തിരുവനന്തപുരം :യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കെഎസ്ആർടിസി CMD സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻ അധ്യക്ഷതവഹിച്ചു.
9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ് തിരഞ്ഞെടുക്കൽ, സീറ്റ് തിരഞ്ഞെടുക്കൽ, സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിംഗ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ പൂർത്തിയാക്കാനാകും. ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ. വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും.
ഈ സേവനം യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം, കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകും..
വാട്ട്സാപ്പ് ടിക്കറ്റിംഗ് ഉദ്ഘാടന ചടങ്ങിൽ, സംസ്ഥാന തലത്തിൽ മികച്ച കണ്ടക്ടർമാരായി തെരഞ്ഞെടുത്ത വെഞ്ഞാറമൂട് യൂണിറ്റിലെ ശ്രീ.ആർ.ബി.അനീഷ്, അങ്കമാലി യൂണിറ്റിലെ ശ്രീ.കെ.വി.ഷാജു, കൽപ്പറ്റ യൂണിറ്റിലെ ശ്രീ.കെ.ആശ, മികച്ച ഡ്രൈവർമാരായി തെരഞ്ഞെടുത്ത തൃശ്ശൂർ യൂണിറ്റിലെ ശ്രീ.ടി.എം.ഷാജി, പാലക്കാട് യൂണിറ്റിലെ ശ്രീ.കെ മണികണ്ഠൻ, ചെങ്ങന്നൂർ യൂണിറ്റിലെ എം.എം.ബിനു എന്നിവർക്കും
ഓപ്പറേറ്റിംഗ് പെർഫോമൻസിൽ മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരം യൂണിറ്റ് ഓഫീസർമാരായ വെള്ളറട യൂണിറ്റിലെ ശ്രീ.കെ.ജി.സൈജു, തിരുവമ്പാടി യൂണിറ്റിലെ ശ്രീ.കെ.സുമേഷ്, മെയിൻറനൻസ് പെർഫോമൻസിൽ മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരം യൂണിറ്റ് ഓഫീസർമാരായ ചെങ്ങന്നൂർ യൂണിറ്റിലെ ശ്രീ.എം.ബിനു ചാലക്കുടി യൂണിറ്റിലെ ശ്രീ.കെ.ജെ.സുനിൽ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി അനുമോദിച്ചു.
കൂടാതെ – കെഎസ്ആർടിസിയുടെ 24X7 കസ്‌റ്റമർ കെയർ ടോൾ ഫ്രീ സേവനം ‘149’,
നവീകരിച്ച കൊറിയർ സംവിധാനം ഉദ്ഘാടനം,
പ്രവർത്തന റിപ്പോർട്ട് ബുക്ക്‌ലെറ്റ് പ്രകാശനം എന്നിവയും മന്ത്രി
നിർവ്വഹിച്ചു.
