സി. കുട്ടൻനായർ (1897–1962) ഇന്ന് 64 -ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ജനാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലും ധീരമായൊരു അധ്യായം എഴുതിച്ചേർത്ത സമരസേനാനിയായിരുന്നു സി. കുട്ടൻനായർ.
നെയ്യാറ്റിൻകര താലൂക്കിലെ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി. കുട്ടൻനായർ ജനിച്ചു. തിരുവനന്തപുരം ലോ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ അന്നത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അദ്ദേഹം അതോടെ വിദ്യാലയജീവിതം അവസാനിപ്പിച്ചു. എന്നാൽ പഠനം അവസാനിപ്പിച്ചിടത്ത് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനജീവിതം ആരംഭിക്കുകയായിരുന്നു.
1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. അതിനുശേഷം തിരുവിതാംകൂറിൽ ജനാവകാശങ്ങൾ സ്ഥാപിക്കുന്നതിനായി നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായി അദ്ദേഹം മാറി.
ഒരിക്കലും പതറാത്ത മനസ്ഥൈര്യം, ഭീതിയെന്തെന്ന് അറിയാത്ത മുന്നേറ്റം, അചഞ്ചലമായ ദേശസ്നേഹം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സമരജീവിതത്തിന്റെ മുഖമുദ്രകൾ. അതുകൊണ്ടുതന്നെ ജനസാമാന്യത്തിന്റെ പിന്തുണയും അധികാരകേന്ദ്രങ്ങളുടെ വിദ്വേഷവും ഒരുപോലെ അദ്ദേഹത്തിന് ലഭിച്ചു.
1926-ലെ തിരുവിതാംകൂർ പത്രനിയമം റദ്ദാക്കുന്നതിനുള്ള പ്രക്ഷോഭത്തിന് ഉണർവും ഉയിരും നൽകിയ യുവപ്രവർത്തകരിൽ പ്രമുഖനായിരുന്നു സി. കുട്ടൻനായർ. തുടർന്ന് വൈക്കം, ഗുരുവായൂർ, തിരുവാർപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സത്യാഗ്രഹ സമരങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. സമരത്തിന്റെ ഭാഗമായി കാരാഗൃഹവാസവും അനുഭവിച്ചു.
തിരുവനന്തപുരത്ത് അക്കാലത്തെ യുവ അഭിഭാഷകരും സാമൂഹികപ്രവർത്തകരും ഉൾപ്പെട്ട ഒരു സൗഹൃദവലയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു കുട്ടൻനായർ. കോട്ടൂർ, പറവൂർ ടി. കെ. ഗംഗാധരമേനോൻ തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ടി. കെ. നാരായണപിള്ളയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം ജീവിതാവസാനം വരെ നിലനിന്നിരുന്നു.
മഹാത്മാഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ച കുട്ടൻനായർ ഖാദി, ഹരിജനസേവനം, ഹിന്ദി പ്രചാരണം തുടങ്ങിയ ഗാന്ധിയൻ പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായി.
ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം കേരളത്തിൽ മാത്രം ഒതുക്കാതെ അദ്ദേഹം ദക്ഷിണേന്ത്യയ്ക്കപ്പുറവും വ്യാപിപ്പിച്ചു. പഞ്ചാബിലെത്തി, ലാലാ ലജ്പത് റായിയുടെ സഹപ്രവർത്തകനായിരുന്ന പണ്ഡിറ്റ് കെ. സന്താനം, ബാർ അറ്റ്ലായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ലക്ഷ്മി ഇൻഷ്വറൻസ് എന്ന ദേശീയ രക്ഷാഭോഗ കമ്പനിയുടെ ദക്ഷിണേന്ത്യൻ സംഘാടകനായി അദ്ദേഹം പ്രവർത്തിച്ചു.
