മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്1 min read

തിരുവനന്തപുരം :മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. “തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ” എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ നിലപാടെന്നും പുതിയ ഡാം നിർമിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പോലും ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ, തമിഴ്‌നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തോട് കേരളത്തിന് പരിപൂർണ വിയോജിപ്പാണുള്ളതെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ കൃഷി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശനുമായി നേരിൽ കണ്ട് വിഷയം ചർച്ച ചെയ്തു. കേരള ജനതയുടെ സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുക എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട്.

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ പരിശോധിക്കുന്നതിനും ബേബി ഡാം ബലപ്പെടുത്തുന്നതിനും മുൻപ് സുപ്രീം കോടതി നൽകിയ നിർദേശങ്ങളിൽ തമിഴ്നാട് ഇതുവരെ നടപടിയെടുത്തിട്ടില്ല. 130 ലധികം വർഷം പഴക്കമുള്ള അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ ആശങ്കകളും ഗൗരവത്തോടെ നിലനിൽക്കുമ്പോൾ, സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് പോകുവാൻ ഇന്നത്തെ സാഹചര്യത്തിൽ ആർക്കും അവകാശമില്ല. സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധവും കേരളത്തിന്റെ താല്പര്യങ്ങൾക്കു നിരക്കാത്തതുമായ തമിഴ്‌നാടിന്റെ ഈ പ്രഖ്യാപനത്തോട് കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്താനും അഭിപ്രായ സമന്വയത്തോടെ പ്രശ്നം പരിഹരിക്കാനുമുള്ള പരിശ്രമങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ തുടരും.
വരും ദിവസങ്ങളിൽ സർക്കാർ തലത്തിൽ തുടർനടപടികൾ കൂടുതൽ ക്രമീകരിക്കും. കേരളത്തിന്റെ ഔദ്യോഗികമായ വിയോജിപ്പ് തമിഴ്നാട് സർക്കാരിനെ ഉടൻ അറിയിക്കും.

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട ഇൻഡിപെൻഡന്റ് എക്സ്പർട്ട് പാനലിലേക്ക് കേരളത്തോട് ആലോചിക്കാതെ പ്രതിനിധിയെ വച്ചതിൽ നേരത്തെ കേന്ദ്ര ജല കമ്മീഷനെ വിയോജിപ്പ് അറിയിച്ചിരുന്നു. കേന്ദ്രം അത് പരിഗണിക്കുകയും കേരളത്തിന് പുതിയ പ്രതിനിധിയെ നിർദ്ദേശിക്കാൻ അവസരം നൽകുകയും ചെയ്തു. അതനുസരിച്ച്, മുൻപ് ഒഡീഷ സർക്കാരിന്റെ സ്പെഷ്യൽ സെക്രട്ടറിയായും ചീഫ് എൻജിനീയറായും പ്രവർത്തിച്ചിട്ടുള്ള അശുതോഷ് ദാഷിന്റെ പേരാണ് കേരളം നിർദ്ദേശിച്ചത്. മുഖ്യമന്ത്രിയുമായും വകുപ്പുതലത്തിലും ആലോചിച്ച് നൽകിയ ഈ പേര് കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.