പ്രിയദർശിനി യാത്രാ പദ്ധതിയുടെ നൂറാം ദിവസം നാളെ , ജീവനക്കാർക്ക് മധുരം നൽകാൻ മന്ത്രി സി പി ജോൺ എത്തും1 min read

 

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നാളെ  രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും മധുരം വിതരണം ചെയ്യും. കെഎസ്ആർടിസിയുടെ മറ്റ് യൂണിറ്റുകളിലും ഇത്തരത്തിൽ പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും ആദരവ് നൽകും.

പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. ട്രാൻസ്പോർട്ട് സെക്രട്ടറി ശ്രീമതി റ്റി.വി. അനുപമ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിന ആഘോഷവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി അറിയിച്ചു.