രാജാ രവിവർമ്മ (1848–1906) ഇന്ന് 120-ാം സ്മൃതിദിനം .. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കേരളീയ ചിത്രകലയ്ക്ക് പുതിയ മാനങ്ങളും ഇന്ത്യൻ ചിത്രകലക്ക് ലോകശ്രദ്ധയും നേടിക്കൊടുത്ത മഹാപ്രതിഭയായിരുന്നു രാജാ രവിവർമ്മ. ഭാരതീയ പാരമ്പര്യവും പുരാണസങ്കൽപ്പങ്ങളും പാശ്ചാത്യ ചിത്രകലയുടെ സാങ്കേതിക മികവും സമന്വയിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച ചിത്രങ്ങൾ ഇന്ത്യൻ കലാചരിത്രത്തിൽ സ്വന്തമായൊരു കാലഘട്ടം തന്നെ സൃഷ്ടിച്ചു.
1848 ഏപ്രിൽ 29-ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവിവർമ്മ ചെറുപ്പം മുതൽ തന്നെ ചിത്രകലയിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. രാജകൊട്ടാരത്തിന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ, തന്റെ ചിത്രങ്ങളിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും കലാപാരമ്പര്യത്തെ വിശാലമായ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

1873-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിൽ “പിച്ചിപ്പൂ ചൂടിയ കേരള വനിത” എന്ന ചിത്രം അയച്ച് ഒന്നാം സമ്മാനം നേടിയ സംഭവം അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ചിത്രപ്രദർശനത്തിലും അദ്ദേഹത്തിന്റെ ചിത്രത്തിന് അംഗീകാരം ലഭിച്ചു. ഇതോടെ രവിവർമ്മയുടെ പ്രശസ്തി ഇന്ത്യയുടെ അതിരുകൾ കടന്നു.
“തമിഴ് വനിത” എന്ന ഹൃദയഹാരിയായ ചിത്രം രവിവർമ്മ വരച്ചു പൂർത്തിയാക്കി.1876-ൽ വരച്ച “ശകുന്തളയുടെ പ്രേമലേഖനം” ഉൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാവനാശേഷിയുടെയും ചിത്രകലയിലെ മികവിന്റെയും ഉദാഹരണങ്ങളായി മാറി. ദമയന്തി, ശ്രീകൃഷ്ണ ജനനം, സീതാസ്വയംവരം, വിശ്വാമിത്രനും മേനകയും , രാധാമാധവം,സരസ്വതി ദേവി, ലക്മിദേവി , രാധാമാധവം, അർജുനനും സുഭദ്രയും ,തുടങ്ങിയ പുരാണ-ഇതിഹാസ കഥാപാത്രങ്ങൾക്ക് അദ്ദേഹം നൽകിയ ദൃശ്യരൂപങ്ങൾ തലമുറകളുടെ മനസ്സിൽ ഇന്നും പതിഞ്ഞുകിടക്കുന്നു.
രവിവർമ്മയുടെ മഹത്വം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. കലയെ കൊട്ടാരങ്ങളുടെയും സമ്പന്നരുടെയും പരിധിയിൽ നിന്ന് സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. 1894-ൽ ബോംബെയിൽ ലിത്തോഗ്രാഫിക് പ്രസ്സ് സ്ഥാപിച്ച് വ്യവസായാടിസ്ഥാനത്തിൽ തന്റെ ചിത്രങ്ങളുടെ പകർപ്പുകൾ അച്ചടിച്ച് വിൽക്കാനുള്ള സംവിധാനം ആരംഭിച്ചു. ശകുന്തള, സരസ്വതി, ലക്ഷ്മി തുടങ്ങിയ ചിത്രങ്ങളുടെ ആയിരക്കണക്കിന് പകർപ്പുകൾ ഇതുവഴി ജനങ്ങളിലെത്തി. സാമാന്യജനങ്ങളിൽ കലാബോധം വളർത്തുന്നതിൽ ഈ സംരംഭം വലിയ സ്വാധീനം ചെലുത്തി.
ഒരു ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യൻ കലയുടെ ജനകീയവൽക്കരണത്തിന് വഴിയൊരുക്കിയ ദീർഘദർശിയായ കലാകാരൻ എന്ന നിലയിലും രാജാ രവിവർമ്മയുടെ സ്ഥാനം ചരിത്രത്തിൽ അതുല്യമാണ്.
1906 ഒക്ടോബർ 2-ന് അദ്ദേഹം അന്തരിച്ചെങ്കിലും, അദ്ദേഹം വരച്ച വർണങ്ങൾ ഇന്നും മങ്ങാതെ നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും നമ്മുടെ സാംസ്കാരിക ഓർമ്മയുടെ ഭാഗമാണ്. കേരളത്തിന്റെ മണ്ണിൽ ജനിച്ച് ഇന്ത്യൻ ചിത്രകലയെ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിച്ച ആ മഹാപ്രതിഭയുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരപൂർവം പ്രണാമം.
ചിത്രകലയുടെ രാജാവിന് ഹൃദയം നിറഞ്ഞ സ്മരണാഞ്ജലികളോടെ ബിജു യുവശ്രി .