മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധവും, ഡോ. രഘു ആരോഗ്യഭാരതി1 min read

മഴക്കാലത്ത്കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്നു വിളിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടുന്നതും, കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും,ഓടകളിലേയും അഴുക്ക് ചാലുകളിലെയും വെള്ളം ശുദ്ധജലവുമായി ചേരുന്നതും, തണുത്തതും തുറന്നു വെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇവയ ജലജന്യ രോഗങ്ങൾ, കൊതുകു പരത്തുന്ന പകർച്ചവ്യാധികൾ, മറ്റു സൂക്ഷ്മാണുക്കൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ എന്നിങ്ങനെയും തരം തിരിക്കാം. കോളറ, ടൈഫോയ്ഡ്, ഡയറിയ, ഡിസൻ്ററി, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കു ഫിവർ, ചിക്കുൻഗുനിയ, എലിപ്പനി, ജപ്പാൻ ജ്വരം, വൈറൽഫിവർ, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ ഈ കാലാവസ്ഥയിൽ ഉണ്ടാകുന്നു. പലപ്പോഴും പ്രതിരോധ പ്രവർത്തനങ്ങളുടെ അപര്യാപ്‌തത പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കുവാൻ കാരണമാകുന്നു. ഇന്നുവരെയുള്ള സംഖ്യ നോക്കിയാൽ പകർച്ചപ്പനി കാരണം നിത്യേന, പതിനായിരത്തിനു മുകളിൽ രോഗികൾ സർക്കാർ ആശുപത്രികളിൽ മാത്രം എത്തുന്നു, മറ്റു സ്വകാര്യ ആശുപത്രികൾ, വിവിധ വൈദ്യശാസ്‌ത്ര ശാഖകളിലെ ആശുപത്രികൾ കൂടി നോക്കിയാൽ രോഗികളുടെ എണ്ണം നാലു മടങ്ങ് എങ്കിലും ഉണ്ടാകും

കെട്ടിക്കിടക്കുന്ന
വെള്ളത്തിൽ ഇറങ്ങുന്നതും, കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതും എലിപ്പനി അഥവാ ലെപ്റ്റോ സ്പൈറോസിസ് രോഗത്തിന് കാരണമാകുന്നു. എലിയുടെയും മറ്റു രോഗാണുവാഹകരായ ജന്തുക്കളുടെയും മൂത്രം കലർന്ന ജലാശയങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിലുള്ള ലെപ്റ്റോസ്പൈറ എന്ന രോഗാണു എലിപ്പനിക്ക് കാരണമാകുന്നു. വലിയ ശരീര വേദനയോടുകൂടിയ വൈറൽ പനികളും, ശേഷമുണ്ടാകുന്ന നീണ്ടുനിൽക്കുന്ന ചുമയും ഇപ്പോൾ സാധാരണയാണ്. മലിനജലത്തിലൂടെ പകരുന്ന വയറുകടി അഥവാ
ഷീഗെല്ലോസിസും പല ജില്ലകളിലും കാണപ്പെടുന്നു.
*പ്രതിരോധ മാർഗ്ഗങ്ങൾ*
*തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രം ഉപയോഗിക്കുക
*തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം പടെ ഒഴിവാക്കുക
*ഭക്ഷണസാധനങ്ങൾ വൃത്തിയായി കഴുകി മാത്രം ഉപയാഗിക്കുക. നന്നായി പാകം ചെയ്ത ചൂടോടു കൂടിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക, ഇവ അടച്ചു സൂക്ഷിക്കുക
*ജല സംഭരണികൾ അടച്ചുവയ്ക്കണം
*ചിരട്ടകൾ, ചെടിച്ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ ഇവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, വെള്ളം കെട്ടിക്കിടന്ന് കൊതുകിൻ്റെ കൂത്താടികൾ വളരാൻ അനുവദിക്കരുത്.
*അശുദ്ധ ജലം അഥവാ മലിനജലം ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കണം.
*കൊതുകുകടി ഏൽക്കാതിരിക്കുവാനുള്ള മുൻ കരുതലുകൾ സ്വീകരിക്കണം
*അസുഖം ഉള്ളവർ രോഗം ഇല്ലാത്തവരുമായി സമ്പർക്കത്തിൽ വരരുത്, തൂവാലയോ മാസ്ക്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
** പകർച്ചവ്യാധികൾ ഉണ്ടായാൽ അംഗീകൃത ഡോക്ടർമാരിൽ നിന്ന് ചികിൽസ തേടുക. സ്വയം ചികിൽസ, വ്യാജചികിൽസ ഇവ ഒഴിവാക്കുക.
*ഏതു വൈദ്യശാസ്‌ത്രശാഖയിലാണോ ശരിയായ പ്രതിരോധ മരുന്നുക ളും ചികിൽസയും ലഭ്യമാകുന്നത് അവ തെരഞ്ഞെടുക്കുക. വൈദ്യശാസ്‌ത്ര ശാഖകളുടെ പരിധികളും മികവും ശ്രദ്ധിച്ച് ചികിൽസ നിശ്ചയിക്കുക.

ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.