തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവും ലോകോത്തരവുമായ വികസനത്തിനായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മേയർ വി.വി രാജേഷ് പ്രസ്താവിച്ചു. ന്യൂജഴ്സിയിലെ എഡിസണിൽ നടന്ന പ്രശസ്ത പ്രവാസി സംഘടനയായ ‘നാമം’ (NAMAM) അവാർഡ്‌സ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയും സാമ്പത്തിക ഭദ്രതയും കോർപ്പറേഷനുണ്ടെങ്കിലും, തിരുവനന്തപുരത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ആഗോള സാങ്കേതികവിദ്യയും പ്രഗത്ഭരുടെ മാർഗനിർദേശവും അനിവാര്യമാണ്. ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പൊതുഭരണം തുടങ്ങിയ മേഖലകളിൽ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി വിദഗ്‌ധരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യമെന്നും മേയർ ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലയിൽ ഡോ. എം. വി. പിള്ളയുടെ സേവനം പ്രയോജനപ്പെടുത്തും
ലോകപ്രശസ്ത കാൻസർ രോഗ വിദഗ്‌ധൻ ഡോ. എം. വി. പിള്ളയുടെ സേവനവും വൈദഗ്ധ്യവും തിരുവനന്തപുരത്തിന്റെ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തും. അദ്ദേഹവുമായി ഓൺലൈൻ വഴി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഓഗസ്റ്റിൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ആരോഗ്യരംഗത്തും നഗരവികസനത്തിലും സംയുക്ത പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ നടക്കുമെന്നും മേയർ അറിയിച്ചു.
കഴിഞ്ഞ 16 വർഷമായി ലോകമെമ്പാടുമുള്ള മലയാളികളെ സംയോജിപ്പിച്ച് മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ‘നാമം’ സംഘടനയുടെ പ്രവർത്തനങ്ങളെ മേയർ പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തോടെയാണ് കോർപ്പറേഷൻ ഭരണസമിതി മുന്നോട്ടുപോകുന്നത്. ആഗോളതലത്തിലുള്ള അനുഭവസമ്പത്തിനെ പ്രാദേശിക ഭരണസംവിധാനവുമായി ബന്ധിപ്പിച്ച് തിരുവനന്തപുരത്തെ ഭാവിയിലെ പ്രമുഖ ലോകോത്തര നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മേയർ വ്യക്തമാക്കി.
