കെ. കുമാർ (1894–1973) ഇന്ന് 53-ാം സ്മൃതിദിനം — സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ സമുന്നത പ്രവർത്തകനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും “ഇലന്തൂർ ഗാന്ധി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേശഭക്തനുമായിരുന്നു കെ. കുമാർ.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ കെ. പത്മനാഭപിള്ളയുടെയും കുഞ്ഞുപെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894-ൽ (1069 കർക്കടകം 6) കുമാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ചെങ്ങന്നൂരിലും ഹൈസ്കൂൾ വിദ്യാഭ്യാസം മാന്നാറിലും പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനും മധുര അമേരിക്കൻ കോളേജിൽ ബി.എ. പഠനത്തിനും ചേർന്നു. എന്നാൽ ബി.എ. പരീക്ഷ പൂർണ്ണമായി വിജയിക്കാനായില്ല.
തുടർന്ന് കൊല്ലം പരവൂർ കോട്ടപ്പുറം സ്കൂളിലും പുനലൂർ സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ബി.എ. പഠനം പൂർത്തിയാക്കുന്നതിനായി മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്ന് പഠനം തുടർന്നുകൊണ്ടിരിക്കെയാണ് മഹാത്മാഗാന്ധിജിയുടെ മദ്രാസ് സന്ദർശനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വക്കീലന്മാർ കോടതികളും ബഹിഷ്കരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അണിചേരണമെന്ന ഗാന്ധിജിയുടെ ആഹ്വാനം കുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹം പഠനം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങി.
തുടർന്ന് രണ്ടു വർഷത്തോളം മഹാത്മാഗാന്ധി, സി. രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ അഖിലേന്ത്യാ നേതാക്കന്മാരോടൊപ്പം വടക്കേ ഇന്ത്യയിൽ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. സ്വന്തം നാട്ടിൽ തിരിച്ചെത്തി കോൺഗ്രസ് പ്രവർത്തനം സംഘടിപ്പിക്കണമെന്ന ഗാന്ധിജിയുടെ ഉപദേശപ്രകാരം ജോർജ് ജോസഫ് തുടങ്ങിയ നേതാക്കന്മാരോടൊപ്പം തിരുവിതാംകൂറിൽ തിരിച്ചെത്തി കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കാര്യദർശിയായി പ്രവർത്തിക്കുകയും ചെയ്തു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മരണയ്ക്കായി തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന “സ്വദേശാഭിമാനി” മാസികയുടെ പ്രസാധകനായും കുറച്ചുകാലം പ്രവർത്തിച്ചു.
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കെ. പി. കേശവമേനോൻ, ടി. കെ. മാധവൻ തുടങ്ങിയവരോടൊപ്പം അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ആലപ്പുഴയിൽ നടന്ന വിദേശവസ്ത്ര ബഹിഷ്കരണ പരിപാടിയിൽ പിക്കറ്റിംഗിന് നേതൃത്വം നൽകിയതിനും അറസ്റ്റിലായി ഒരു മാസം തടവിൽ കഴിയേണ്ടിവന്നു. അന്ന് വിധിച്ച പിഴശിക്ഷയ്ക്കായി വീട്ടിലെ ചില ജംഗമവസ്തുക്കൾ ജപ്തി ചെയ്യുകയും ചെയ്തു.
കണ്ണൂർ കടൽപ്പുറത്ത് നടന്ന ഉപ്പുസത്യാഗ്രഹത്തിലും കുമാർജി പങ്കെടുത്തു. അതിന്റെ പേരിൽ അറസ്റ്റിലായ അദ്ദേഹത്തെ ആദ്യം കണ്ണൂർ ജയിലിലും, ആരോഗ്യനില മോശമായതിനെ തുടർന്ന് വെല്ലൂർ സാനിറ്റോറിയം ജയിലിലും പാർപ്പിച്ചു.
ജയിൽമോചിതനായ ശേഷം നാട്ടിൽ സ്ഥിരതാമസമാക്കി ഇലന്തൂരിലും പരിസരപ്രദേശങ്ങളിലും സാമൂഹിക-സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘത്തിന്റെ ഒരു ശാഖ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ അധ്യക്ഷതയിൽ തിരുവിതാംകൂറിൽ രൂപീകരിച്ചപ്പോൾ അതിന്റെ പ്രധാന പ്രവർത്തകനായി നിയോഗിക്കപ്പെട്ടത് കെ. കുമാറിനെയായിരുന്നു.
തിരുവിതാംകൂർ നിയമനിർമ്മാണസഭയിലേക്കുള്ള 1937-ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. പത്തനംതിട്ടയിൽ ടി. എം. വർഗീസായിരുന്നു എതിർസ്ഥാനാർത്ഥി. വാശിയേറിയ മത്സരത്തിൽ ആയിരത്തിലധികം വോട്ടുകൾക്ക് കുമാർജി പരാജയപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിൽ വയലാ ഇടിക്കുളയോടും മത്സരിച്ചു. ഈ രണ്ടു തെരഞ്ഞെടുപ്പുകളും അദ്ദേഹത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനുശേഷം തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹം ക്രമേണ പിൻവാങ്ങി.
ജീവിതസായാഹ്നത്തിൽ ഭദ്രകുമാരിയെ വിവാഹം കഴിച്ചു. ഏക മകൻ ഭദ്രകുമാർ.
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിയുടെ അടുത്ത സഹചാരിയും വ്യക്തിഗത സെക്രട്ടറിയുമായിരുന്ന മഹാദേവ് ദേശായി 1937-ൽ പ്രസിദ്ധീകരിച്ച The Epic of Travancore എന്ന ഗ്രന്ഥത്തിലും, ഭാരത സർക്കാർ 1967-ൽ പ്രസിദ്ധീകരിച്ച The Collected Works of Mahatma Gandhi – Volume 70 ലും കെ. കുമാറിനെ പരാമർശിക്കുന്നുണ്ട്.
മഹാത്മാഗാന്ധിയുടെ തിരുവിതാംകൂർ സന്ദർശന വേളയിലെ മിക്ക യോഗങ്ങളിലും ഗാന്ധിജിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത് കുമാർജിയായിരുന്നു.
ദേശീയ പ്രസ്ഥാനത്തിലെ സമുന്നത പ്രവർത്തകനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയുമായ കെ. കുമാർ, വ്യക്തിതാൽപര്യങ്ങളുടെ കറപുരളാതെ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ഒരു നിഷ്കാമകർമ്മിയെപ്പോലെ ജീവിതം സമർപ്പിച്ച അപൂർവ ദേശഭക്തനായിരുന്നു.
1973 ആഗസ്റ്റ് 24-ാം തീയതി കെ. കുമാർ അന്തരിച്ചു.
ഇലന്തൂരിന്റെ “ഗാന്ധി”യായി, കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ പോരാളിയായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.