തിരുവനന്തപുരം: കഴിഞ്ഞ 25 വർഷത്തെ കേരളത്തിന്റെ വികസനനേട്ടങ്ങൾ വിലയിരുത്തുമ്പോൾ സാമ്പത്തികം, തൊഴിൽ, ഭൂമി, വീട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടമുണ്ടാക്കിയത് ഏത് വിഭാഗങ്ങളാണെന്നും പട്ടികജാതി വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾ ഇന്നും ദുർബലാവസ്ഥയിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും കേരളം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിഷയം വിവാദമാക്കുകയല്ല, വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടതാണെന്നും അത് പരിഷ്ക്കരിക്കണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നവംബർ 13 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പി.കെ. ചാത്തൻ മാഷ് സ്മൃതിസഭയുടെ സംഘാടക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കേരളം രൂപീകരിക്കപ്പെട്ട ശേഷമുള്ള ഏഴ് പതിറ്റാണ്ടിൽ വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചെങ്കിലും അതിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തണം. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾക്കപ്പുറം ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ മേഖലകളിലെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ മാറിമാറി ഭരിച്ച സർക്കാരുകൾ എന്തു ചെയ്തുവെന്നതും പരിശോധിക്കണം.
സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരു, മഹാത്മാ അയ്യങ്കാളി, മന്നത്ത് പത്മനാഭൻ എന്നിവർക്കൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച പി.കെ. ചാത്തൻ മാഷിന്റെ സംഭാവനകളും ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച നേതാക്കളെ വിലയിരുത്തുകയും അവരുടെ സേവന മാതൃകകൾ പിന്തുടരുകയും വേണം.
കേരളത്തിൽ മൂന്നര ലക്ഷത്തോളം ഭൂരഹിതരുണ്ടെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഏകദേശം അഞ്ചര ലക്ഷം ഹെക്ടർ ഭൂമി കിടക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാരുകൾക്ക് കോടതിയിൽ മനപ്പൂർവം തോറ്റു കൊടുക്കുന്ന സാഹചര്യത്തിൽ, പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. മാറിയ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ഭൂപരിഷ്കരണ നിയമം പരിഷ്കരിച്ച് അർഹരായവർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നിർണായക സംഭാവന നൽകിയ മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് ഇന്നും സ്മാരകം നിർമിക്കാത്തത് ഖേദകരമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ജന്മദിനത്തിലും സമാധിദിനത്തിലും പുഷ്പാർച്ചന നടത്തുന്നതിൽ ഒതുങ്ങാതെ, അയ്യങ്കാളിയുടെ സംഭാവനകളെ ആദരിക്കുന്ന സ്മാരകം യാഥാർഥ്യമാക്കണം. മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്ന് അദ്ദേഹം സ്മൃതിസഭയിൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന
ചടങ്ങിൽ പി കെ ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ സംഘാടകസമിതി രൂപീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ സ്മൃതിസഭയുടെ പ്രഖ്യാപനം നടത്തി. മുൻ എം എൽ എ മാരായ ശ്രീ കെ അജിത്, സി.സി. മുകുന്ദൻ, എസ്.രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷനും എസ് സി മോർച്ച സംസ്ഥാന പ്രഭാരിയുമായ ശ്രീ കെ സോമൻ, എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാജുമോൻ വട്ടേക്കാട്, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി ആശ നാഥ്, അഡ്വ. പി.സുധീർ, രേണു സുരേഷ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
