തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ ,വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച1 min read

 

വാഷിങ്ടൺ ഡി.സി.: തിരുവനന്തപുരം നഗരവും അമേരിക്കയിലെ വിവിധ നഗരങ്ങളും തമ്മിൽ ഐ.ടി., സ്മാർട്ട് സിറ്റി, സാംസ്കാരിക കൈമാറ്റം, വിദ്യാഭ്യാസം, നഗരഭരണം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ പിന്തുണ. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വാഷിങ്ടണിൽ ഇന്ത്യൻ എംബസി സന്ദർശിച്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ് എംബസി ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ അനുകൂല പ്രതികരണമുണ്ടായത്.

കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങളെ അമേരിക്കയിൽ കൂടുതൽ വ്യാപകമായി അവതരിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയമായി. കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങൾ സമഗ്രമായ ഒരു സാംസ്കാരിക പാക്കേജായി അവതരിപ്പിച്ചാൽ അമേരിക്കയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്നും, അത്തരം പരിപാടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രോത്സാഹിപ്പിക്കാനും വിവിധ വേദികളിൽ അവതരിപ്പിക്കാനും കഴിയുമെന്ന് എംബസി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം കോർപ്പറേഷൻ വിഭാവനം ചെയ്യുന്ന അന്തർദേശീയ സഹകരണ പദ്ധതികളും മേയർ വി.വി. രാജേഷ് വിശദീകരിച്ചു. അമേരിക്കയിലെ നഗരങ്ങളുമായി ഐ.ടി., ഡിജിറ്റൽ നവീകരണം, സ്മാർട്ട് സിറ്റി വികസനം, മാലിന്യസംസ്‌കരണം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ദീർഘകാല പങ്കാളിത്തം സ്ഥാപിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഇത്തരം സഹകരണ സംരംഭങ്ങൾ ഫലപ്രദമാകാൻ ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം അനിവാര്യമാണെന്നും, അതിൽ ഇന്ത്യൻ എംബസിയുടെ തുടർച്ചയായ പിന്തുണ നിർണായകമാണെന്നും മേയർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോർപ്പറേഷൻ അവതരിപ്പിച്ച വികസന കാഴ്ചപ്പാടിനും അമേരിക്കൻ നഗരങ്ങളുമായുള്ള സഹകരണ നിർദേശങ്ങൾക്കും എംബസി ഉദ്യോഗസ്ഥർ അനുകൂലമായ പ്രതികരണമാണ് നൽകിയത്. എംബസിയുടെ ഈ സമീപനം ഭാവിയിൽ കൂടുതൽ ഔദ്യോഗിക സഹകരണത്തിനും സാംസ്കാരിക, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെ സംയുക്ത പദ്ധതികൾക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷ മേയർ വി.വി. രാജേഷ് പ്രകടിപ്പിച്ചു.

അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.