വൈക്കം താലൂക്കിലെ ഉദയനാപുരത്ത് മലയാറ്റൂർവീട്ടിൽ കൃഷ്ണപ്പണിക്കരുടെയും കടമ്മാട്ടുവീട്ടിൽ പാപ്പിയമ്മയുടെയും പുത്രനായി 1899-ൽ ജനിച്ച വി. കെ. വേലപ്പൻ, വൈക്കം ഗവൺമെന്റ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം നേടി.
പൊതുപ്രവർത്തനരംഗത്തേക്ക് കടന്ന അദ്ദേഹം 1928-ൽ വൈക്കം മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 18 വർഷത്തോളം വൈക്കം മുനിസിപ്പൽ ചെയർമാനായി സേവനമനുഷ്ഠിച്ചു.
1929, 1931 വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന അദ്ദേഹം, 1933–37, 1944–47 കാലഘട്ടങ്ങളിൽ ശ്രീമൂലം അസംബ്ലിയിലും അംഗമായി പ്രവർത്തിച്ചു. തിരുവിതാംകൂറിന്റെ നിയമനിർമ്മാണ ചരിത്രത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്.
സഹകരണരംഗത്തും അദ്ദേഹം സജീവമായിരുന്നു. വൈക്കം താലൂക്ക് സഹകരണ ബാങ്കിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും താലൂക്ക് സഹകരണ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചു.
1939 മുതൽ 1956 വരെ വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റായും, 1954 മുതൽ 1960 വരെ നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
തിരുവിതാംകൂർ നിയമസഭയിൽ നാലുതവണ അംഗമായിരുന്ന വി. കെ. വേലപ്പൻ 1960-ലെ തിരഞ്ഞെടുപ്പിൽ വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് കേരള നിയമസഭയിലെത്തി. തുടർന്ന് കോൺഗ്രസ്–പി.എസ്.പി. സംയുക്ത മന്ത്രിസഭയിൽ ആരോഗ്യ , വൈദ്യുതിമന്ത്രിയായി സേവനമനുഷ്ഠിച്ചു. തന്റെ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തി. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകൾ ഭരണകാലത്തുണ്ടായവയാണ് .
താൻ ഏറ്റെടുത്ത ഓരോ ഉത്തരവാദിത്വവും ആത്മാർത്ഥതയോടെ നിർവഹിച്ച ജനസേവകനായിരുന്നു വി. കെ. വേലപ്പൻ.
1962 ആഗസ്റ്റ് 26-ന് തിരുവനന്തപുരത്തുനിന്ന് അമ്പലപ്പുഴയിലേക്ക് കാറിൽ യാത്ര ചെയ്യവെ നീണ്ടകരയിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
നാടിന്റെ പൊതുജീവിതത്തിലും സഹകരണരംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും നിയമസഭയിലും മന്ത്രിയായും വ്യക്തിമുദ്ര പതിപ്പിച്ച വി. കെ. വേലപ്പന്റെ സ്മരണകൾക്ക് മുന്നിൽസ്മരണാഞ്ജലികൾ.
