തിരുവനന്തപുരം കോർപ്പറേഷനും മിസ്സൂറി സിറ്റിയും തമ്മിൽ നഗരവികസനത്തിലും ഐ.ടി മേഖലയിലും സഹകരണത്തിന് ധാരണ; മേയറിന്റെ അമേരിക്കൻ സന്ദർശനം തുടരുന്നു1 min read

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി അമേരിക്കയിലെ വിവിധ മേഖലകളിലുള്ള വിദഗ്ധരുമായും ഭരണാധികാരികളുമായുമുള്ള കൂടിക്കാഴ്ചകൾ വിജയകരമായി തുടരുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മിസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായും അദ്ദേഹത്തിന്റെ സംഘവുമായും നഗരവികസന വിഷയങ്ങളിൽ ദീർഘനേരം ചർച്ച നടത്തി.

മാലിന്യസംസ്കരണം, തെരുവുനായ്ക്കളുടെ സംരക്ഷണം, ഐ.ടി മേഖല എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ചകൾ. ചർച്ചകൾക്കായി മിസ്സൂറി സിറ്റി കോർപ്പറേഷൻ അധികൃതർ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി മേയറും സംഘവും അവിടെയുള്ള ഡോഗ് ഷെൽട്ടർ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യസംസ്കരണ പ്ലാന്റ്, ട്രാൻസ്പോർട്ടിംഗ് സംവിധാനങ്ങൾ എന്നിവ നേരിട്ട് സന്ദർശിക്കും.

തിരുവനന്തപുരം നഗരത്തിലെ ഐ.ടി വികസന സാധ്യതകളും നേട്ടങ്ങളും മിസ്സൂറി സിറ്റി ഐ.ടി ടീമിന് മുന്നിൽ വിശദീകരിച്ചു. തിരുവനന്തപുരവും മിസ്സൂറി സിറ്റിയും തമ്മിൽ ഐ.ടി മേഖലയിൽ ഏതെല്ലാം തലങ്ങളിൽ സംയുക്ത സഹകരണം സാധ്യമാകും എന്നതിനെക്കുറിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.
ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായും സംസ്ഥാന ഐ.ടി മന്ത്രിയുമായും കൂടിക്കാഴ്ചകൾ നടത്തുമെന്നും മേയർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അമേരിക്കയിലെ വിവിധ മേഖലകളിലുള്ളവരുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും ഞായറാഴ്ച വൈകുന്നേരം വരെ തുടരും.