു തരം തിരിക്കാൻ നമുക്ക് അതിയായ ജാഗ്രത വേണം. അതേ പാതയിലൂടെ അന്ധരായിപോയാൽ വീണ്ടും തെറ്റുപറ്റും. ഭ്രാന്തമായ ആ പൈതൃകം കാരണമാണ് മനുഷ്യരാശി ദുരിതത്തിലാണ്ടു പോയത്. പുരാതനമായ ആ ഭ്രാന്തൻ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രനാകാതെ അവബോധത്തിന്റ ഔന്നിത്യങ്ങളിൽ എത്താനും ജീവിതത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാനും സാധ്യമല്ല. അടിമത്വം പൈതൃകമാണെന്ന് കരുതുന്നവർക്ക്‌ ചങ്ങലകൾ ആഭരണവും തടവറകൾ സ്വന്തം ഭവനവുമായിമാറുന്നു.

 

ആചാര്യ ഭദ്ര 

ആദ്ധ്യാത്മിക പ്രഭാഷക