എഡിസൺ (ന്യൂജഴ്സി): എഡിസണിൽ നടന്ന നാമം (NAMAM) അവാർഡ് ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവസമ്പത്തും ലോകപ്രശസ്ത കാൻസർരോഗ വിദഗ്‌ധൻ ഡോ. എം. വി. പിള്ളയുടെ വൈദഗ്ധ്യവും തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി പ്രയോജനപ്പെടുത്താനുള്ള നഗരസഭയുടെ കാഴ്‌ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്.
മേയർ പദവിയിലെത്തിയ ശേഷം ഭരണത്തിന്റെ വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും രാജേഷ് പറഞ്ഞു. നഗരത്തിന്റെ വികസനത്തിനായി പുതിയ ആശയങ്ങളും ആഗോള അനുഭവങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ച് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രവാസി മലയാളികളുടെ അനുഭവങ്ങൾ തിരുവനന്തപുരത്തിന്റെ വികസനത്തിനായി പങ്കുവെക്കണമെന്നും മേയർ പറഞ്ഞു, സാമ്പത്തിക സ്ഥിരതയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയും നഗരസഭയ്ക്കുണ്ടെങ്കിലും ലോകനിലവാരത്തിലുള്ള അനുഭവങ്ങളും സാങ്കേതികവിദ്യയും വിദഗ്‌ധരുടെ മാർഗനിർദേശവും ലഭിച്ചാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. എം. വി. പിള്ളയെക്കുറിച്ച് ഏറെ കേട്ടിരുന്നതായും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ആരോഗ്യരംഗത്തിനും സമൂഹത്തിനും നൽകിയ സംഭാവനകളുടെ വ്യാപ്‌തി മനസ്സിലായതായും മേയർ പറഞ്ഞു. കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൻസർ ചികിത്സയ്ക്കായി അമേരിക്കയിലെത്തുന്നവർ വിശ്വാസത്തോടെ സമീപിക്കുന്ന പ്രമുഖ വിദഗ്‌ധരിൽ ഒരാളാണ് ഡോ. എം. വി. പിള്ള.
ഡോ. എം. വി. പിള്ളയുമായി ഇതിനകം ഓൺലൈനിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും, ഓഗസ്റ്റിൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ആരോഗ്യരംഗത്തും നഗരവികസനത്തിലും സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ആദ്യഘട്ട ചർച്ചകൾ ആരംഭിക്കുമെന്നും വി.വി രാജേഷ് അറിയിച്ചു.
ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പൊതുഭരണം തുടങ്ങി വിവിധ മേഖലകളിൽ അമേരിക്കയുൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി വിദഗ്‌ധരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നാമം സംഘടനയുടെ പതിനാറ് വർഷത്തെ പ്രവർത്തനങ്ങളെയും മേയർ പ്രത്യേകം അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിച്ച് സേവന പ്രവർത്തനങ്ങൾക്ക് ശക്തമായ വേദിയൊരുക്കിയ സംഘടനയാണ് നാമമെന്നും, അതിന്റെ പ്രവർത്തനരീതിയും നേതൃത്വവും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി മലയാളികളുടെ അനുഭവസമ്പത്തും ആഗോള നിലവാരത്തിലുള്ള വിദഗ്‌ധരുടെ അറിവും പ്രാദേശിക ഭരണസംവിധാനവുമായി ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തെ ഭാവിയിലെ ലോകോത്തര നഗരമാക്കി മാറ്റുകയാണ് നഗരസഭയുടെ ദീർഘകാല ലക്ഷ്യമെന്ന് മേയർ വി.വി. രാജേഷ് പ്രസംഗത്തിൽ വ്യക്തമാക്കി.