അതിനു മുമ്പുതന്നെ കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെയും ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെയും അംഗമായി പ്രവർത്തിച്ചിരുന്ന കുട്ടൻനായർ പിന്നീട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ അംഗത്വം സ്വീകരിക്കുകയും അതിന്റെ സമരപരിപാടികളിൽ പങ്കെടുക്കുകയും വീണ്ടും കാരാഗൃഹവാസം അനുഭവിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ മറ്റൊരു പ്രത്യേകത ഐക്യകേരളത്തോടുള്ള ശക്തമായ അഭിലാഷമായിരുന്നു. ഐക്യകേരളം യാഥാർഥ്യമായത് തന്റെ ദീർഘകാല അഭിലാഷത്തിന്റെ സാക്ഷാത്കാരമായിട്ടാണ് കുട്ടൻനായർ കണ്ടത്. എന്നാൽ അതിന്റെ ഫലമായി നടപ്പിൽവന്ന ഭരണസംവിധാനത്തിൽ അദ്ദേഹം പൂർണ്ണതൃപ്തനായിരുന്നുവെന്ന് പറയാനാവില്ലെന്നും രേഖ സൂചിപ്പിക്കുന്നു.
കുട്ടൻനായരുടെ കുടുംബജീവിതവും ശ്രദ്ധേയമാണ്. കൊച്ചി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥയും പ്രമുഖ സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന കൊച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ, അഥവാ മിസിസ് കുട്ടൻനായർ, ആയിരുന്നു അദ്ദേഹത്തിന്റെ പത്നി.
1930-ൽ യൂറോപ്പ് സന്ദർശിച്ച അവർ ആ യാത്രാനുഭവങ്ങൾ “A Peep at Europe” എന്ന ഇംഗ്ലീഷ് കൃതിയിലും “ഞാൻ കണ്ട യൂറോപ്പ്” എന്ന മലയാള കൃതിയിലും രേഖപ്പെടുത്തി. മലയാളത്തിലെ ആദ്യകാല സഞ്ചാരസാഹിത്യകൃതികളിൽ ശ്രദ്ധേയമായ കൃതിയാണ് “ഞാൻ കണ്ട യൂറോപ്പ്”.
പിന്നീട് 86-ാം വയസ്സിൽ “പാഥികയും വഴിയോരത്തെ മണിദീപങ്ങളും” എന്ന ആത്മകഥ രചിച്ച കൊച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മയ്ക്ക് 1991-ൽകേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
ഈ ദാമ്പത്യത്തിലെ ഏകപുത്രൻ കെ. ഗോപിനാഥൻ (Late) ഹോങ്കോങ്ങിലെപ്രമുഖ പത്രപ്രവർത്തകനായിരുന്നു.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഒന്നാം ലോകസഭയിലും (1952), രണ്ടാം ലോകസഭയിലും (1957) ഔട്ടർ ഡൽഹിയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സി. കൃഷ്ണൻനായർ (Late)സി. കുട്ടൻനായരുടെ അനുജനായിരുന്നു.
1962 ഒക്ടോബർ 1-ാം തീയതി കോയമ്പത്തൂരിൽ വച്ച് സി. കുട്ടൻനായർ അന്തരിച്ചു.
നിരന്തരവും ത്യാഗപൂർണ്ണവുമായ സമരത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയത്. എന്നാൽ ആ മഹത്തായ പോരാട്ടത്തിൽ പങ്കെടുത്ത അനേകം ധീരന്മാർ കാലഗതിയുടെ ഭ്രമണത്തിൽപ്പെട്ട് ക്രമേണ അപ്രത്യക്ഷരും വിസ്മൃതരുമായിത്തീർന്നിട്ടുണ്ട്.
സി. കുട്ടൻനായരെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതം വെറും പഴയ ചരിത്രമല്ല; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിലയും ജനാധിപത്യത്തിന്റെ അടിത്തറയും ഓർമ്മിപ്പിക്കുന്ന ജീവിക്കുന്ന ചരിത്രമാണ്.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഇത്തരം ധീരരുടെ കോരിത്തരിപ്പിക്കുന്ന ചരിത്രങ്ങൾ നമ്മൾ ഒരിക്കലും മറക്കുവാൻ പാടുള്ളതല്ല. അവരുടെ ത്യാഗങ്ങളും പോരാട്ടങ്ങളും വരുംതലമുറകൾക്ക് പരിചയപ്പെടുത്തേണ്ടത് നമ്മുടെ ചരിത്രബോധത്തിന്റെ കടമയാണ്.
ധീരനായ സ്വാതന്ത്ര്യസമര സേനാനി സി. കുട്ടൻനായരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക്
സ്മരണാഞ്ജലികൾ