ഓരോ കാലഘട്ടത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമെന്ന നിലയ്ക്ക് മഹാന്മാർ രംഗത്തു പ്രത്യക്ഷപ്പെടുകയെന്നത് ചരിത്രത്തിന്റെ അനിവാര്യ നിയമമാണ്. അത്തരം മഹാന്മാരിൽ കേരള നവോത്ഥാന ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന മഹത്തായ വ്യക്തിത്വമാണ് മഹാത്മാ അയ്യൻകാളി.
നവോത്ഥാന പ്രസ്ഥാനത്തിന്റെ സൂത്രധാരന്മാർ എന്ന നിലയിൽ കേരളം കണ്ട മഹാന്മാരുടെ മുൻനിരയിൽ തന്നെയാണ് അയ്യൻകാളിയുടെ സ്ഥാനം. സാമൂഹിക സ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രത്യേകിച്ച് നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത അധഃസ്ഥിത ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും നയിച്ച സമരങ്ങളും കേരള സമൂഹത്തിൽ പുതിയൊരു സാമൂഹികബോധവും സ്വാതന്ത്ര്യബോധവും വളർത്തിയെടുത്തു. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ സമത്വത്തിന്റെയും മനുഷ്യാന്തസ്സിന്റെയും പുതിയ അധ്യായങ്ങൾ എഴുതുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ്.
1863 ആഗസ്റ്റ് 28-ന് തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ ജനിച്ച അയ്യൻകാളി, ജാതിവിവേചനത്തിന്റെയും സാമൂഹിക അനീതികളുടെയും ഇരുണ്ട കാലഘട്ടത്തിലാണ് വളർന്നത്. എന്നാൽ ആ സാഹചര്യങ്ങളെ വിധിയെന്നു കരുതി കീഴടങ്ങാതെ, മനുഷ്യന്റെ അവകാശങ്ങൾക്കുവേണ്ടി ധീരമായി പൊരുതാനാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം മുതൽ വിദ്യാഭ്യാസത്തിനുള്ള അവകാശം വരെ നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. വിദ്യാഭ്യാസം സാമൂഹിക മോചനത്തിന്റെ താക്കോലാണെന്ന് വിശ്വസിച്ച അദ്ദേഹം അധഃസ്ഥിതരുടെ കുട്ടികൾക്ക് വിദ്യാലയ പ്രവേശനം ഉറപ്പാക്കുന്നതിനായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. കർഷക തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളിലൂടെ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിനും അദ്ദേഹം അടിത്തറ പാകി.
1907-ൽ സ്ഥാപിച്ച സാധുജന പരിപാലന സംഘം പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ശക്തമായ സാമൂഹിക പ്രസ്ഥാനമായി മാറി. 1912 മുതൽ 1932 വരെശ്രീമൂലം പ്രജാസഭാംഗമായിതെരഞ്ഞെടുത്തു.അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.
മഹാത്മാ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ആദരവോടെ വിലയിരുത്തിയിരുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ മോചനത്തിനായി ജീവിതം സമർപ്പിച്ചതിനാലാണ് ജനങ്ങൾ അദ്ദേഹത്തെ “മഹാത്മാ” എന്ന് വിശേഷിപ്പിച്ചത്.
1941 ജൂൺ 18-ന് അദ്ദേഹം അന്തരിച്ചെങ്കിലും അദ്ദേഹം തെളിച്ച സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും മനുഷ്യസ്നേഹത്തിന്റെയും ദീപശിഖ ഇന്നും കേരള സമൂഹത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ 84-ാം സ്മൃതിദിനത്തിൽ മഹാത്മാ അയ്യൻകാളിയെ അനുസ്മരിക്കുമ്പോൾ, അത് ഒരു മഹാനായ സാമൂഹിക പരിഷ്കർത്താവിനെ മാത്രം സ്മരിക്കലല്ല; മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ചരിത്രപരമായ പോരാട്ടങ്ങളെ ആദരിക്കലുമാണ്.
സമത്വത്തിന്റെ പോരാളി, സാമൂഹിക നീതിയുടെ കാവൽക്കാരൻ, കേരള നവോത്ഥാനത്തിന്റെ മഹാനായകൻ മഹാത്മാ അയ്യൻകാളിക്ക് പ്രണാമം……………
2026-06-18
